Loading ...

Home International

2+2 നയതന്ത്ര ഉച്ചകോടിയില്‍ തന്ത്രപ്രധാനമായ പ്രതിരോധകരാര്‍ ഒപ്പുവച്ച്‌ ഇന്ത്യയും അമേരിക്കയും

വാഷിം​ഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മില്‍ തന്ത്രപ്രധാനമായ പ്രതിരോധകരാര്‍ ഒപ്പുവച്ചു. ഇന്ത്യയിലെയും അമേരിയ്ക്കയിലെയും പ്രതിരോധ, വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടക്കുന്ന 2+2 നയതന്ത്ര ഉച്ചകോടിയില്‍ വച്ചാണ് ഇരു രാജ്യങ്ങളെയും ശക്തമായി ബന്ധിപ്പിയ്ക്കുന്ന നിര്‍ണ്ണായകമായ പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. വാഷിംഗ്ടണ്‍ ഡി സിയില്‍ അമേരിക്കന്‍ പ്രതിരോധവകുപ്പ് ആസ്ഥാനത്തു വച്ചാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും, അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോം‌പിയോയും ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പെറും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. വ്യവസായ രക്ഷയെപ്പറ്റിയുള്ള സുപ്രധാനമായ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെപ്പറ്റിയും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം നിയന്ത്രിയ്ക്കുന്നതിനായി ഇന്ത്യാ അമേരിക്ക സുരക്ഷാ-രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണമുണ്ടാകുമെന്ന് യോഗത്തില്‍ തീരുമാനിച്ചതായി നയതന്ത്രവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തില്‍ ഈ വര്‍ഷം അതിവേഗത്തിലുള്ള പുരോഗതിയാണുണ്ടാക്കിയതെന്നും ഈ യോഗത്തിന് ആതിഥേയരാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ്, മൈക്ക് പോം‌പിയോ ട്വിറ്ററിലൂടെ അറിയിച്ചു. പാകിസ്ഥാനില്‍ നിന്നായാലും ലോകത്തിന്റെ ഏത് ഭാഗത്തിനിന്നായാലും ആഗോള ഭീകരവാദത്തിനെതിരായി ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് യാതൊരു സംശയവുമില്ലെന്നും ശക്തമായ ബന്ധം ഇരു രാജ്യങ്ങളും തമ്മില്‍ ആ വിഷയത്തിലുണ്ടാകുമെന്നും അദ്ദേഹമറിയിച്ചു. 'അമേരിക്കന്‍ ജനതയെ ഭീകരവാദത്തില്‍ നിന്ന് രക്ഷിയ്ക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതിനായും ലോകസമാധാനത്തിനായും ഇന്ത്യയെപ്പോലെയുള്ള ശക്തരായ ജനാധിപത്യരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കും', പോം‌പിയോ അറിയിച്ചു. ഇന്തോ പസഫിക് മേഖലയുടെ സ്വാതന്ത്രതയെപ്പറ്റിയും സമാധാനത്തെപ്പറ്റിയും ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരേ കാഴ്ചപ്പാടാണുള്ളതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടേയും പ്രതിരോധ മന്ത്രാലയത്തിന്റേയും ആസ്ഥാനമായ പെന്റഗണില്‍ വച്ച്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ ഗണ്‍ സല്യൂട്ടോടെയാണ് അമേരിക്ക സ്വീകരിച്ചത്.

Related News