Loading ...

Home National

നവംബറില്‍ മാത്രം 300 കര്‍ഷകര്‍ മഹാരാഷ്‌ട്രയില്‍ ആത്മഹത്യ ചെയ്‌തു; 70 ശതമാനം വിളകളും നശിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ ഒരു മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 300 കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇത്രയും കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തത്. നാല് വര്‍ഷത്തിന് ശേഷമാണ് മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യകള്‍ ഇത്രയും കൂടിയ നിലയിലെത്തിയത്.2015ലാണ് ഇതിനു മുന്‍പ് വലിയ പ്രതിസന്ധികളെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്. ആ വര്‍ഷം പല മാസങ്ങളിലും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 300 കടന്നിരുന്നു. ഒക്‌ടോബറില്‍ പ്രതീക്ഷിക്കാതെ പെയ്ത മഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടമായിരുന്നു വരുത്തിവെച്ചത്. ശീതകാലകൃഷിയിറക്കിയതില്‍ 70 ശതമാനം വിളകളും നശിച്ചുപോയിരുന്നു. ഇതാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചത്. റവന്യൂ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒക്‌ടോബറില്‍ 186 ഉം നവംബറില്‍ 114ഉം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ മറാത്തവാഡ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ മരിച്ചത്. 120 കര്‍ഷകരാണ് സ്വയം ജീവനൊടുക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്ന വിദര്‍ഭയില്‍ നവംബറില്‍ 112 പേരുടെ ജീവനാണ് പൊലിഞ്ഞത്. 2019 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലായി സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത ആകെ കര്‍ഷകരുടെ എണ്ണം 2532 ആണ്. 2018ല്‍ ഇത് 2518 ആയിരുന്നു.
                 രാജ്യം ഇതുവരെ കാണാത്ത അധികാര വടംവലിക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും മഹാരാഷ്ട്ര വേദിയായ മാസം കൂടിയായിരുന്നു ഒക്‌ടോബര്‍ - നവംബര്‍ വരെയുള്ള സമയങ്ങള്‍. അപ്രതീക്ഷിത മഴ പ്രതികൂലമായി ബാധിച്ചത് ഒരു കോടിയോളം കര്‍ഷകരെയാണ്. ഇത് സംസ്ഥാനത്തെ മൊത്തം കര്‍ഷകരുടെ മൂന്നിലൊന്ന് വരും. ഇതില്‍ തന്നെ 44 ലക്ഷം പേരും മറാത്തവാഡ പ്രദേശത്തിലുള്ളവരാണ്.
               കഴിഞ്ഞ വര്‍ഷത്തെ എല്ലാ സീസണിലും കൃഷിക്ക് ഒട്ടും അനുകൂലമല്ലാത്ത അവസ്ഥയിലായിരുന്നു കാലാവസ്ഥ. മറാത്തവാഡ പ്രദേശത്ത ആവശ്യത്തിന് മഴയില്ലാതെയാണ് മണ്‍സൂണ്‍ കടന്നുപോയത്. പക്ഷെ മറ്റു ഭാഗങ്ങളില്‍ ജൂലൈ - ആഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നാല് ലക്ഷം ഹെക്ടര്‍ വിളകളാണ് നശിച്ചുപോയത്. പിന്നീട് ശീതകാല കൃഷി ആരംഭിച്ചപ്പോഴേക്കും അപ്രതീക്ഷിതമായ പെയ്ത മഴ 93 ലക്ഷം ഹെക്ടര്‍ വിളകളെയാണ് ബാധിച്ചത്.

Related News