Loading ...

Home International

ഈ നഗരത്തില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ പൂച്ചകളാണ്!! ജനങ്ങള്‍ മരിച്ചുവീണു,ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു

ദമസ്‌കസ്: വളരെ വ്യത്യസ്തമായ ഒരു നഗരത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലുള്ള കഫ്‌റ നബീല്‍... ഇവിടെ മനുഷ്യരേക്കാള്‍ കൂടുതല്‍ ഇന്ന് പൂച്ചകളാണ്. 40000 ത്തോളം പേര്‍ അധിവസിച്ചിരുന്ന നഗരത്തില്‍ ഇന്നുള്ളത് 100 പേര്‍ മാത്രം. ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ പലായനം ചെയ്തു. ഇന്ന് ആള്‍ത്താമസമുള്ള ഒരോ വീട്ടിലും ശരാശരി 20 പൂച്ചകളുണ്ടെന്നാണ് കണക്കാക്കുന്നത്. പൈതൃകങ്ങളുടെ സമ്പന്നമായ ചരിത്രം പറയാനുള്ള ഒരു നഗരത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.ഫ്രഷ് എഫ്എം എന്ന റേഡിയോയുടെ റിപ്പോര്‍ട്ടറാണ് 34കാരനായ സലാഹ് ജാര്‍. ഇദ്ദേഹത്തിന്റെ വീട്ടില്‍ 15ലധികം പൂച്ചയുണ്ട്. റേഡിയോ സ്‌റ്റേഷന്റെ ഓഫീസ് അടുത്തിടെ ബോംബാക്രമണത്തില്‍ തകര്‍ന്നു. ആക്രമണം നടന്നതിന്റെ ഏതാനും ദിവസം മുമ്പ് ഓഫീസ് മറ്റൊരു നഗരത്തിലേക്ക് മാറ്റിയിരുന്നുവെന്ന് സലാഹ് പറയുന്നു.ഫ്രഷ് എഫ്എം സ്ഥാപിച്ചത് മേഖലയിലെ സാമൂഹിക പ്രവര്‍ത്തക റഈദ് ഫാരിസ് ആണ്. ഇന്ന് അവരില്ല. 2018 നവംബറില്‍ ആയുധധാരികള്‍ അവരെ കൊലപ്പെടുത്തി. ജനങ്ങള്‍ നഗരം വിട്ടുപോയപ്പോള്‍ ബാക്കിയായ പൂച്ചകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ആദ്യം മുന്നിട്ടിറങ്ങിയത് റഈദ് ആയിരുന്നുവെന്നും സലാഹ് പറയുന്നു.സലാഹും സംഘവും ഇടയ്ക്ക് തെരുവിലൂടെ നടക്കാനിറങ്ങും. ഈ സമയം പല ഭാഗങ്ങളില്‍ നിന്നായി പൂച്ചകള്‍ പിന്നാലെ കൂടും. പലതും സലാഹിനൊപ്പം വീടുവരെ എത്തും. യുദ്ധം ബാക്കിവച്ച ദുരന്തത്തിന് ഇരകളാണ് ഈ പൂച്ചകളും. അവര്‍ക്ക് രക്ഷ നഗരം വിട്ടുപോകാത്ത, ദരിദ്രരായ ജനങ്ങള്‍ മാത്രം.2018 വരെ ഇസ്ലാമിക സായുധ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയായിരുന്നു കഫ്‌റ നബീല്‍. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ സൈന്യവും റഷ്യന്‍ സൈന്യവും എത്തി വന്‍ ആക്രമണം നടത്തി. ഇതോടെയാണ് നഗരവാസികള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോയത്. വളര്‍ത്തു മൃഗങ്ങള്‍ ഒറ്റപ്പെട്ടതും അപ്പോഴാണ്.ഇന്ന് എപ്പോള്‍ ഭക്ഷണം ലഭിക്കുമെന്ന് അറിയില്ല. പല ദിവസങ്ങളിലും ഭക്ഷണം കഴിക്കാറില്ല. കിട്ടുമ്പോള്‍ കഴിക്കും. അപ്പോള്‍ തന്നോടൊപ്പമുള്ള പൂച്ചകള്‍ക്കും നല്‍കുമെന്നും സലാഹ് പറയുന്നു. പലപ്പോഴായി നടന്ന ആക്രമണത്തില്‍ പരിക്കേറ്റ പൂച്ചകളും ഇന്ന് നഗരത്തിലുണ്ട്.ഒറ്റപ്പെട്ടുപോയ പൂച്ചകളെ താമസിപ്പിക്കാന്‍ സലാഹിന്റെ സുഹൃത്ത് മുന്‍കൈയ്യെടുത്ത് ശ്രമം നടത്തിയിരുന്നു. ഒട്ടേറെ പൂച്ചകള്‍ സുഹൃത്ത് ഒരുക്കിയ പ്രത്യേക പാര്‍പ്പിടത്തിലുണ്ടായിരുന്നു. ഒരു ദിവസം റോക്കറ്റാക്രമണം ഉണ്ടായി. ചില പൂച്ചകള്‍ മാത്രം ഇന്ന് പരിക്കുകളോട് സുഹൃത്തിനൊപ്പമുണ്ടെന്നും സലാഹ് പറഞ്ഞു.








Related News