Loading ...

Home Education

ഹോട്ടല്‍ മാനേജ്‌മെന്റ്‌ ജെഇഇക്ക്‌ അപേക്ഷിക്കാം

തിരുവനന്തപുരം: സങ്കീര്‍ണ പഠനവിഷയങ്ങളില്ലാതെ മികച്ച തൊഴിലവസരത്തിന്‌ വഴിയൊരുക്കുന്ന ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സുകളില്‍ പ്രവേശനം നേടാനുള്ള പരീക്ഷയ്‌ക്ക്‌ പ്ലസ്‌ ടുക്കാര്‍ക്ക്‌ ഇപ്പോള്‍ അപേക്‌ഷിക്കാം. വിനോദസഞ്ചാര, അതിഥി സല്‍ക്കാരമേഖലകളില്‍ തൊഴിലവസരം ലഭിക്കുന്ന ബിഎസ്‌സി ഹോസ്‌പിറ്റാലിറ്റി ആന്‍ഡ്‌ ഹോട്ടല്‍ അഡ്‌മിനിസ്‌ട്രേഷന്‍ പ്രോഗ്രാം പ്രവേശനത്തിനുള്ള സംയുക്ത പ്രവേശനപരീക്ഷയ്‌ക്ക്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. രാജ്യത്തെ 73 അംഗീകൃത ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നടത്തുന്ന 2020ലെ 'ബിഎസ്‌സി എച്ച്‌എച്ച്‌എ' കോഴ്‌സിലേക്കുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ (എന്‍സിഎച്ച്‌എം--ജെഇഇ 2020) നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഏപ്രില്‍ 25ന് ദേശീയ തലത്തില്‍ നടത്തും. മാര്‍ച്ച്‌ 20 വരെ അപേക്ഷ സമര്‍പ്പിക്കാം.
തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ഗോവ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവ പരീക്ഷാകേന്ദ്രങ്ങളില്‍പ്പെടും. ആറ് സെമസ്റ്ററുകളായുള്ള മൂന്നു വര്‍ഷത്തെ ഈ റഗുലര്‍ കോഴ്‌സിലൂടെ അതിഥി സല്‍ക്കാരവും ഹോട്ടല്‍ ഭരണനിര്‍വഹണവും പഠിക്കാം.
ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ വ്യവസായ മേഖലയ്ക്കാവശ്യമായ മികച്ച എക്‌സിക്യൂട്ടീവ്/മാനേജര്‍മാരെ വാര്‍ത്തെടുക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. ന്യൂമെറിക്കല്‍ എബിലിറ്റി ആന്‍ഡ്‌ അനലിറ്റിക്കല്‍ ആപ്ടിട്യൂഡ്, റീസണിങ് ആന്‍ഡ്‌ ലോജിക്കല്‍ ഡിഡക്‌ഷന്‍, ജനറല്‍ നോളഡ്ജ് ആന്‍ഡ്‌ കറന്റ് അഫയേഴ്‌സ്, ഇംഗ്ലീഷ് ലാംഗ്വോജ് ആപ്ടിട്യൂഡ് ഫോര്‍ സര്‍വീസ് സെക്ടര്‍ എന്നിവയില്‍ അറിവ് പരിശോധിക്കുന്ന ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള 200 ചോദ്യങ്ങളുണ്ടാകും. മൂന്നു മണിക്കൂര്‍ അനുവദിക്കും. കോഴ്‌സിന്റെ നിയന്ത്രണം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റിനാണ്.കേന്ദ്ര സര്‍ക്കാരിന് കീഴില്‍ 21 ഉം വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ 26ഉം പൊതുമേഖലയില്‍ ഒന്നും സ്വകാര്യമേഖലയില്‍ 25ഉം ഇന്‍സ്റ്റിറ്റ്യൂട്ടാണുള്ളത്. ആകെ ഒമ്ബതിനായിരത്തോളം സീറ്റിലാണ് പ്രവേശനം. യോഗ്യത
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്‌ പ്ലസ്ടു/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും 2020ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
പഠനവിഷയങ്ങള്‍
ഫുഡ് പ്രൊഡക്‌ഷന്‍ മാനേജ്‌മെന്റ്, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, അക്കോമഡേഷന്‍ മാനേജ്‌മെന്റ് എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്. ഫുഡ് പ്രൊഡക്‌ഷന്‍, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹൗസ് കീപ്പിങ്, ഹോട്ടല്‍ അക്കൗണ്ടന്‍സി, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി, ഹ്യൂമെന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫെസിലിറ്റി പ്ലാനിങ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ്, ടൂറിസം മാര്‍ക്കറ്റിങ്, ടൂറിസം മാനേജ്‌മെന്റ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. തിയറിയും പ്രാക്ടിക്കലുമുണ്ടാകും. ആറ് സെമസ്റ്ററായുള്ള മൂന്നു വര്‍ഷത്തെ റഗുലര്‍ കോഴ്‌സാണിത്. നിലവില്‍ മൂന്നു ലക്ഷത്തോളമാണ് കോഴ്‌സ് ഫീസ്. നിരക്കില്‍ മാറ്റങ്ങളുണ്ടാകാം.
തൊഴില്‍സാധ്യത
പഠിച്ചിറങ്ങുന്നവര്‍ക്ക് വിപുലമായ തൊഴില്‍ മേഖലകളാണുള്ളത്. നക്ഷത്ര ഹോട്ടലുകള്‍/അനുബന്ധ ഹോസ്പിറ്റാലിറ്റി വ്യവസായമേഖലയില്‍ മാനേജ്‌മെന്റ്/എക്‌സിക്യൂട്ടീവ് ട്രെയ്‌നിയായും ആശുപത്രികള്‍, കപ്പലുകള്‍, എയര്‍ലൈനുകള്‍, വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങിയവയിലും അവസരങ്ങള്‍ ലഭിക്കും. തിയറി പഠനത്തേക്കാള്‍ മുന്‍തൂക്കം പ്രാക്ടിക്കലിനാണ്. ഫ്രണ്ട് ഓ‌ഫിസ്, ഫുഡ് പ്രൊഡക്‌ഷന്‍, ഹൗസ് കീപ്പിങ്, ഫുഡ് ആന്‍ഡ്‌ ബവ്‌റിജസ് സര്‍വീസ്, പ്രിസര്‍വേഷന്‍, ഹൈജീന്‍ ആന്‍ഡ്‌ സാനിറ്റേഷന്‍ എന്നിവയ്ക്കു പുറമെ ഈ പ്രൊഫഷന് അത്യാവശ്യം വേണ്ട അതിലളിതമായ എന്‍ജിനിയറിങ്, അക്കൗണ്ടിങ്, മാനേജ്മെന്റ് എന്നിവയും പഠിക്കാനുണ്ട്.
ആശയവിനിമയശേഷിയടക്കമുള്ള വ്യക്തിത്വവികസന പാഠങ്ങളുമുണ്ടാകും. വെബ്‌സൈറ്റിലൂടെ മാര്‍ച്ച്‌ 20നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ്‌ 21വരെ
അടയ്‌ക്കാം. അപേക്ഷിക്കാനും വിവരങ്ങള്‍ക്കും http://nchm.nic.in

Related News