Loading ...

Home International

വീണ്ടും റോക്കറ്റാക്രമണം

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ വീണ്ടും ബാഗ്ദാദിനടുത്തുള്ള സൈനികവിമാനത്താവളത്തിലേയ്ക്ക് റോക്കറ്റാക്രമണം. സഖ്യസേനയിലെ സൈനികരും യുഎസ് സൈന്യവും തമ്പടിച്ചിരുന്ന അല്‍ബലാദ് വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. ഇറാഖി വ്യോമസേനയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.അല്‍ബലാദ് വിമാനത്താവളത്തില്‍ ഇന്ത്യന്‍സമയം രാത്രി ഒമ്പതരയോടെയാണ് ആറ് റോക്കറ്റുകള്‍ പതിച്ചത്. ആറും കത്യുഷ റോക്കറ്റുകളാണെന്ന് സഖ്യസേന സ്ഥിരീകരിച്ചു. എഫ്16 പോര്‍വിമാനങ്ങളുടെ സര്‍വീസ് നടത്തുന്ന വിമാനത്താവളമാണ് അല്‍ബലാദ്. അമേരിക്കന്‍ സൈനികോദ്യോഗസ്ഥരുടെ പരിശീലകരും ഇവിടെയാണ് തങ്ങുന്നത്. വിമാനത്താവളത്തിന്റെ ഉള്ളിലുള്ള റെസ്‌റ്റോറന്റിന് മുകളില്‍ ഇതിലെ ഒരു റോക്കറ്റ് പതിച്ചതായും വിവരമുണ്ട്. ആരാണ് ആക്രമണം നടത്തിയതെന്നതില്‍ ഇനിയും വ്യക്തതയില്ല. ഇറാന്‍ സൈന്യം നേരിട്ടാണോ, അതോ ഇറാനോട് കൂറ് പുലര്‍ത്തുന്ന ഇറാഖിലെ സൈനികയുദ്ധഗ്രൂപ്പായ ഹഷെദ് അല്‍ഷാബിയാണോ ആക്രമണം നടത്തിയതെന്നതില്‍ വ്യക്തതക്കുറവുണ്ട്. ഇരുവിഭാഗവും റോക്കറ്റാക്രമണത്തെക്കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. ഇറാഖിലെ അല്‍അസദ്, ഇര്‍ബില്‍ എന്നീ സൈനികവിമാനത്താവളങ്ങളിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയിരുന്നു. ഇതില്‍ 80 അമേരിക്കന്‍ സൈനികരെ' വധിച്ചുവെന്നാണ് ഇറാന്‍ അവകാശപ്പെട്ടത്. എന്നാല്‍ ആദ്യം പെന്റഗണും പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ടും ഇക്കാര്യം നിഷേധിച്ചു. ഒരു മരണം പോലുമുണ്ടായിട്ടില്ലെന്നും, ഈ വിമാനത്താവളങ്ങളില്‍ നിന്ന് യുഎസ് സൈനികരെ നേരത്തേ മാറ്റിയിരുന്നുവെന്നും ട്രംപും അവകാശപ്പെട്ടു.


Related News