Loading ...

Home National

രാജ്യത്ത് പ്രതിഷേധം കത്തുമ്ബോള്‍ റെയില്‍വേയ്ക്ക് നഷ്ടം 90കോടി!

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തില്‍ ഇതുവരെ 90കോടി രൂപയുടെ വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടെന്ന് റയില്‍വേ. ജനങ്ങളുടെ പ്രതിഷേധത്തിനിടെ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ വിവിധ ഇടങ്ങളില്‍ ട്രെയിനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കുംനേരെ വ്യാപകമായ അക്രമങ്ങളാണുണ്ടായത്. കിഴക്കന്‍ റയില്‍വേ സോണില്‍ നശിപ്പിക്കപ്പെട്ടത് 72 കോടിയുടെ വസ്തുക്കളാണെന്നും ദക്ഷിണ റയില്‍വേ സോണില്‍ 13 കോടിയുടെ വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടെന്നും റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി. പ്രക്ഷോഭം ഏറ്റവും ശക്തമായ ബംഗാളില്‍ പ്രതിഷേധക്കാര്‍ നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ തല്ലിത്തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് തീവെക്കുകയും ചെയ്തിരുന്നു. ബംഗാളില്‍ ഹൗറ, സീല്‍ഡ, മാല്‍ഡ എന്നീ ഡിവിഷനുകളെയാണ് അക്രമം കൂടുതല്‍ ബാധിച്ചത്. മമത ബാനര്‍ജി നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് ഈ സ്റ്റേഷനുകള്‍ക്ക് നേരെ വ്യാപകമായ അക്രമമുണ്ടായത്. വടക്ക് കിഴക്കന്‍ റെയില്‍വേയാണ് നഷ്ടത്തില്‍ രണ്ടാമത്. 12.75 കോടിയുടെ നഷ്ടമുണ്ടായി. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ നഷ്ടം 2.98 കോടി രൂപയാണ്. അക്രമ സംഭവങ്ങളില്‍ ഇതുവരെ 85 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. അതേസമയം പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 11 ആയി. എട്ടുവയസുകാരന്‍ അടക്കം മരിച്ചവരില്‍ ഉള്‍പെടുന്നു. മീററ്റില്‍ നാലുപേരും മറ്റിടങ്ങളിലായി ആറുപേരും മരിച്ചെന്നാണ് പൊലീസ് സ്ഥിരീകരണം. ആറ് പൊലീസുകാര്‍ക്ക് വെടിയേറ്റതായും ഒരാളുടെനില ഗുരുതരമെന്നും യുപി പൊലീസ് അറിയിച്ചു. യുപിയിലെ 21 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിഹാറില്‍ ആര്‍ജെഡി പ്രഖ്യാപിച്ച ബന്ദിനിടെ ട്രെയിന്‍ തടഞ്ഞു.

Related News