Loading ...

Home Education

പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാം, സമ്മാനം നേടാം; സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തണുമായി കേന്ദ്രസര്‍ക്കാര്‍

സാങ്കേതിക മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് 'സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ (എസ്.ഐ.എച്ച്‌.)-2020' മായി കേന്ദ്രസര്‍ക്കാര്‍. മാനവവിഭവശേഷി മന്ത്രാലയവും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലുമാണ് സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തണ്‍ നടത്തുന്നത്. ഈ മത്സരത്തിന് സോഫറ്റ്‌വേര്‍, ഹാര്‍ഡ്‌വേര്‍ എഡിഷനുകളുണ്ട്.വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍സ് എന്നിവ നേരിടുന്ന പ്രശ്നങ്ങള്‍ അടുത്തറിയുക അവയുടെ അടിസ്ഥാനത്തില്‍ വ്യവസായ മേഖലയുള്‍പ്പെടെ മുന്‍നിര സംവിധാനങ്ങള്‍ക്ക് ലോകനിലവാരമുള്ള പരിഹാരം നിര്‍ദേശിക്കുക, വിവിധ മേഖലകള്‍ക്കുവേണ്ട മനുഷ്യവിഭവശേഷി ഒരുക്കുക തുടങ്ങിയവ എസ്.ഐ.എച്ച്‌. ലക്ഷ്യമിടുന്നു.എ.ഐ.സി.ടി.ഇ. (ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷന്‍)/യു.ജി.സി./സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), എന്‍.ഐ.ടി. (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ.ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി), ഐസര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌) തുടങ്ങിയ സ്ഥാപനങ്ങളിലെയും സാങ്കേതിക വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്‌പര്യമുള്ള വിദ്യാര്‍ഥികളുടെ സ്ഥാപനം ഒരു സിംഗിള്‍ പോയന്റ് ഓഫ് കോണ്‍ണ്ടാക്‌ട് (എസ്.പി.ഒ. സി.)-നെ ആദ്യം നിശ്ചയിച്ച്‌ ആ വ്യക്തിവഴി www.sih.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു സ്ഥാപനത്തിന് ആറുപേര്‍ അടങ്ങുന്ന (ഒരു പെണ്‍കുട്ടിയെങ്കിലും ഉണ്ടായിരിക്കണം) പരമാവധി ഏഴ് ടീമുകളെ (സോഫ്‌റ്റ്‌വേര്‍- അഞ്ച്, ഹാര്‍ഡ്‌വേര്‍- രണ്ട്) നിര്‍ദേശിക്കാം. ഇന്റേണല്‍ ഹാക്കത്തണ്‍ നടത്തി സ്ഥാപനത്തിന് അവരുടെ ഏഴ് ടീമുകളെ കണ്ടെത്താം.
ഓരോ പ്രോബ്ലം സ്റ്റേറ്റ്മെന്റിന്റെയും വിജയിക്ക് ഒരുലക്ഷംരൂപ സമ്മാനമായി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ പ്രായോഗിക തലത്തിലേക്കു കൊണ്ടുവരാനുള്ള നടപടികളും സ്വീകരിക്കും.അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ്, ക്ലീന്‍ വാട്ടര്‍, റോബോട്ടിക്സ് ആന്‍ഡ് ഡ്രോണ്‍സ്, ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ബയോമെഡിക്കല്‍ ഡിവൈസസ്, റിന്യൂവബിള്‍ എനര്‍ജി, സെക്യൂരിറ്റി ആന്‍ഡ് സര്‍വൈലന്‍സ്, സ്മാര്‍ട്ട് കമ്യൂണിക്കേഷന്‍, സ്മാര്‍ട്ട് വെഹിക്കിള്‍സ്, വേസ്റ്റ് മാനേജ്‌മെന്റ്, ഫുഡ് പ്രോസസിങ്, മിസലേനിയസ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രോബ്ലം സ്റ്റേറ്റ്മെന്റുകള്‍ www.sih.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന പ്രശ്നത്തിന്റെ പരിഹാരത്തിനായി ടീമിന് അവരുടെ ആശയങ്ങള്‍/പരിഹാരങ്ങള്‍ നിര്‍ദേശിക്കാം. എസ്.പി.ഒ.സി. വഴി അവ അപ്‌ലോഡ് ചെയ്യാം. സ്ഥാപന/കോളേജ് തലത്തില്‍, ആശയങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ജനുവരി 25 വരെയാണ് സമയം. ഫൈനല്‍ റൗണ്ടിലേക്കു ഷോര്‍ട്ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ ഇന്‍ഡസ്ട്രി/അക്കാദമിയ-യില്‍ നിന്ന്‌ മെന്റര്‍മാരെ തിരഞ്ഞെടുത്ത് അവരുടെ നിര്‍ദേശം സ്വീകരിച്ച്‌ മത്സരത്തിനു മുമ്ബായി ആശയത്തെ പ്രായോഗിക പ്രോട്ടോടൈപ്പ് ആക്കി മാറ്റാനുള്ള പ്രവര്‍ത്തനം നടത്തണം. അന്തിമമത്സരം സോഫ്റ്റ്‌വേര്‍ എഡിഷന്‍ മാര്‍ച്ച്‌ 14, 15 തീയതികളിലും ഹാര്‍ഡ്‌വേര്‍ എഡിഷന്‍ ജൂലായ് ആറുമുതല്‍ 10 വരെയും ആയിരിക്കും.

Related News