Loading ...

Home Europe

പെന്‍ഷന്‍ പരിഷ്കരണത്തിനെതിരായ പാരീസിലെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുന്നു

ഫ്രഞ്ച് ഗവണ്‍മെന്റിന്റെ വിവാദ പെന്‍ഷന്‍ പരിഷ്‌കരണ പദ്ധതികള്‍ക്കെതിരെ പാരീസില്‍ സമരം ശക്തമാകുന്നു. ലക്ഷക്കണക്കിന് പ്രതിഷേധക്കാര്‍ പാരീസിലെ ഏറ്റവും വലിയ സ്‌ക്വയറുകളിലൊന്നായ പ്ലേസ് ഡി ലാ നേഷനില്‍ ഒത്തുകൂടി. സമരക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കാന്‍ ശ്രമിച്ചതോടെ സമരം അക്രമാസക്തമായി. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. 27 പേര്‍ അറസ്റ്റിലായി. പത്ത് ലക്ഷത്തോളം ആളുകള്‍ സമര രംഗത്തുണ്ടെന്നാണ് സര്‍ക്കാറിന്റെതന്നെ ഔദ്യോഗിക കണക്ക്. വിവാദമായ പെന്‍ഷന്‍ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ പുനപരിശോധിക്കില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ് കഴിഞ്ഞ ദിവസം ദേശീയ അസംബ്ലിയില്‍ വ്യക്തമാക്കിയിരുന്നു. 'സാര്‍വത്രിക' പെന്‍ഷന്‍ സംവിധാനം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 13 ദിവസമായി തുടരുന്ന ഗതാഗത പണിമുടക്ക് ഫ്രാന്‍സിലെ റെയില്‍, മെട്രോ, ട്രാം, വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. ഗവണ്‍മെന്റിന്റെ നിര്‍ദ്ദിഷ്ട പെന്‍ഷന്‍ പരിഷ്‌കാരങ്ങള്‍ക്കെതിരെ എല്ലാ മേഖലകളിലുമുള്ള തൊഴിലാളികളും പണിമുടക്കി പ്രതിഷേധിക്കുന്നുണ്ടെങ്കിലും പൊതുഗതാഗത വകുപ്പിലെ ജീവനക്കാരാണ് അതില്‍ മുന്‍പന്തിയില്‍ ഉള്ളത്. രാജ്യത്തെ സങ്കീര്‍ണ്ണമായ പെന്‍ഷന്‍ സംവിധാനം ഉടച്ചു വാര്‍ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ തന്റെ 2017 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശപഥം ചെയ്തിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തൊഴിലാളി സംഘടനകളുമായി ഒരു ഒത്തുതീര്‍പ്പിലെത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അതോടെയാണ് ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ അദ്ദേഹം തയ്യാറായത്. എന്നാല്‍ 'പൗരന്മാരെ ഭിന്നിപ്പിക്കുകയല്ലാതെ മറ്റൊരു ഉദ്ദേശവും മാക്രോണിനില്ലെന്ന്' ഫ്രാന്‍സിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ നേതാവായ ഫിലിപ്പ് മാര്‍ട്ടിനെസ് പറയുന്നു. 1995-ല്‍ മുന്‍ പ്രസിഡന്റ് ജാക്ക് ചിരാക്കും അദ്ദേഹത്തിന്റെ പ്രധാനമന്ത്രി അലൈന്‍ ജുപ്പെയും സമാനമായ പെന്‍ഷന്‍ പരിഷ്‌കരണ പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. അന്നും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും മൂന്നാഴ്ചത്തെ പണിമുടക്കോടെ സര്‍ക്കാര്‍ പിന്മാറുകയുമാണ് ചെയ്തത്.

Related News