Loading ...

Home International

കാലാവസ്ഥാ സമ്മേളനം തീരുമാനമില്ലാതെ പിരിഞ്ഞു; അടുത്തവര്‍ഷം ഗ്ലാസ്‌ഗോയില്‍

മാഡ്രിഡ്‌ :  രണ്ടാഴ്‌ചയിലേറെ നീണ്ട ലോക കാലാവസ്ഥാ സമ്മേളനം ഭൂമിയുടെ ചൂട് കൂട്ടുന്ന ഹരിതഗൃഹവാതകങ്ങള്‍ കുറയ്‌ക്കുന്നതിന്‌ കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനാകാതെ പിരിഞ്ഞു. ആഗോള കാര്‍ബണ്‍ വിപണി സംബന്ധിച്ച സുപ്രധാന തീരുമാനം അടുത്തവര്‍ഷം ഗ്ലാസ്‌ഗോയില്‍ ചേരുന്ന സമ്മേളനത്തിലേക്ക്‌ മാറ്റിവച്ചു.ഡിസംബര്‍ രണ്ടിന്‌ ആരംഭിച്ച സമ്മേളനം 13ന്‌ സമാപിക്കേണ്ടതായിരുന്നുവെങ്കിലും പ്രധാന വിഷയങ്ങളില്‍ സമവായമാകാഞ്ഞതിനാല്‍ ഞായറാഴ്‌ചവരെ നീളുകയായിരുന്നു. എന്നാല്‍, 40 മണിക്കൂറിലേറെ നീണ്ട, ഉറക്കമൊഴിച്ചുള്ള അധികചര്‍ച്ചകള്‍കൊണ്ടും ഫലമുണ്ടായില്ല. 25വര്‍ഷമായി ഏതാണ്ട്‌ എല്ലാവര്‍ഷവും നടക്കുന്ന കാലാവസ്ഥാ സമ്മേളനങ്ങളില്‍ ഏറ്റവും നീണ്ടതായി ഇത്തവണത്തേത്‌. ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത്‌ കുറയ്‌ക്കാനും കാലാവസ്ഥാ വ്യതിയാനംമൂലം കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ദരിദ്രരാജ്യങ്ങളെ സഹായിക്കാനും തീവ്രമായ ആഗ്രഹത്തിന്‌ സമ്മേളനം പാസാക്കിയ പ്രഖ്യാപനം ആഹ്വാനംചെയ്‌തു. കാലാവസ്ഥാപ്രശ്‌നം ഗൗരവത്തോടെ കൈകാര്യംചെയ്യുന്നതില്‍ സമ്ബന്നരാജ്യങ്ങള്‍ വേണ്ടത്ര താല്‍പ്പര്യം കാണിച്ചില്ലെന്ന്‌ പരിസ്ഥിതി സംഘടനകള്‍ കുറ്റപ്പെടുത്തി. പ്രശ്‌നം ഏറ്റവും ബാധിക്കുന്ന രാജ്യങ്ങള്‍ക്ക്‌ നഷ്ടപരിഹാരത്തിന്‌ നിധി നിര്‍ദേശിക്കാന്‍ രാജ്യങ്ങള്‍ ധാരണയിലായിട്ടുണ്ട്‌. ഭാവിയിലുണ്ടാകുന്ന ആഗോള കാര്‍ബണ്‍ വിപണിയാണ്‌ ധാരണയിലെത്താതിരുന്ന ഒരു പ്രധാനവിഷയം. ഹരിതഗൃഹവാതകങ്ങള്‍ കുറയ്‌ക്കുന്നതിന്‌ അവയില്‍ പ്രധാനമായ കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ പുറന്തള്ളുന്നതിന്‌ വില നിശ്ചയിക്കുകയും പുറന്തള്ളല്‍ പെര്‍മിറ്റ്‌ (അനുവദനീയമായ പരിധി) വില്‍ക്കാന്‍ രാജ്യങ്ങളെയും കമ്ബനികളെയും അനുവദിക്കുന്നതുമാണ്‌ വിപണി. പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്‌ സാമ്ബത്തികവിദഗ്ധര്‍ നിര്‍ദേശിക്കുന്ന സംവിധാനം.

കാര്‍ബണ്‍ വിപണനസംവിധാനം കൈകാര്യംചെയ്യുന്നതില്‍ ധാരണയിലെത്താതിരുന്നത്‌ നിലവിലുള്ള ഒരുഡസനോളം മേഖലാ സംവിധാനങ്ങളെ അട്ടിമറിക്കുന്നതിലും നല്ലതാണെന്നാണ്‌ യൂറോപ്പിന്റെയും മറ്റ്‌ ചില രാജ്യങ്ങളുടെയും നിലപാട്‌.ഭൂമിയിലെ ചൂടിന്റെ വര്‍ധന ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്ബോള്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതെ നോക്കണം എന്നാണ്‌ 2015ലെ പാരീസ്‌ കാലാവസ്ഥാ കരാറിലെത്തിയ ധാരണ. എന്നാല്‍, ഇപ്പോഴത്തെ തോതനുസരിച്ച്‌ ചൂട്‌ മൂന്ന്‌ മുതല്‍ നാല്‌ ഡിഗ്രിവരെ കൂടാം.

196 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേനത്തിന്റെ വിവിധ സെഷനുകളില്‍ ശാസ്‌ത്രജ്ഞരും പരിസ്ഥിതിപ്രവര്‍ത്തകരും മറ്റും സംസാരിച്ചു. ചിലിയില്‍ നടത്താനിരുന്ന സമ്മേളനം അവിടെ സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രക്ഷോഭം നടക്കുന്നതിനാല്‍ അവസാനവേളയില്‍ സ്‌പെയിനിലേക്ക്‌ മാറ്റുകയായിരുന്നു.

Related News