Loading ...

Home USA

ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍ ചര്‍ച്ച ചെയ്യാനുള്ള അഭ്യര്‍ത്ഥന യുഎസ് നിരസിച്ചു

വാഷിംഗ്ടണ്‍: ഇറാനും യു എസുമായുള്ള സംഘര്‍ഷത്തിന് അയവു വരുത്തണമെങ്കില്‍ ഇറാഖില്‍ നിന്ന് 5,200 യു എസ് സൈനികരെ പിന്‍‌വലിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന ഇറാഖിന്റെ ആവശ്യം അമേരിക്ക തള്ളി.ഇറാഖിന്‍റെ പരമാധികാരം ലംഘിക്കുകയും രാജ്യത്തെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്ത ആക്രമണത്തില്‍ പ്രകോപിതനായ ഇറാഖ് കെയര്‍ ടേക്കര്‍ പ്രധാനമന്ത്രി യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് പിന്‍വലിക്കല്‍ ക്രമീകരണങ്ങള്‍ ആരംഭിക്കാന്‍ ഒരു പ്രതിനിധിയെ ഇറാഖിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഉഭയകക്ഷി സംഭാഷണത്തിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറാണെന്നും സൈനികരെ പിന്‍‌വലിക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച വേണ്ടെന്നുമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രതികരണം.ശക്തമായ ഉപരോധത്തിലൂടെ ഇറാനെ പാഠം പഠിപ്പിക്കാന്‍ ട്രംപ് ശ്രമിക്കുന്നതിനിടെ ഇറാന്‍ പിന്തുണയുള്ള ഇറാഖ് ഷിയാ മിലിഷിയകള്‍ യുഎസ് സേനയ്ക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചു. ഇറാനെതിരായ തന്‍റെ നടപടികള്‍ക്ക് അന്താരാഷ്ട്ര പിന്തുണ നേടാന്‍ ശ്രമിക്കുന്ന ട്രംപ്, പശ്ചിമ രാജ്യങ്ങളുടെ സഖ്യമായ നാറ്റോയോട് മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.നാറ്റോയുടെ നേതൃത്വത്തില്‍ രണ്ട് പതിറ്റാണ്ടോളമായി അഫ്ഗാനിസ്ഥാനില്‍ തുടരുന്ന യുഎസ് സേനാ വിന്യാസം അവസാനിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ ഉത്തരവാദിത്വം പങ്കിടുന്നതിനെക്കുറിച്ച്‌ നാറ്റോ പ്രതിനിധി സംഘം വെള്ളിയാഴ്ച വാഷിംഗ്ടണില്‍ ചര്‍ച്ച നടത്തുകയാണെന്ന് പോംപിയോ പറഞ്ഞു.

Related News