Loading ...

Home National

രാജ്യതലസ്ഥാനം വിറയ്ക്കുന്നു ,​ താപനില 2.4 ഡിഗ്രി സെല്‍ഷ്യസ്, നാല് വിമാനങ്ങള്‍ വഴിതിരിച്ച്‌ വിട്ടു, ട്രെയിനുകള്‍ വൈകിയോടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ താപനില വീണ്ടും കുറഞ്ഞു. ഇന്ന് രാവിലെ ആറ് മണിയോടെ 2.4 ഡിഗ്രിയിലേക്കാണ് താപനില താഴ്ന്നത്. നൂറ്റാണ്ടിലെ രണ്ടാമത്തെ കടുത്ത ശൈത്യത്തിനാണ് രാജ്യതലസ്ഥാനം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മൂടല്‍മഞ്ഞ് കാരണം ഇരുപത്തിനാലോളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. വിമാനസര്‍വീസുകളും താറുമാറായി. നാല് വിമാനങ്ങള്‍ വഴിതിരിച്ച്‌ വിട്ടു. കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹി ഉണരുന്നത് അഞ്ച് - ആറ് ഡിഗ്രി താപനിലയിലാണ്. നട്ടുച്ചയ്ക്ക് പോലും പത്ത് ഡിഗ്രിയാണ് താപനില. തണുപ്പിനൊപ്പം വായുമലിനീകരണവും ശൈത്യക്കാറ്റും ചേര്‍ന്നതോടെ ജനജീവിതം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ജനുവരി ആദ്യവാരം മുതല്‍ തണുപ്പ് കുറയാന്‍ സാദ്ധ്യതയുണ്ടെന്ന് കാലവസ്ഥ വിദഗ്ദര്‍ പറയുന്നു. ഈ വര്‍ഷത്തെ ശരാശരി താപനില 19.85 ഡിഗ്രി സെല്‍ഷ്യസാണ്. 1919, 1929, 1961, 1997 വര്‍ഷങ്ങളില്‍ ഡിസംബറിലെ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരുന്നുവെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 1997ന് ശേഷം ഇത്രയും കഠിനമായ ശൈത്യം ഡല്‍ഹിയില്‍ ഇതാദ്യമാണ്. സാധാരണ ഡിസംബര്‍ 25 മുതല്‍ ജനുവരി 15 വരെയാണ് തണുപ്പേറുന്നത്. ഇക്കുറി ഡിസംബര്‍ 14 മുതല്‍ അതികഠിനമായ തണുപ്പാരംഭിച്ചു. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും അതികഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. വഴിയോരത്ത് കിടന്നുറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ കമ്ബിളി വിതരണം ചെയ്യുന്നുണ്ട്. പ്രത്യേക ഷെല്‍ട്ടര്‍ ഹോമുകളും സജീകരിച്ചിട്ടുണ്ട്.

Related News