Loading ...

Home International

സൗരയൂഥത്തിനു പുറത്ത് ജീവനുണ്ടോ? പര്യവേക്ഷണത്തിനായി 'ചിയോപ്സ്' പുറപ്പെടുന്നു

മനുഷ്യന് വാസയോഗ്യമായ ഇടങ്ങള്‍ സൗരയൂഥത്തിനു പുറത്ത് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇഎസ്‌എ) അയയ്ക്കുന്ന സാറ്റലൈറ്റ് ടെലസ്കോപ്പ് ഇന്ന് പുറപ്പെടും. കാരക്റ്ററൈസിങ് എക്സോപ്ലാനറ്റ് സാറ്റലൈറ്റ് (CHaracterising ExOPlanet) എന്ന പേരില്‍ നിന്നാണ് ചിയോപ്സ് എന്ന ചുരുക്കപ്പേര് കണ്ടെത്തിയത്. ഇഎസ്‌എ വെബ്സൈറ്റില്‍ സാറ്റലൈറ്റ് ലോഞ്ചിന്റെ ലൈവ് സംപ്രേഷണം ലഭ്യമാണ്. ഭൂമിക്ക് അഞ്ഞൂറ് മൈലുകള്‍ക്കപ്പുറത്താണ് ഈ സാറ്റലൈറ്റ് അതിന്റെ സഞ്ചാരപഥം കണ്ടെത്തുക. സൂര്യന് ഒരിക്കലും അഭിമുഖമായി വരാത്ത രീതിയിലാണ് സാറ്റലൈറ്റിനെ സ്ഥാപിക്കുക. സമാനമായ ജോലി ചെയ്തു വരുന്ന ഹബിള്‍ സ്പേസ് ടെലസ്കോപ്പ് ഭൂമിയില്‍ നിന്നും 350 മൈല്‍‌ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറു നിന്നും കിഴക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. സൗരയൂഥത്തിനു പുറത്തുള്ള, ഏതെങ്കിലുമൊരു സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളെ കണ്ടെത്തുക എന്ന ജോലിയാണ് ചിയോപ്സ് ചെയ്യാന്‍ പോകുന്നത്. ഇത്തരം ജോലികള്‍ ചെയ്യുന്ന നിരവധി സാറ്റലൈറ്റുകളുണ്ട് നിലവില്‍. കഴിഞ്ഞ ദശകങ്ങളില്‍ ഇത്തരം നിരവധി ഗ്രഹങ്ങളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ചിയോപ്സിന്റെ ജോലി ഒരല്‍പം വ്യത്യസ്തമായ രീതിയിലായിരിക്കും. ഇതുവരെ കണ്ടെത്തിയതും ഇനി കണ്ടെത്തുന്നതുമായ ഗ്രഹങ്ങളെ കൂടുതല്‍ പഠനങ്ങള്‍ വിധേയമാക്കും ഈ ടെലിസ്കോപ്. നിലവില്‍ ജ്യോതിശാസ്ത്രജ്ഞര്‍ സൗരയൂഥത്തിനു പുറത്ത് ഏതെങ്കിലും നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളെ കണ്ടെത്തുന്നത് ഗുരുത്വാകര്‍ഷണപരമായ ബലവ്യതിയാനങ്ങളെ ആസ്പദിച്ചാണ്. ഇതുവഴി പ്രസ്തുത ഗ്രഹങ്ങളുടെ പിണ്ഡം തിരിച്ചറിയാനാകും. എന്നാല്‍ ആ ഗ്രഹങ്ങളുടെ നിര്‍മിതി എങ്ങനെയാണെന്നതും അവയുടെ സവിശേഷതകള്‍ എന്താണെന്നതുമെല്ലാം ഇന്നും അജ്ഞാതമാണ്. ചിയോപ്സ് ചെയ്യാന്‍ പോകുന്നത് ഇതെല്ലാം പഠനവിധേയമാക്കുകയാണ്. ഇത്തരം ഗ്രഹങ്ങള്‍ കടന്നുപോകുന്ന വേളയില്‍ അവ ചുറ്റിക്കൊണ്ടിരിക്കുന്ന നക്ഷത്രമുതിര്‍ക്കുന്ന വെളിച്ചത്തില്‍ വരുന്ന വ്യതിയാനങ്ങളെ പഠനവിധേയമാക്കും. ഇങ്ങനെ ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്ത് ഗ്രഹം ഭൂമിയെപ്പോലെ പാറകളും കടുപ്പമുള്ള മണ്ണും നിറഞ്ഞതാണോയെന്നും, അതോ മൃദുലമായ മറ്റേതെങ്കിലും ഘടകങ്ങള്‍ ചേര്‍ന്നതാണോയെന്ന് മനസ്സിലാക്കാന്‍ കഴിയും. ചിയോപ്സിന്റെ ആത്യന്തികമായ ലക്ഷ്യം ഭൂമിക്കു പുറത്ത്, സൗരയൂഥത്തിനു പുറത്ത് ജീവനുണ്ടോയെന്നും ആവാസവ്യവസ്ഥയുണ്ടോയെന്നും കണ്ടെത്തല്‍ തന്നെയാണ്. ഭൂമിയുടെ സമാനമായ പിണ്ഡമുള്ള, സൗരയൂഥത്തിനു പുറത്തൊരു സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളെയാണ് ചിയോപ്സ് പഠിക്കുക.

Related News