Loading ...

Home Kerala

മത്സ്യത്തൊഴിലാളികളുടെ പുനഃരധിവാസം: 2,450 കോടിയുടെ 'പുനര്‍ഗേഹം' പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി

580 കിലോമീറ്ററോളം കടല്‍ത്തീരമുള്ള കേരള തീരത്തെ പല കടപ്പുറങ്ങളും നിരന്തര കടലാക്രമണ ഭീഷണി നേരിടുന്നവയാണ്. അതുകൊണ്ടുതന്നെ പ്രകടനപത്രികയിലെ പ്രധാന ഇനമായിരുന്നു മത്സ്യമേഖലയുടെ പുനരുദ്ധാരണവും അയ്യായിരം കോടിയുടെ തീരദേശ പാക്കേജും. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഭീഷണി കൂടി കണക്കിലെടുത്ത് കൊണ്ട്, പ്രകടന പത്രികയില്‍ വിഭാവനം ചെയ്യുന്നതിലധികം പദ്ധതികള്‍ മത്സ്യബന്ധന മേഖലയുടെ ഉന്നമനത്തിനായും മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായും നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ചെലവ് വഹിക്കുന്ന പുനര്‍ഗേഹം പദ്ധതി അത്തരത്തില്‍ ഒന്നാണ്. മത്സ്യതൊഴിലാളികളെ സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കുന്നതിനായി 2,450 കോടി രൂപയുടെ പുനര്‍ഗേഹം പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. വേലിയേറ്റരേഖയുടെ 50 മീറ്റര്‍ പരിധിക്കുള്ളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പദ്ധതിയുടെ ചെലവില്‍ 1,398 കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ബാക്കി തുക ഫിഷറീസ് വകുപ്പിന്‍റെ ബജറ്റ് വിഹിതത്തില്‍നിന്നുമാണ് കണ്ടെത്തുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 998.61 കോടിയും രണ്ടാം ഘട്ടത്തില്‍ 796.54 കോടിയും മൂന്നാം ഘട്ടത്തില്‍ 654.85 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വേലിയേറ്റരേഖയുടെ 50 മീറ്റര്‍ ചുറ്റലവില്‍ കഴിയുന്ന 18,685 കുടുംബങ്ങള്‍ക്ക് ഭൂമിയും ഭവനവും നല്‍കും. പുനരധിവാസപദ്ധതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതിയുടെ കര്‍ശനമേല്‍നോട്ടത്തിലായിരിക്കും നടപ്പാക്കുക. കൂടാതെ ജില്ലാതലത്തില്‍ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതി എല്ലാ മാസവും പദ്ധതിയുടെ പുരോഗതി വിലയിരുത്തും.

Related News