Loading ...

Home National

പൗരത്വ ഭേദഗതി നിയമം; രാജ്യത്ത് പ്രതിഷേധം പുകയുന്നു, നിരവധി പേര്‍ കസ്റ്റഡിയില്‍

ഡല്‍ഹി/ലഖ്നൗ/ബെംഗളുരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഡല്‍ഹി,ഹൈദരാബാദ്, തിരുവനന്തപുരം, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. നിരോധനാജ്ഞ ധിക്കരിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചെങ്കോട്ടയിലേക്ക് പ്രതിഷേധവുമായെത്തിയവരെ തടയുന്നതിന് ഡല്‍ഹി-ഹരിയാന അതിര്‍ത്തി അടച്ചു. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വനിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലും ഗുജറാത്തിലും വ്യാപക പ്രതിഷേധം ഉയരുകയാണ്. യുപിയിലെ സംഭലില്‍ പ്രതിഷേധക്കാര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിന് തീയിട്ടു. ഗതാഗതം തടസ്സപ്പെടുത്തി റോഡ് ഉപരോധിച്ചു. പ്രതിഷേധം ശക്തിപ്പെട്ടതോടെ കെഡി സിങ് ബാബു സിങ് സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ ഇന്ന് വൈകുന്നേരം 5 മണി വരെ അടച്ചിട്ടു. പ്രതിഷേധത്തിനിടെ പോലീസ് വാഹനം തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചത്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഗുജറാത്തിലും ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച കര്‍ണാടകയില്‍ ടൗണ്‍ഹാളിനു മുമ്ബില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിലെ ചാര്‍മിനാറില്‍ മുന്നൂറോളം പേര്‍ കരുതല്‍ കസ്റ്റഡിയിലാണ്. ബെംഗളൂരു ടൗണ്‍ഹാളിനു മുമ്ബില്‍ അഞ്ഞൂറോളം പേരാണ് പ്രതിഷേധിക്കാനായി ഒത്തുകൂടിയിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ ഒത്തുകൂടിയിരിക്കുന്നത്. കലബുര്‍ഗി, മൈസൂരു, ഹസന്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയത് നീക്കിയിട്ടുണ്ട്. പൗരത്വ നിമയ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്ബാടും പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വിവിധ മേഖലകളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

Related News