Loading ...

Home USA

ഒബാമയെ അദ്ഭുതപ്പെടുത്തി ഇന്ത്യന്‍ പെണ്‍കുട്ടിയുടെ പാചകം

ന്യൂയോര്‍ക്: ഒമ്പതുവയസ്സുകാരിയായ ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി ഖരംമസാല ചേര്‍ത്ത ക്വായോന ബര്‍ഗര്‍ രായിത്തയോടൊപ്പം വിളമ്പിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റിനും ഭാര്യക്കും അദ്ഭുതം. സ്വാദിഷ്ടമായ ഭക്ഷണം നല്‍കുന്നതോടൊപ്പം അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്കും ഭാര്യ മിഷേല്‍ ഒബാമക്കും ഒപ്പമിരുന്ന് വിരുന്നുണ്ണാനും ശ്രേയ പട്ടേല്‍ എന്ന കൊച്ചുമിടുക്കിക്ക് അവസരം ലഭിച്ചു.

ആരോഗ്യകരമായ ഭക്ഷണത്തിനുള്ള കൂട്ടുണ്ടാക്കാനായി വൈറ്റ്ഹൗസ് നാലാമത് ‘കിഡ്സ് സ്റ്റേറ്റ് ഡിന്നര്‍’ മത്സരം നടത്തിയിരുന്നു. മത്സരത്തിനത്തെിയവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 55 കുട്ടി കുക്കുകള്‍ക്ക് റെഡ് കാര്‍പ്പറ്റ് സ്വീകരണമാണ് വൈറ്റ്ഹൗസ് ഒരുക്കിയത്. അക്കൂട്ടത്തിലെ അതിഥിയായിരുന്നു ഇലനോയിയിലെ ഷാംബെര്‍ഗില്‍നിന്നുള്ള ശ്രേയയും.

മത്സരത്തില്‍ വിജയിയായ ശ്രേയ പട്ടേലിന് ജൂലൈ 10ന് വൈറ്റ്ഹൗസില്‍വെച്ച് ബറാക് ഒബാമക്കും മിഷേല്‍ ഒബാമക്കുമൊപ്പമിരുന്ന് വിരുന്നുണ്ണാനും അവസരം ലഭിച്ചു. വിരുന്നില്‍ പ്രസിഡന്‍റും ഭാര്യയും ശ്രേയ ഉണ്ടാക്കിയ ബര്‍ഗര്‍ കഴിച്ച് കൊച്ചുമിടുക്കിയെ അഭിനന്ദിക്കുകയും ചെയ്തു.

മൂന്നു വയസ്സുമുതല്‍ താന്‍ ഭക്ഷണമുണ്ടാക്കാന്‍ സഹായിക്കുമായിരുന്നെന്നും അങ്ങനെയാണ് താന്‍ ഓരോ വിഭവവും പുതിയ ചേരുവകളോടെ ഉണ്ടാക്കാന്‍ പഠിച്ചതെന്നും ശ്രേയ പറയുന്നു. മുത്തശ്ശിയുമായി ചേര്‍ന്നാണ് ഖരംമസാലയും മുളകും ഇഞ്ചിയുമൊക്കെ ചേര്‍ത്തുള്ള ബര്‍ഗര്‍ ഉണ്ടാക്കി ആദ്യം പരീക്ഷിച്ചതെന്നും ശ്രേയം പറയുന്നു.
എട്ടിനും 12നുമിടയിലുള്ള കുട്ടികള്‍ക്കായി നടത്തിയ മത്സരത്തില്‍ 1000ത്തിലധികം വിഭവങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അതില്‍നിന്നാണ് 55 മികച്ച കുട്ടി കുക്കുകളെയും അവരുടെ വിഭവങ്ങളും തെരഞ്ഞെടുത്തത്.

Related News