Loading ...

Home International

പാരിസിൽ വെള്ളപ്പൊക്കം; ലൂവ്ര് മ്യൂസിയം അടച്ചു

പാരിസ്: സീൻ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് പാരിസിലെ മെട്രോ സ്റ്റേഷനുകളും മ്യൂസിയങ്ങളും അടച്ചു. ലൂവ്ര് മ്യുസിയത്തിൽ ജലനിരപ്പ് 18 അടിയോളം ഉയർന്നതിനാൽ പ്രശസ്തമായ പല പെയ്ന്‍റിഗുകളും കലാവസ്തുക്കളും ഇവിടെ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ലൂവ്ര് മ്യൂസിയത്തിലെ നിലവറയിൽ സൂക്ഷിച്ചിരുന്ന 2,50,000ത്തോളം കലാരൂപങ്ങളാണ് ഉയർന്ന പ്രദേശത്തേക്ക് മാറ്റുന്നത്. പാരിസിലെ അൽമ പാലത്തിന് കീഴിലുള്ള പോരാളിയായ സൂവെയുടെ പ്രതിമ കഴുത്തോളം മുങ്ങിയിട്ടുണ്ട്.

അൽമ പാലത്തിനടിയിലെ സൂവെ പ്രതിമ
 
ദിവസങ്ങളായി തുടർച്ചയായി പെയ്യുന്ന മഴ മൂലം സീൻ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. വെള്ളപ്പൊക്കം ഫ്രാൻസ് മുതൽ ഉക്രെയ്ൻ വരെയുള്ള രാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. കനത്ത മഴ മൂലം മധ്യ യൂറോപ്പിൽ ഇതുവരെ 15 പേർ മരിച്ചു. ഫ്രാൻസിൽ രണ്ടു മരണങ്ങളും തെക്കൻ ജർമനിയിൽ 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. റൊമാനിയ, ബെൽജിയം, നെതർലന്‍റ്സ്, പോളണ്ട് എന്നീ രാജ്യങ്ങളിലും കനത്ത മഴ നാശം വിതച്ചിട്ടുണ്ട്.പതിനായിരത്തോളം പേരാണ് ഇവിടങ്ങളിൽ മഴ മൂലം കുടിയിറക്കപ്പെട്ടത്. 30 വർഷത്തിനിടെ സീൻ നദിയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇത്.

Related News