Loading ...

Home Business

കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ കുറച്ചേക്കും; പലിശ, വായ്പാ വിതരണ നടപടികള്‍ ആര്‍ബിഐ നിബന്ധനകള്‍ പ്രകാരം

കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലെ സ്ഥിരനിക്ഷേപത്തിന്റെ ഉയര്‍ന്ന പലിശ നിരക്കു കുറയ്ക്കുന്നത് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്കില്‍ നിന്നുണ്ടാകും.
ഇപ്പോള്‍ സഹകരണ സംഘങ്ങളിലെ സ്ഥിര നിക്ഷേപത്തിനു വര്‍ഷം 7% ആണു പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75%. മറ്റു ബാങ്കുകള്‍ യഥാക്രമം 6.25%, 6.75% വീതമാണു നല്‍കുന്നത്. എല്ലാ ധനകാര്യ സ്ഥാപനങ്ങളും തങ്ങള്‍ നിശ്ചയിക്കുന്ന പലിശ നിരക്കിലേക്കു മാറണമെന്നാണ് ആര്‍ബിഐ നിലപാട്. അര്‍ബന്‍ ബാങ്കുകളില്‍ ഇതു നടപ്പാക്കിക്കഴിഞ്ഞു. വായ്പ എടുക്കുന്നവരില്‍ നിന്ന് ഓഹരി പിരിക്കുന്നതു നിര്‍ത്തലാക്കാനും സാധ്യതയുണ്ട്. സംസ്ഥാന സഹകരണ റജിസ്ട്രാറുടെ മേല്‍നോട്ടത്തിലായിരുന്ന അര്‍ബന്‍ ബാങ്കുകളുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതിനു നിയമം കൊണ്ടുവരാന്‍ ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്. പലിശ നിര്‍ണയം ഉള്‍പ്പെടെ കാര്യങ്ങളില്‍ അര്‍ബന്‍ ബാങ്കുകളുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനുള്ള അവകാശങ്ങള്‍ ഈയിടെ ഇല്ലാതായി. ഇനി സഹകരണ റജിസ്ട്രാറെ ഒഴിവാക്കി ഓഡിറ്റും മറ്റും ചുമതലകളും ആര്‍ബിഐ നിര്‍വഹിക്കും. കേരള ബാങ്ക് യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ മാര്‍ച്ച്‌ 31 ന് അകം പൂര്‍ത്തിയാക്കാനാണ് ആര്‍ബിഐ നിര്‍ദേശം. ലൈസന്‍സ് ലഭിച്ചാല്‍ പലിശനിരക്ക്, വായ്പാ വിതരണം ഉള്‍പ്പെടെ എല്ലാം ആര്‍ബിഐ നിബന്ധനകള്‍ അനുസരിച്ചായിരിക്കും. കേരള ബാങ്കിനു നല്‍കുന്ന ലൈസന്‍സിലൂടെ അതിന്റെ ഘടകമായ പ്രാഥമിക സഹകരണ സംഘങ്ങളിലേക്ക് ആര്‍ബിഐയുടെ നിയന്ത്രണങ്ങള്‍ എത്തുമെന്നാണു കരുതുന്നത്. ആദ്യഘട്ടത്തില്‍ മൗനം പാലിക്കുമെങ്കിലും വൈകാതെ സംസ്ഥാനത്തെ 1640 പ്രാഥമിക സഹകരണ സംഘങ്ങളും അവരുടെ വ്യവസ്ഥകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥമാകും. പ്രാഥമിക സംഘങ്ങളില്‍ നിന്നു വായ്പ എടുക്കുന്നവര്‍ ഒറ്റത്തവണ ഓഹരിയായി ഈ തുകയുടെ 2% തുക നല്‍കണം. അതാണു സംഘത്തിന്റെ പ്രവര്‍ത്തന മൂലധനമായി മാറുന്നത്. വാണിജ്യ ബാങ്കുകളില്‍ ഇല്ലാത്ത ഈ രീതി ഒഴിവാക്കണമെന്നാണ് ആര്‍ബിഐയുടെ അഭിപ്രായം.

Related News