Loading ...

Home National

രൂപ-ഡോളര്‍ വിനിമയ നിരക്ക്: ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചു, രൂപയുടെ മൂല്യത്തില്‍ ഇടിവ്

യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങളെച്ചൊല്ലി വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത്. തിങ്കളാഴ്ച വ്യാപാരത്തില്‍ തുടക്കത്തില്‍ രൂപയുടെ മൂല്യം 31 പൈസ കുറഞ്ഞ് 72.11 ആയി. സൈനിക മേധാവി കാസെം സൊലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ഇറാന്‍ ശ്രമിച്ചാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് രൂപയുടെ മൂല്യം ഇന്ന് കുത്തനെ ഇടിഞ്ഞത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവ് അമേരിക്കയും ഇറാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ കാരണമാണെന്ന് ഫോറെക്സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ 72.03 എന്ന നിലയില്‍ ദുര്‍ബലമായ നിലയില്‍ തുറന്ന വിപണിയില്‍ രൂപ യുഎസ് ഡോളറിനെതിരെ 72.11 ലേക്ക് ഇടിഞ്ഞു. മുന്‍ ക്ലോസിംഗിനെ അപേക്ഷിച്ച്‌ 31 പൈസ കുറവാണിത്. യുഎസ് ഡോളറിനെതിരെ വെള്ളിയാഴ്ച 71.80 രൂപയായി കുറഞ്ഞിരുന്നു. യുഎസ് സൈനികരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചാല്‍ ഇറാഖിന്മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ആഗോള മാനദണ്ഡമായ ബ്രെന്‍റ് ക്രൂഡ് ഓയില്‍ ബാരലിന് 70.59 യുഎസ് ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 2.90 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഹരി വിപണിയിലും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Related News