Loading ...

Home Kerala

പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ ഓര്‍ഡിനന്‍സ്; മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെയും എണ്ണം വര്‍ധിക്കും

തിരുവനന്തപുരം:  സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നുവീതം വര്‍ദ്ധിപ്പിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടും കേരള മുന്‍സിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം 13ല്‍ കുറയാനോ 23ല്‍ കൂടാനോ പാടില്ല. അത് 14 മുതല്‍ 24 വരെ ആക്കാനാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളുടെ എണ്ണവും ഇതേ രീതിയില്‍ വര്‍ധിക്കും. ജില്ലാപഞ്ചായത്തില്‍ നിലവില്‍ അംഗങ്ങളുടെ എണ്ണം 16 ല്‍ കുറയാനോ 32ല്‍ കൂടാനോ പാടില്ല. അത് 17 മുതല്‍ 33 വരെ ആക്കാനാണ് നിര്‍ദേശം.
മുന്‍സിപ്പല്‍ കൗണ്‍സിലിലും ടൗണ്‍ പഞ്ചായത്തിലും ഇരുപതിനായിരത്തില്‍ കവിയാത്ത ജനസംഖ്യയ്ക്ക് നിലവില്‍ 25 അംഗങ്ങളാണുള്ളത്. ഇരുപതിനായിരത്തില്‍ കവിയുന്ന ജനസംഖ്യയ്ക്ക് പരമാവധി 52 അംഗങ്ങള്‍ എന്നതിന് വിധേയമായി ആദ്യത്തെ ഇരുപതിനായിരത്തിന് 25 ഉം കവിയുന്ന ഓരോ രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്ക് ഓരോന്ന് വീതവുമാണ് വര്‍ധിക്കുക. നിലവില്‍ 25 അംഗങ്ങളുള്ള മുന്‍സിപ്പല്‍ കൗണ്‍സിലില്‍ നിര്‍ദിഷ്ട ഭേദഗതി പ്രകാരം 26 പേര്‍ ഉണ്ടാവും. പരമാവധി 52 എന്നത് 53 ആകും.നാല് ലക്ഷത്തില്‍ കവിയാത്ത കോര്‍പ്പറേഷനില്‍ ഇപ്പോള്‍ 55 പേരാണുള്ളത്. അത് 56 ആകും. നാല് ലക്ഷത്തിലധികം ജനസംഖ്യയുള്ള കോര്‍പ്പറേഷനില്‍ ഇപ്പോള്‍ പരമാവധി 100 കൗണ്‍സിലര്‍മാരാണുള്ളത്. അത് 101 ആകും.ഓര്‍ഡിനന്‍സിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് ഓര്‍ഡിനന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ജനസംഖ്യയും സീറ്റുകളും തമ്മിലെ അനുപാതം കുറയ്ക്കേണ്ടത് ആവശ്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

Related News