Loading ...

Home Education

ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ പ്രാദേശിക ഭാഷകളില്‍ ആരംഭിച്ചേക്കും

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ പ്രാദേശിക ഭാഷകളില്‍ ആരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദേശം പുതിയ വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന 22 പ്രാദേശിക ഭാഷകളില്‍ വിവിധ കോഴ്സുകള്‍ നടത്തുന്നതിനെക്കുറിച്ചാണ് ഉന്നതതലത്തില്‍ ചര്‍ച്ചനടക്കുന്നത്. സാങ്കേതിക കോഴ്സുകളും ഇതില്‍ ഉള്‍പ്പെടും. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യക്കുറവുമൂലം ഒട്ടേറെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ പൂര്‍ത്തിയാക്കാത്തതു പരിഗണിച്ചാണ് മാനവശേഷി മന്ത്രാലയത്തിന്റെ നീക്കം. പ്രാദേശികഭാഷകള്‍ പഠനമാധ്യമമായുള്ള സ്‌കൂളുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠനമാധ്യമമായുള്ള സ്‌കൂളുകളിലെ കുട്ടികളെ അപേക്ഷിച്ച്‌ ഉന്നത കോഴ്സുകളില്‍ പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്നതും വിലയിരുത്തിയാണ് നടപടി. സാധ്യമാകുന്നിടത്തെല്ലാം ഉന്നതവിദ്യാഭ്യാസത്തിനുള്ള പഠനമാധ്യമം മാതൃഭാഷയാക്കാനാണ് ആലോചന നടക്കുന്നത്. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. മാതൃഭാഷ പഠനമാധ്യമമായുള്ള ഉന്നതവിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഫണ്ടും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാരുകള്‍ ലഭ്യമാക്കണമെന്നുമാണ് നിര്‍ദേശം. കരട് വിദ്യാഭ്യാസ നയത്തില്‍ ഇതിനകംതന്നെ പലതവണ തിരുത്തലുകള്‍ വരുത്തിക്കഴിഞ്ഞു. ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി ഹിന്ദി അടിച്ചേല്‍പ്പിക്കാനൊരുങ്ങുന്നത് വിവാദമായതോടെ കരട് നയത്തില്‍ മാനവശേഷി മന്ത്രാലയം തിരുത്തല്‍ വരുത്തിയിരുന്നു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ ഒഴിവാക്കിയാണ് മാറ്റം വരുത്തിയത്.

Related News