Loading ...

Home Business

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് 2019 നല്‍കുന്ന പാഠം

പുതിയവര്‍ഷം  തുടങ്ങുമ്പോൾ  മിക്കവാറുംപേരും പിന്നോട്ടൊന്നു തിരിഞ്ഞുനോക്കും. പ്രത്യേകിച്ച്‌ നിക്ഷേപകര്‍. 2019 വര്‍ഷം കടന്നുപോകുമ്പോൾ  നഷ്ടമാണോ നേട്ടമാണോ വിവിധ ധനകാര്യ ആസ്തികള്‍ നല്‍കിയതെന്ന് പരിശോധിക്കുന്നത് ഉചിതമാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് 2019ല്‍നിന്ന് ഗൗരവമേറിയ പാഠങ്ങള്‍ പഠിക്കാനുണ്ട്. പ്രധാനമായും അത് നഷ്ടസാധ്യതയുമായി ബന്ധപ്പെട്ടാണ്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബദലായി പരിഗണിക്കുന്ന ഡെറ്റ് ഫണ്ടുകള്‍പോലും നിക്ഷേപകന് നഷ്ടംനല്‍കിയ വര്‍ഷമാണ് കടന്നുപോകുന്നത്. ഫണ്ടുകളുടെ ഓഫര്‍ ഡോക്യുമെന്റുകള്‍ പരിശോധിച്ചുവേണം നിക്ഷേപം നടത്താനെന്ന് വീണ്ടുംവീണ്ടും അത് ഓര്‍മപ്പെടുത്തുന്നു. ഡെറ്റ് നിക്ഷേപകരില്‍, പ്രത്യേകിച്ച്‌ ക്രഡിറ്റ് റിസ്‌ക് ഫണ്ടില്‍ നിക്ഷേപിച്ചവരാണ് നഷ്ടസാധ്യതയുടെ പാഠം പഠിച്ചത്. താരതമ്യേന നഷ്‌സാധ്യതയില്ലെന്നുതന്നെ പറയാവുന്ന അള്‍ട്ര ഷോട്ട് ടേം ഫണ്ടുകള്‍, ഷോട്ട് ടേം ഫണ്ടുകള്‍ എന്നിവയിലെ നിക്ഷേപകരും നഷ്‌ക്കണക്കുകള്‍ കണ്ട് ഞെട്ടി. എഫ്‌എംപിയിലെ നിക്ഷേപകര്‍ പ്രത്യേകിച്ചും. നേരിയ നഷ്ടസാധ്യതപോലുമില്ലാത്ത ലിക്വിഡ് ഫണ്ടിലെ നിക്ഷേപകര്‍ക്കുപോലും അതില്‍ വിശ്വാസമില്ലാതായി. വൈകിയാണെങ്കിലും അവര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത് ഓവര്‍നൈറ്റ് ഫണ്ടുകളുടെ സാധ്യതകളെക്കുറിച്ചാണ്. പരിഹാരം
ഡെറ്റ് ഫണ്ടുകളില്‍തന്നെ നഷ്ടസാധ്യതയുള്ള ക്രഡിറ്റ് റിസ്‌ക് ഫണ്ട്, ലോങ് ടേം ഡെറ്റ് ഫണ്ട് തുടങ്ങിയ പദ്ധതികള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. പകരം, താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ ലിക്വിഡ്, അള്‍ട്ര ഷോട്ട് ഡ്യൂറേഷന്‍, ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ നിക്ഷേപത്തിനായി പരിഗണിക്കാം.
കൂടുതല്‍ തുക നിക്ഷേപിക്കുന്നുണ്ടെങ്കില്‍ ഒന്നിലധികം വന്‍കിട എഎംസികളുടെ സ്‌കീമുകളില്‍ നിക്ഷേപിക്കാം. ഇതുകൊണ്ടും നഷ്ടസാധ്യത തീരെയില്ലെന്ന് പറയാനാവില്ലെന്ന് മനസിലാക്കുക. ഒറ്റഫണ്ടില്‍ നിക്ഷേപിക്കുമ്ബോഴുണ്ടാകുന്ന നഷ്ടസാധ്യത ഒഴിവാക്കാമെന്നുമാത്രം. മിഡ്ക്യാപും സ്‌മോള്‍ക്യാപും 
2017-2018 വര്‍ഷങ്ങളില്‍ മികച്ച നേട്ടം സമ്മാനിച്ച മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ 2019ല്‍ കനത്ത നഷ്ടമാണ് നിക്ഷേപകനുണ്ടാക്കിയത്.
നഷ്ടസാധ്യത മുന്നില്‍കാണാതെ, അപ്പോഴത്തെ മികച്ച നേട്ടംമാത്രം നോക്കി കഴിഞ്ഞ വര്‍ഷങ്ങളില്‍ നിക്ഷേപിച്ചവര്‍ കനത്ത നഷ്ടം രുചിച്ചറിഞ്ഞു. അടുത്തകാലത്തൊന്നും തിരിച്ചുവരവിനുള്ള സാധ്യതകള്‍ ഈ ഫണ്ടുകള്‍ നല്‍കുന്നില്ലെന്ന് മനസിലാക്കുക. ഇനിയെന്തുചെയ്യുമെന്നുചോദിച്ച്‌ നിരവധി നിക്ഷേപകരാണ് ഇ-മെയില്‍വഴി അന്വേഷണം നടത്തുന്നത്. അവര്‍ക്കുള്ള ആദ്യത്തെ മറുപടി ഇതാണ്, കഴിഞ്ഞകാലത്തെ നേട്ടം മാത്രം നോക്കി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കരുത്. അവയിലെ റിസ്‌ക് കൂടി കണക്കിലെടുക്കണം. ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ ഓരോ സ്‌കീമിനും നഷ്ടസാധ്യതയില്‍ വ്യത്യാസമുണ്ട്. ഓഫര്‍ ഡോക്യുമെന്റ് വായിച്ച്‌ മനസിലാക്കിയതിനുശേഷംവേണം നിക്ഷേപം നടത്താന്‍. നിക്ഷേപിക്കുന്ന സമയത്തെ നേട്ടംകാണുമ്ബോള്‍ റിസ്‌ക് എടുക്കാനുള്ള ശേഷി പാടെ മറക്കുന്നതാണ് ഇത്തരം അപകടത്തില്‍ ചാടാനിടയാക്കുന്നത്. നഷ്ടസാധ്യത കൂടുംതോറും മികച്ച നേട്ടവും പ്രതീക്ഷിക്കാം; അതിന് ക്ഷമയോടെ കാത്തിരിക്കണമെന്നുമാത്രം. അടുത്തകാലത്തൊന്നും ആവശ്യമില്ലാത്ത തുകമാത്രം ഇത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കുക. ചെറിയ നഷ്ടംസംഭവിച്ചാല്‍പോലും മനസാന്നിധ്യത്തോടെ നേരിടാന്‍ കഴിയില്ലെങ്കില്‍ ഇത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കരുത്. ഇത്തരക്കാര്‍ക്ക് താരതമ്യേന നഷ്‌സാധ്യത കുറഞ്ഞ ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. തരക്കേടില്ലാത്ത ആദായം ലാര്‍ജ് ക്യാപ് 2019ല്‍ നല്‍കിയതായി കാണാം. പരിഹാരം
ഓരോ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്കും അതിന്റേതായ നഷ്ടസാധ്യതയുണ്ട്. അത് മുന്നില്‍ കണ്ടുവേണം. നിക്ഷേപിക്കാന്‍. നിക്ഷേപ സമയത്തെ നേട്ടംമാത്രം കണക്കിലെടുത്താല്‍പോരാ.
മിഡ്ക്യാപ്-സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുമ്ബോള്‍ ഏഴുമുതല്‍ പത്തുവര്‍ഷമെങ്കിലും മുന്നില്‍കാണണം. അതായത് ഇത്രയും വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ലക്ഷ്യത്തിനായിരിക്കണം ഈ ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടത്. അതുമാത്രമല്ല എസ്‌ഐപി രീതിയില്‍ നിക്ഷേപിക്കുകയും വേണം. ശ്രദ്ധിക്കാന്‍: നിക്ഷേപിക്കുംമുമ്ബ് വിശ്വസ്തരായ സാമ്ബത്തിക ആസൂത്രകരുടെ ഉപദേശം തേടുക. അല്ലെങ്കില്‍ മികച്ച രീതിയില്‍ ഗൃഹപാഠം ചെയ്ത് പദ്ധതിയെക്കുറിച്ച്‌ വിശദമായി പഠിച്ചശേഷം നിക്ഷേപം നടത്തുക.



Related News