Loading ...

Home Europe

യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടന് ഹൗസ് ഓഫ് കോമണ്‍സിന്റെ അനുമതി

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറുന്നതിന് പാര്‍ലമെന്‍്റിന്‍്റെ അധോസഭയായ ഹൌസ് ഓഫ് കോമണ്‍സിന്‍റെ അനുമതി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറുന്നതിന് അനുമതി നല്‍കുന്ന ബില്ല് 124 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് പാസായത്. ബില്ലിനെ അനുകൂലിച്ചുകൊണ്ട് 358 പേരും, എതിര്‍ത്തുകൊണ്ട് 234 പേരും വോട്ട് ചെയ്തു. വീണ്ടും അധികാരത്തിലെത്തിയതോടെ ജനുവരി 31ന് ളള്ളില്‍ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ വോട്ടെടുപ്പിനെ സ്വാഗതം ചെയ്തു. പിന്‍വാങ്ങല്‍ കരാര്‍ ജനുവരി 29 ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന്‍ രണ്ടു ദിവസത്തിനുള്ളില്‍തന്നെ ബ്രിട്ടന് പുറത്തുകടക്കാന്‍ സാധിച്ചേക്കും. അതിനിടെ ബ്രെക്സിറ്റിനെ എതിര്‍ക്കുമെന്ന് ലേബര്‍പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പറയുന്നുണ്ടെങ്കിലും ആറ് ലേബര്‍ എംപിമാര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചുകൊണ്ട് സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്തു. കൂടാതെ ഷാഡോ ഹൌസിംഗ് സെക്രട്ടറി ജോണ്‍ ഹീലി ഉള്‍പ്പെടെയുള്ള 20 ഓളം അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. നേരത്തെ കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടാനാവാതെ വിഷമിച്ച ജോണ്‍സന്‍ ഇടക്കാല തിരഞ്ഞെടുപ്പിനു തയാറാവുകയായിരുന്നു. മുന്‍ഗാമി തെരേസ മേ 3 വര്‍ഷത്തെ ഭരണത്തിനിടയില്‍ പലവട്ടം ശ്രമിച്ചിട്ടും കഴിയാതിരുന്ന ബ്രെക്സിറ്റ് യാഥാര്‍ഥ്യമാക്കുന്നത് ജോണ്‍സനു നേട്ടമാകുമെങ്കിലും ഒട്ടേറെ വെല്ലുവിളികള്‍ നേരിടാനുണ്ട്. ഏതായാലും ക്രിസ്മസ് അവധിക്കുശേഷം അടുത്ത മാസം പാര്‍ലമെന്റ് കരാര്‍ വിശദമായി പരിശോധിച്ച്‌ ബ്രെക്സിറ്റിന് അന്തിമ അംഗീകാരം നല്‍കും. അതോടെ അര നൂറ്റാണ്ടോളം യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിരുന്ന ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാരത്തിന്റെ പുത്തന്‍ സാധ്യതകളിലേക്കും വെല്ലുവിളികളിലേക്കുമാക്കും നീങ്ങുക. 2016 ലാണ് യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ഹിതപരിശോധനയിലൂടെ ബ്രിട്ടന്‍ വിധിയെഴുതിയത്. 2020 ഡിസംബര്‍ 31 ആണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നീട്ടിനല്‍കിയിട്ടുള്ള സമയപരിധി. അനിശ്ചിതത്വങ്ങള്‍ക്കു വിരാമമായതോടെ സാമ്ബത്തിക രംഗത്ത് ഉണര്‍വ് പ്രകടമായിട്ടുണ്ട്. പൗണ്ടിന്റെ മൂല്യത്തിലും കാര്യമായ വര്‍ധനവുണ്ടായി.

Related News