Loading ...

Home National

വാട്‌സ്‌ആപ്പ് വേണ്ട; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും ഇനി സ്വന്തം ജിംസ്‌ ആപ്പ്‌

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, സൈനികര്‍ക്കും മറ്റ് തന്ത്രപ്രധാനമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കും ആശയവിനിമയം നടത്തുന്നതിനായി സുരക്ഷിതമായമെസേജിങ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാട്‌സാപ്പ്, ടെലിഗ്രാം പോലുള്ള വിദേശ മെസേജിങ് ആപ്പുകളില്‍ സ്വകാര്യതാ പ്രശ്‌നങ്ങള്‍ നില്‍ക്കെയാണ് സര്‍ക്കാരിന്റെ നീക്കം. ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം (GIMS) എന്ന് കോഡ്‌നെയിം നല്‍കിയിരിക്കുന്ന പുതിയ മെസേജിങ് ആപ്പ് ഒഡീഷ ഉള്‍പ്പടെ ചില സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന്റെ കേരളാ യൂണിറ്റാണ് ഈ ജിംസ് ആപ്പ് വികസിപ്പിച്ചെടുത്തത്. എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനോടുകൂടിയാണ് ജിംസ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. വാട്‌സാപ്പിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ തലത്തിലുള്ള ഉപയോഗങ്ങള്‍ക്കായി പ്രത്യേകം ആപ്പ് എന്ന ആശയവുമായി അധികൃതര്‍ മുന്നോട്ട് പോവുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച സുരക്ഷിതമായ ആപ്പ് എന്ന നിലയിലാണ് ജിംസിനെ അവതരിപ്പിക്കുന്നത്. ഇതിന്റെ ഹോസ്റ്റിങ് സെര്‍വര്‍ ഇന്ത്യയില്‍ തന്നെയാവും. ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്നത് സര്‍ക്കാരിന്റെ തന്നെ ക്ലൗഡ് സ്‌റ്റോറേജിലായിരിക്കും. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണ് ഇത് കൈകാര്യം ചെയ്യുന്നത്. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ ജീവനക്കാര്‍ക്കിടയില്‍ തന്നെയാണ് ജിംസ് ആപ്പ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയത്. അതിന് ശേഷം ചില കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളിലും, ഓഡീഷ വാണിജ്യ വകുപ്പിലും നാവിക സേനയിലും ആപ്പ് ലഭ്യമാക്കി. വകുപ്പ് തലത്തില്‍ ജിംസ് ആപ്പ് ഉപയോഗിക്കാന്‍ ഒഡിഷ വാണിജ്യ വകുപ്പ് തീരുമാനിച്ചതായി വിവരമുണ്ട്. ജിംസ് കൈകാര്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും മറ്റുമായി പ്രത്യേകം വെബ് പോര്‍ട്ടലും തയ്യാറാക്കുന്നുണ്ട്. ഐഓഎസിന്റെ 11ാം പതിപ്പിലും അതിന് ശേഷമുള്ള പതിപ്പുകളിലും ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റിലും അതിന് ശേഷമുള്ള പതിപ്പുകളിലും ജിംസ് ആപ്പ് പ്രവര്‍ത്തിക്കും.

Related News