Loading ...

Home National

2020-ല്‍ ഐഎസ്‌ആര്‍ഒ ലക്ഷ്യം വെക്കുന്നത് സുപ്രധാന ദൗത്യങ്ങള്‍; ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംങിനായി ചന്ദ്രയാന്‍ മൂന്ന് തയ്യാറാകുന്നു

ബംഗളൂരു: 2020-ല്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആര്‍ഒ ലക്ഷ്യം വെക്കുന്നത് സുപ്രധാന ദൗത്യങ്ങള്‍. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംങിനായി ചന്ദ്രയാന്‍ മൂന്ന് അണിയറയില്‍ തയ്യാറാവുന്നു. 2020-ല്‍ വിക്ഷേപിക്കാനിരിക്കുന്ന സൂര്യനെക്കുറിച്ച്‌ പഠിക്കാനുള്ള ആദിത്യയും പുനരുപയോഗ്യ റോക്കറ്റും അഭിമാന പദ്ധതികളാവും എന്നാണ് വിലയിരുത്തല്‍. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടിരുന്നു. ഐഎസ്‌ആര്‍ഒ ഈ ദൗത്യം ഏറ്റെടുത്തിരുന്നത് സ്വപ്‌ന ദൗത്യമായിട്ടാണ്. ചന്ദ്രയാന്‍ രണ്ട് ദൗത്യം 95 ശതമാനവും വിജയിച്ചു എന്നാണ് ഐഎസ്‌ആര്‍ഒ വിശദീകരിക്കുന്നത്.ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് പിന്നാലെ ചന്ദ്രയാന്‍ മൂന്ന് പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് ഐഎസ്‌ആര്‍ഒ. 2020 നവംബറിനുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഐഎസ്‌ആര്‍ഒ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഐഎസ്‌ആര്‍ഒ മൂന്ന് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പുതിയ ദൗത്യത്തില്‍ ലാന്‍ഡറും റോവറും മാത്രമാണ് ഉണ്ടാകുകയെന്നാണ് സൂചന. ബൃഹത് പദ്ധതി ആയിട്ടല്ല തയ്യാറെടുപ്പുകള്‍ എന്നും വിലയിരുത്തുന്നു. ചൊവ്വാഴ്ച ചേര്‍ന്ന ഓവര്‍വ്യു കമ്മിറ്റി ചന്ദ്രയാന്‍ മൂന്നിന്റെ ടെക്നിക്കല്‍ കോണ്‍ഫിഗറേഷന്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുത്തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐഎസ്‌ആര്‍ഒയുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ വന്നിട്ടില്ല.

Related News