Loading ...

Home sports

മുന്നില്‍ മൂന്ന് കനത്ത വെല്ലുവിളികള്‍; ജനുവരി തീരുമാനിക്കും ലിവര്‍പൂളിന്റെ ഭാ​വി

പതിമൂന്ന് പോയിന്റ് ലീഡുമായി ഇം​ഗ്ലീഷ് പ്രിമിയര്‍ ലീ​ഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് ലിവര്‍പൂള്‍. ലീ​ഗ് സീസണില്‍ ഇതുവരെ ലിവര്‍പൂള്‍ തോല്‍വിയറിഞ്ഞിട്ടുമില്ല. ഈ സാഹചര്യങ്ങളൊക്കെ കണക്കുകൂട്ടി, ആദ്യ പ്രീമിയര്‍ ലീ​ഗ് കിരീടം ചൂടി ചെമ്ബട ചരിത്രം കുറിയ്ക്കുമെന്ന് വിശ്വസിക്കുകയാണ് ആരാധകര്‍. സാധാരണ ​ഗതിയില്‍ ലീ​ഗ് പകുതിയാകുമ്ബോള്‍ 13 പോയിന്റ് ലീഡ് എന്നത് വളരെ വലുതാണ്. മറ്റ് ഏത് ക്ലബാണെങ്കിലും കിരീടമുറപ്പിച്ചു കഴിഞ്ഞു എന്ന സാഹചര്യം. പക്ഷെ വന്‍ ലീഡ് കൈവിട്ട് കിരീടം നഷ്ടമാക്കിയ ചരിത്രം ലിവര്‍പൂളിനുള്ളതിനാല്‍, ആഘോഷം തുടങ്ങാന്‍ ഇപ്പോഴും പലരും മടിച്ചുനില്‍ക്കുകയാണ്. എന്നാല്‍ ജനുവരി മാസം കഴിയുന്നതോടെ ലീ​ഗില്‍ ചെമ്ബടയുടെ ഭാവി എന്തെന്ന് വ്യക്തമായേക്കും. പ്രീമിയര്‍ ലീ​ഗില്‍ ഈ മാസം ലിവര്‍പൂളിന് ഇനി ബാക്കിയുള്ളത് നാല് മത്സരങ്ങളാണ്. ഇതില്‍ ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ ഒരുപക്ഷെ ലിവര്‍പൂളിന്റെ വിധി നിശ്ചയിക്കും. കാരണം കാത്തിരിക്കുന്ന മൂന്നും കനത്ത വെല്ലുവിളികള്‍ തന്നെ. ടോട്ടനം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വോള്‍വറാംപ്ടന്‍ എന്നിവരാണ് ചെമ്ബടയുടെ ആദ്യ മൂന്ന് എതിരാളികള്‍ ജനുവരി പതിനൊന്നിനാണ് ടോട്ടനത്തിനെതിരായ മത്സരം. അതും അവരുടെ ​ഗ്രൗണ്ടില്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരം ജയിച്ച ലിവര്‍പൂളിന് എവേ ​ഗ്രൗണ്ടില്‍ നേരിടേണ്ടത് ഹോസെ മൗറീന്യോ എന്ന തന്ത്രജ്ഞനെ കൂടിയാണ്. യുണൈറ്റഡിനെതിരായ മത്സരം ജനുവരി 19-നാണ്. ആന്‍ഫീല്‍ഡിലാണ് ഈ മത്സരമെന്നത് ലിവര്‍പൂളിന് ആശ്വസമാണ്. യുണൈറ്റഡ് ലീ​ഗില്‍ അത്ര നല്ല ഫോമിലല്ലെങ്കിലും ഇതുവരെ ടോപ് ക്ലബുകളെ നേരിട്ടപ്പോഴൊക്കെ മിന്നുന്ന ഫോമിലായിരുന്നു. ഈ സീസണില്‍ ലിവര്‍പൂളിന് തോല്‍പ്പിക്കാന്‍ സാധിക്കാതിരുന്ന ഏക ടീം യുണൈറ്റഡാണ്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ആ മത്സരം സമനിലയായിരുന്നു. 24-ാം തിയതിയാണ് വോള്‍വ്സുമായുള്ള മത്സരം. അതും എവേ ​ഗ്രൗണ്ടില്‍. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ ആന്‍ഫീല്‍ഡില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ​ഗോളിന് ലിവര്‍പൂള്‍ ജയിച്ചിരുന്നു. എന്നാല്‍ അന്ന് ലിവര്‍പൂളിനെ വിറപ്പിച്ച ചെന്നായക്കൂട്ടം സ്വന്തം ​ഗ്രൗണ്ടിലെത്തുമ്ബോള്‍ അത്ഭുതം കാട്ടുമോയെന്ന ആകാംഷയിലാണ് ആരാധകര്‍. 30-ന് വെസ്റ്റ് ഹാമിനെതിരെയാണ് ലിവര്‍പൂളിന്റെ മാസത്തിലെ അവസാന മത്സരം. അതും എവേ തന്നെ കടുത്ത വെല്ലുവിളിയാണ് ക്ലോപ്പിനെ കാത്തിരിക്കുന്നത്. നിലവിലെ ലീഡ് പ്രകാരം ഈ മൂന്ന് മത്സരങ്ങള്‍ തോറ്റാല്‍ പോലും ലിവര്‍പൂളിന് പ്രശ്നമല്ല. പക്ഷെ ക്ലോപ്പിന്റേയും സംഘത്തിന്റേയും ലക്ഷ്യം അതല്ല. മൂന്ന് കടുത്ത വെല്ലുവളികളേയും അതിജീവിച്ച്‌ പരമാവധി പോയിന്റ് സ്വന്തമാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. അതിന് സാധിച്ചാല്‍ ലിവര്‍പൂള്‍ ആരാധകര്‍ക്ക് ധൈര്യമായ് പറയാം. ദിസ് ഇയര്‍ ഈസ് അവേഴ്സ്

Related News