Loading ...

Home National

ഈ വര്‍ഷം ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ പത്ത് മികച്ച ഇടങ്ങള്‍

1. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍

കാലാപാനി എന്നാണ് ഒരിക്കല്‍ ഈ ദ്വീപു സമൂഹം അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യക്കാരെ തടവില്‍ പാര്‍പ്പിക്കുവാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്ന പ്രദേശമായിരുന്നു ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍. തടവുകാരുടെ ചോര വീണു കറുത്തതിനാലാണത്രെ ആ പ്രദേശത്തിന് കാലാപാനി എന്ന പേര് ലഭിച്ചത്. വടക്കും തെക്കുമായുള്ള ആന്‍ഡമാന്‍ എന്നും നിക്കോബാര്‍ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്. വടക്കുഭാഗത്തുള്ള ആന്‍ഡമാന്‍ ദ്വീപുസമൂഹത്തില്‍ 204 ദ്വീപുകളാണുള്ളത്. ആന്‍ഡമാനിലെ മിക്ക ദ്വീപുകളും കൊടുങ്കാടുകളാണ്. ഈ ദ്വീപുകളിലെ പ്രധാന പ്രദേശങ്ങളെ വടക്കേ ആന്‍ഡമാന്‍, മദ്ധ്യ ആന്‍ഡമാന്‍, തെക്കന്‍ ആന്‍ഡമാന്‍ എന്നിങ്ങനെയുള്ള മൂന്നു ദ്വീപുകളായിട്ട് തിരിച്ചിരിക്കുകയാണ്. തെക്കുഭാഗത്തുള്ള നിക്കോബാര്‍ ദ്വീപുകള്‍ പത്തൊമ്ബത് ദ്വീപുകളുടെ സമൂഹമാണ്. ഈ ദ്വീപുകളില്‍ ഏഴ് എണ്ണത്തില്‍ മനുഷ്യവാസമില്ല. ഏറ്റവും തെക്കുഭാഗത്തുള്ള ഗ്രേറ്റ് നിക്കോബാര്‍ ആണ് ഏറ്റവും വലിയ ദ്വീപ്. 133 ചതുരശ്രമൈല്‍ ആണ് ഇതിന്റെ വിസ്തീര്‍ണ്ണം. മനോഹരമായ ബീച്ചുകള്‍, നിബിഡ വനങ്ങള്‍, സാഹസിക വാട്ടര്‍സ്പോര്‍ട്സ് പരിപാടികള്‍ക്കുള്ള അവസരം അങ്ങനെ മനോഹരമായ അനുഭവമായിരിക്കും ഈ ദ്വീപിലേക്കുള്ള യാത്ര.
2. ലക്ഷദ്വീപ്
ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തുനിന്നും കേരളത്തിന് പടിഞ്ഞാറ്, മാലദ്വീപുകള്‍ക്ക് വടക്കായി അറബിക്കടലിലുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും ചെറുതാണ്. 1956-ല്‍ രൂപംകൊണ്ട ഈ ദ്വീപ് സമൂഹത്തിന് 1973ലാണ് ലക്ഷദ്വീപെന്ന് നാമകരണം ചെയ്തത്. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഔദ്യോഗികമായി 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ലക്ഷദ്വീപ്. ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്. ഇതില്‍ ജനവാസമുള്ള ദ്വീപുകള്‍ അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്‌ലാത്, കടമത്ത്, കവരത്തി, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നിവയാണ്. കല്‍പ്പിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി(പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി(സബ് മെര്‍ജ്ട്) തുടങ്ങിയ ദ്വീപുകള്‍ ജനവാസമില്ലാത്തവയാണ്. വിദേശികളും സ്വദേശികളുമായ ഒട്ടേറെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ലക്ഷദ്വീപ്
3.തവാങ്
അരുണാചല്‍ പ്രദേശിലെ തവാങ് സഞ്ചാരികളുടെ സ്വപ്‌നയിടമാണ്, പ്രത്യേകിച്ച്‌ ബൈക്ക് റൈഡേഴ്‌സിന്റേത്. ഹിമാലയ പര്‍വതനിരകള്‍, വീതി കുറഞ്ഞ താഴ്വരകള്‍, ഇടതൂര്‍ന്ന വനങ്ങള്‍ എന്നിവയാണ് തവാങ് ഭൂപ്രകൃതിയുടെ സവിശേഷതകള്‍. വനങ്ങള്‍ സമ്ബദ്പ്രാധാന്യമുള്ള വൃക്ഷങ്ങള്‍ നിറഞ്ഞവയാണ്. തവാങ്ങിലേക്കുള്ള പല ഭാഗങ്ങളും വര്‍ഷം മുഴുവനും മഞ്ഞ് മൂടികിടക്കുന്ന പ്രദേശങ്ങളാണ്. ഭൂട്ടാനോടും ചൈനയുടെ അധീനതയിലുള്ള തിബറ്റിനോടും അതിര്‍ത്തി പങ്കുവയ്ക്കുന്ന തവാങ്ങില്‍ ബുദ്ധമതത്തിന് വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ പുരാതനബുദ്ധമഠങ്ങളുടെ പ്രധാന കേന്ദ്രമാണ് തവാങ്. തവാങിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഗിരിവര്‍ഗക്കാരാണ്. മോന്‍പ, ശേര്‍ദുക്പന്‍, അകാ, മിജി എന്നീ വിഭാഗങ്ങളാണ് കൂടുതലുള്ളത്. മോന്‍പ വിഭാഗത്തിന്റെ ലോസ്സര്‍ (Lossar), ജോമു (Jomu), ചോസ്‌കര്‍ (Chosker) തുടങ്ങിയ ഉത്സവങ്ങള്‍ പ്രസിദ്ധമാണ്.
4.ദിയു
ഗുജറാത്ത് സംസ്ഥാനത്തിനുള്ളില്‍ വരുന്ന ദമന്‍ എന്ന ചെറു പ്രദേശവും, ദിയു എന്ന ദ്വീപും അടങ്ങുന്ന കേന്ദ്രഭരണ പ്രദേശമാണ് ദമന്‍-ദിയു. ഗുജറാത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ദമന്‍ വടക്ക് ഭഗവാന്‍ നദിയാലും തെക്ക് കലെം നദിയാലും ചുറ്റപ്പെട്ടിരിക്കുന്നു. ദിയു എന്ന ചെറു ദ്വീപ് കാംബേ ഉള്‍ക്കടലില്‍ വേരാവല്‍ തുറമുഖത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.സൗരാഷ്ട്ര ബാരെണ്‍ തീരത്തുനിന്നും 8 മൈല്‍ ദൂരെയായി പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ ഒരു ചെറിയ ദ്വീപാണ് ദിയു. ദിയു എന്ന വാക്കിനര്‍ഥം തന്നെ ദ്വീപെന്നാണ്. എ.ഡി രണ്ടാം നൂറ്റാണ്ടു മുതല്‍ കൊങ്കണ്‍ വൈഷയയുടെ ഭാഗമായിരുന്നു ഇത്. അശോകന്റെ ശിലാ ശാസനങ്ങള്‍ ചിലത് ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.1535-ല്‍ പോര്‍ച്ചുഗീസുകാര്‍ ദ്വീപിന്റെ കിഴക്കന്‍ തുമ്ബത്ത് ഒരു കോട്ട പണിതു. 1538-ല്‍ ഈ കോട്ട തുര്‍ക്കികള്‍ ആക്രമിച്ചു. തുടര്‍ന്ന് 1546-ല്‍ ഗുജറാത്തില്‍ നിന്നും ആക്രമണം ഉണ്ടായെങ്കിലും ഇവയെയെല്ലാം പോര്‍ച്ചുഗീസുകാര്‍ വിജയകരമായി പ്രതിരോധിച്ചുധിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്ബ് 450 വര്‍ഷത്തിലേറെ ഇവിടം പോര്‍ച്ചുഗീസ് കോളനികളായിരുന്നു.ദീര്‍ഘകാല പോര്‍ച്ചഗീസ് അധീനതയിലായിരുന്ന ദമന്‍, ദിയു ഇന്ത്യയുടെ ഭാഗമായി പ്രഖ്യാപിക്കുന്നത് ഗോവയ്‌ക്കൊപ്പം 1961 ഡിസംബര്‍ 19 നാണ്. വിവിധ യുദ്ധങ്ങള്‍ക്ക് ദമന്‍ ,ദിയു സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, പോര്‍ച്ചുഗീസ്, മറാത്തി എന്നിവയാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകള്‍.സമ്ബന്നമായ ചരിത്രവും സമാധാനപൂര്‍ണമായ അന്തരീക്ഷവും ഉള്ള ദിയു ഗുജറാത്തിലെ സൗരാഷ്ട്ര അഥവാ കാത്തിയവാഡ് ഉപദ്വീപിന്റെ അറ്റത്ത് അറിബിക്കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ലയാണ് ഈ കേന്ദ്രഭരണ പ്രദേശം.ശാന്തവും സുന്ദരവുമായ കാലാവസ്ഥയാണ് ദിയുവിലേത്. വര്‍ഷം മുഴുവന്‍ തെളിഞ്ഞ കാലാവസ്ഥയുള്ള ദിയുവില്‍ സന്ദര്‍ശകര്‍ക്ക് ഇഷ്ടമുള്ള സമയത്ത് സന്ദര്‍ശനം നടത്താം. ദിയുവിലെ ബീച്ചുകളില്‍ സ്ഥിരമായി സന്ദര്‍ശകര്‍ എത്താറുണ്ട്. മനോഹരമായ വാസ്തുവിദ്യ, വൃത്തിയുള്ള അന്തരീക്ഷം, ഭംഗിയുള്ള ബീച്ചുകള്‍ എന്നിവ ദമനെയും ദിയുവിനെയും വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളായി മാറ്റുന്നു.
5.റാന്‍ ഓഫ് കച്ച്‌
ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടങ്ങളിലൊന്നാണ് റാന്‍ ഓഫ് കച്ച്‌. ഗുജറാത്തിന്റെ വടക്ക്- പടിഞ്ഞാറില്‍ പകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന കിടക്കുന്ന റാന്‍ ഓഫ് കച്ചിന്റെ ഒരു ഭാഗം പാക് പ്രവിശ്യയായ സിന്ധിലാണ്. പകല്‍ സമയത്ത് കത്തുന്ന വെയിലില്‍ കണ്ണിഞ്ചിപ്പിക്കുന്ന കച്ചിലെ ഉപ്പുപാടങ്ങള്‍, സൂര്യസ്തമയ സമയത്ത് വര്‍ണ വിസ്മയം തീര്‍ക്കും. ശിശിരകാലത്തിലെ പൗര്‍ണമി രാത്രിയില്‍ തെളിഞ്ഞ ആകാശവും നോക്കിയുള്ള ഒരു റൈഡ് നടത്തിയാല്‍ ഒരു പക്ഷെ നിങ്ങള്‍ ജീവിതാവസാനം വരെയും മറക്കാത്ത ഒരു അനുഭവമായിരിക്കും. റാന്‍ ഓഫ് കച്ചില്‍ പ്രതാപകാലത്തെ ശേഷിപ്പുകളും കാണാനുണ്ട്. പുരാതനകാലത്ത് അറബിക്കടല്‍ റാന്‍ പ്രദേശത്തേക്ക് കയറി ഒരു ഉള്‍ക്കടല്‍ നിലനിന്നിരുന്നു. നദീജലത്തിലൂടെ അടിഞ്ഞു കൂടിയ മണ്ണ് മൂടി ഈ പ്രദേശം ചതുപ്പുനിലമായി മാറ്റുകയും ചെയ്തു. തുറമുഖ നഗരങ്ങള്‍ നിലനിന്നിരുന്ന പഴയ തീരത്ത് ഇപ്പോള്‍ ചതുപ്പുകളാണ്. ആ നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ ചതിപ്പുകളില്‍ ഇന്നും തെളിഞ്ഞ് കാണാന്‍ സാധിക്കും. പ്രസിദ്ധമായ റാന്‍ ഉത്സവവും ഡിസംബര്‍ മാസത്തിലാണ് അരങ്ങേറുന്നത്. ടൂവീലര്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട രാത്രി പാതയാണ് റാന്‍ ഓഫ് കച്ചിലേത്. 6.മേഘാലയ
ഇന്ത്യയുടെ ടക്ക് - കിഴക്കന്‍ സംസ്ഥാനമായ മേഘാലയ എല്ലാ സീസണിലും സഞ്ചാരികളുടെ പ്രിയ ഇടമാണ്. മണ്‍സൂണ്‍ കാലത്താണ് മേഘാലയയില്‍ സഞ്ചാരികള്‍ കൂടുതല്‍ എത്തുന്നത്. എന്നാല്‍ ശൈത്യ കാലത്തെ മേഘാലയ കണ്ടിട്ടുണ്ടോ? മറ്റോരു ഭംഗിയാണ് ഡിസംബര്‍ ജനുവരി മാസങ്ങളില്‍ മേഘാലയില്‍ എത്തുവര്‍ക്കായി പ്രകൃതി കാത്തുവച്ചിരിക്കുന്നത്. മേഘാലയയിലെ മിക്കയിടങ്ങളും ഉയര്‍ന്ന കുന്നുകളും, ഇടുങ്ങിയ താഴ്വരകളും, ഉള്ള പ്രദേശമാണ്. വെള്ളച്ചാട്ടങ്ങളും ഗുഹകളും അരുവികളും ഒക്കെ മഞ്ഞിന്റെ അകമ്ബടിയോടെ ആസ്വാദിക്കാനുള്ള അവസരമാണിത്. പ്രകൃതിയുടെ തന്നെ നിര്‍മിതികലും നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. ചിറാപുഞ്ചി, മൗസിന്റം, ഉമിയാം തടാകം, കില്ലോംഗ് പാറക്കെട്ട്, റ്റൂറ -കുന്നിന്‍ പ്രദേശം, ജോവല്‍ -ചുടു നീരുറവ തടാകം, ഷില്ലോംഗ് തുടങ്ങിയവ അത്തരത്തിലുള്ള മേഘാലയയിലെ ചില പ്രദേശങ്ങള്‍ മാത്രമാണ്. ട്രംക്കിംഗിന് താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള ഇടങ്ങളും മേഘാലയയിലുണ്ട്.
7. ലേ - ലഡാക്ക്
ഇന്ത്യയുടെ വടക്കേ അതിര്‍ത്തി കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്ക്. നേരത്തെ ജമ്മു-കാശ്മീരില്‍ ഉള്‍പ്പെട്ടിരുന്ന ലഡാക്ക് അടുത്ത കാലത്താണ് കേന്ദ്രഭരണപ്രദേശമായത്. ലേ,കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമാണു ലഡാക്ക്. സില്‍ക്ക് റൂട്ടുകളുടെ ഭാഗമായിരുന്നു ലഡാക്കിലെ പ്രദേശങ്ങള്‍. അതുകൊണ്ട് തന്നെയാണ് തിബറ്റന്‍ ഭാഷയില്‍ 'ഉയര്‍ന്ന പാതകളുടെ ഭൂമി' എന്നര്‍ത്ഥം വരുന്ന 'ലഡാക്ക്' എന്ന പേര് ഈ പ്രദേശത്ത് ലഭിക്കാന്‍ കാരണമായത്. വടക്ക് കുണ്‍ലൂന്‍ മലനിരകള്‍ക്കും തെക്ക് ഹിമാലയപര്‍വ്വതനിരകള്‍ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ലഡാക്ക്. അതിര്‍ത്തിക്കപ്പുറം തിബറ്റും ചൈനയുമാണ്. ഇന്തോ-ആര്യന്‍, തിബറ്റന്‍ വംശജരാണ് ഇവിടത്തെ നിവാസികള്‍. ബഹുഭൂരിപക്ഷവു ബുദ്ധമതക്കാരായ ഇവിടെ മുസ്ലിം, ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ വിശ്വാസികളുമുണ്ട്. ഹിമാലയന്‍ രാജ്യമായ ലഡാക്കിന്റെ തലസ്ഥാനമായിരുന്നു ലേ. സമുദ്ര നിരപ്പില്‍ നിന്നും 11,483 അടി (3,500 മീ.) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലേയില്‍ രു രാജവംശവും അവരുടെ കൊട്ടാരവുമുണ്ട്. 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെംഗ്ഗെ നംഗ്യാല്‍ രാജാവാണ് ഇവിടുത്തെ ലേ കൊട്ടാരം പണിതത്. ഇവിടെയാണ് രാജ പരിവാരങ്ങള്‍ താമസിച്ചിരുന്നത്. പിന്നീട് ഈ കൊട്ടാരം 19ാം നൂറ്റാണ്ടില്‍ കാശ്മീരി സേനകള്‍ പിടിച്ചെടുത്തു. രാജ പരിവാരങ്ങളുടെ ഇപ്പോഴത്തെ താമസയിടമായ സ്റ്റോക് കൊട്ടാരത്തിലേക്ക് മാറുകയും ചെയ്തു. ലേയിലേക്കുള്ള 434 കി.മീ നീളമുള്ള ശ്രീനഗര്‍- ലേ ദേശീയ പാതയും, 473 കി.മീ നീളമുള്ള മണാലി - ലേ ദേശീയ പാതയും ബൈക്ക് യാത്രികരുടെയും സഞ്ചാരികളുടെ സ്വപ്ന പാതയാണ്. രണ്ട് പാതകളും കാലാവസ്ഥ പ്രശ്നങ്ങള്‍ കൊണ്ട് വര്‍ഷത്തില്‍ കുറഞ്ഞ കാലം മാത്രമെ തുറക്കാറുള്ളു. 8.കാശ്മീര്‍
കാശ്മീരിനെ കുറിച്ച്‌ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാംഗീര്‍ പറയുന്നത് ''ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്'' എന്നാണ്. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാശ്മീരിന്റെ കാര്യത്തില്‍ ഇത് സത്യമാണ്. ഇന്ത്യയിലെ പത്ത് സ്ഥലങ്ങള്‍ എടുത്താല്‍ അതില്‍ എപ്പോഴും പ്രകൃതിസൗന്ദര്യം കൊണ്ട് സ്വര്‍ഗമായ കാശ്മീര്‍ മുന്നിലായിരിക്കും. കാശ്മീരിലെ പ്രധാന ആകര്‍ഷണങ്ങള്‍: ജമ്മു സിറ്റി, ശ്രീനഗര്‍, ലേ, ഗുല്‍മാര്‍ഗ്, കുപ്വാര, ദോഡ, പുല്‍വാമ, പഹല്‍ഗം എന്നിവയാണ്. ദാല്‍ തടാകത്തില്‍ ഒരു ഷിക്കാര റൈഡ് നടത്താം, സന്‍സ്‌കാര്‍ നിരകളിലൂടെ ട്രെക്കിംഗ്, ലഡാക്കിലേക്കൊരു മൗണ്ടന്‍ ബൈക്കിംഗ്, ഗുല്‍മാര്‍ഗില്‍ സ്‌കൈയിംഗ് ആസ്വദിക്കാം. ഏപ്രിലിലാണ് സഞ്ചാരത്തിന് പറ്റിയ സമയം. പക്ഷേ ഏത് സമയത്തും മഴ പെയ്യാവുന്നതാണ്. ഏപ്രിലില്‍ ശാരാശി താപനില 14 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. 9.വാരാണാസി
ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് വാരാണസി (ബനാറസ്). ഉത്തര്‍ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ തീരത്താണ് അതിമനോഹരമായ ഈ പുരാതന ക്ഷേത്രനഗരം സ്ഥിതി ചെയ്യുന്നത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് വാരാണസി (ബനാറസ്). ഉത്തര്‍ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ തീരത്താണ് അതിമനോഹരമായ ഈ ചരിത്ര നഗരം സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ പാതകളിലൂടെ തിക്കിലും തിരക്കിലൂടെയും നടക്കുന്നത് ആദ്യം നിങ്ങളെ മടുപ്പിക്കും. എന്നാല്‍, ഇവിടുത്തെ ചില സ്ഥലങ്ങളും പ്രത്യേകതകളും നിങ്ങളെ തളര്‍ത്തില്ല. ബനാറസി കൈത്തറി സാരികള്‍, കാര്‍പെറ്റുകള്‍, ആഭരണങ്ങള്‍, രുചിയേറിയ മലൈയോ, ബനാറസി പാന്‍, പുണ്യനദിയുടെ തീരത്തിരുന്ന സൂര്യാസ്തമയ കാഴ്ച തുടങ്ങിയവയാണ് സഞ്ചാരികള്‍ക്ക് വാരാണസിയില്‍ ലഭിക്കുന്നത്. വാരാണസിയുടെ മറ്റൊരു പേരാണ് കാശി. ഇവിടെ നിരവധി ക്ഷേത്രങ്ങളാണുള്ളത്. ഗംഗാ നദിയുടെ തീരത്തു തന്നെ ചരിത്ര പ്രസിദ്ധമായ കുറേ ക്ഷേത്രങ്ങളുണ്ട്. നാഗര ശൈലിയിലുള്ള ക്ഷേത്രങ്ങളും കാണാം. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഗോള്‍ഡന്‍ ടെംപിളും ദുര്‍ഗ ക്ഷേത്രവും ആണ് മറ്റ് പ്രധാന ക്ഷേത്രങ്ങള്‍. ഇവിടുത്തെ തിരക്കില്‍ നിന്നും മാറി കുറച്ചു ശാന്തവും സമാധാനവുമായി യാത്ര ചെയ്യാനാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ സാരാനാഥിലേക്ക് പോകാം. വാരണാസിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് സാര്‍നാഥ് സ്ഥിതി ചെയ്യുന്നത്. ശ്രീബുദ്ധന്‍ ആദ്യമായി ധര്‍മ്മപ്രഭാഷണം അരുള്‍ചെയ്തത് സാരാനാഥില്‍ വെച്ചായിരുന്നു. മനോഹരമായ സ്തൂപങ്ങളും ക്ഷത്രങ്ങളും ഇവിടെയുണ്ട്. രാംനഗര്‍ കോട്ടയും വാരാണാസിക്കടുത്താണ്. ഗംഗാ നദിയുടെയും കടവുകളുടെയും മനോഹരമായ കാഴ്ച നല്‍കുന്ന മുഗള്‍ ശൈലിയിലുള്ള കോട്ടയാണ് രാംനഗര്‍ കോട്ട. 1750-ല്‍ രാജ ബല്‍വന്ത് സിംഗ് ആണ് ഇത് നിര്‍മ്മിച്ചത്. മണല്‍ക്കല്ലുകള്‍ കൊണ്ടാണ് ഇത് പണിതത്. നഗരത്തില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.',
10. ജയ്സാല്‍മിര്‍ കോട്ട
പടിഞ്ഞാറന്‍ രാജസ്ഥാനില്‍ ഥാര്‍ മരുഭൂമിക്ക് സമീപമുള്ള മരുഭൂമി നഗരമാണ് ജയ്സാല്‍മിര്‍. സ്വര്‍ണ്ണ നഗരി എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ജയ്‌സാല്‍മീര്‍ ലസ്ഥാനമായ നഗരിയായ യ്പൂരില്‍ നിന്ന് 575 കിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ് സ്ഥിതി ചെയ്യുന്നത്.

Related News