Loading ...

Home Business

ലോകത്ത് ഏറ്റവും കുടുതല്‍ കിട്ടാക്കടം ഇന്ത്യയില്‍; കുറവ് കാനഡയില്‍

ലോകത്തെ വലിയ പത്ത് സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും കൂടുതല്‍ കിട്ടാക്കടങ്ങളുള്ള ബാങ്കിങ് മേഖലയുള്ള രാജ്യം ഇന്ത്യയാണെന്ന് കണക്കുകള്‍. ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന ബാങ്കിങ് മേഖലയും അതുകൊണ്ട് തന്നെ ഇന്ത്യന്‍ ബാങ്കിങ് രംഗം തന്നെയാണ്. നിഷ്‌ക്രിയ ആസ്തിയും പുതുക്കിയ വായ്പകളും എഴുത്തിതള്ളിയതുമെല്ലാം ഉള്‍പ്പടെയുള്ള ബാധ്യതയുടെ ( സ്‌ട്രെസ്ഡ് അസറ്റസ്) ശതമാനം ഉയര്‍ന്നതുമെല്ലാം ഇന്ത്യന്‍ ബാങ്കിങ് മേഖലയെ കൂടുതല്‍ പരിക്ഷീണമാക്കുന്നുണ്ട്. ഷാഡോബാങ്കിങ് മേഖലയില്‍ നിന്നുള്ള പ്രതിസന്ധികളും ഇന്ത്യന്‍ ബാങ്കിങ് രംഗത്തിന് തിരിച്ചടിയാകുന്നുണ്ട്. നിലവില്‍ കൂടുതല്‍ ബാങ്ക് തട്ടിപ്പുകള്‍ പുറത്തുവരുന്നതും ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ലോകത്തെ പത്ത് സമ്പദ് വ്യവസ്ഥകളിലെ ബാങ്കുകളുടെ കിട്ടാക്കടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയാണ് ആദ്യ സ്ഥാനത്ത്. 9.3 ശതമാനമാണ് ഇന്ത്യയിലെ കിട്ടാക്കടങ്ങളുടെ അനുപാതനിരക്ക്. ഏറ്റവും കുറവ് കാനഡയിലാണ്. 0.4 ശതമാനം മാത്രമാണ് കാനഡയിലെ ബാങ്കുകളുടെ കിട്ടാക്കടം. ഇന്ത്യക്ക് പിന്നില്‍ കിട്ടാക്കടം കൂടുതലുള്ള ബാങ്കുകള്‍ ഇറ്റലിയാണ്. 8.5 ശതമാനം ആണ് അവിടുത്തെ നിരക്ക്. ബ്രസീലില്‍ 3.1 ശതമാനവും ഫ്രാന്‍സില്‍ 2.8 ശതമാനം, ചൈനയില്‍ 1.8 ശതമാനം, യു കെയില്‍ 1.4 ശതമാനം, ജര്‍മനിയില്‍ 1.3 ശതമാനവും ജപ്പാനില്‍ 1.1 ശതമാനവും യു എസില്‍ ഒരു ശതമാനവും ആണ് കിട്ടാക്കടങ്ങളുടെ നിരക്ക്. ബ്ലൂംബര്‍ഗിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ കണ്ടെത്തിയത് 95,800 കോടി രൂപയുടെ തട്ടിപ്പാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നഷ്ടം മറികടക്കാന്‍ ബാങ്കുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. റിസര്‍വ് ബാങ്ക് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് വായ്പ എടുത്ത് തിരിച്ചയ്ക്കാത്ത തട്ടിപ്പുകളുടെ എണ്ണത്തില്‍ ഏഴ് മടങ്ങ് വര്‍ധനയാണ് കണ്ടെത്തിത്. കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷത്തിനിടയില്‍ തട്ടിപ്പ് കാണിച്ച തുകയില്‍ 74 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.ഇന്ത്യന്‍ ബാങ്കുകളില്‍ 2013-14 വര്‍ഷം 10,170.8 കോടി രൂപയുടെ ബാങ്ക് തട്ടിപ്പാണ് നടന്നത്. 2014-15 ല്‍ ഇത് 19,455.1 കോടി ആയി ഉയര്‍ന്നു. 2015-16ല്‍ 18,698.8 കോടിയായി കുറഞ്ഞു. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഇത് വീണ്ടും കുത്തനെ ഉയര്‍ന്നു. നോട്ട് നിരോധനം നടന്ന 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് തട്ടിപ്പ് കുത്തനെ ഉയര്‍ന്നു. 29,933.9 കോടി രൂപയായി ഉയര്‍ന്നു. അതായത് 11, 235 കോടി രൂപയുടെ തട്ടിപ്പാണ് നോട്ട് നിരോധനം നടപ്പാക്കിയ ശേഷം വര്‍ധിച്ചത്. 2017 18 ല്‍ ഇത് വീണ്ടും വര്‍ധിച്ച്‌ 41, 167.7 കോടി രൂപയായി തട്ടിപ്പ് . 2018-19ല്‍ ബാങ്ക് തട്ടിപ്പില്‍ അഭൂതപൂര്‍വ്വമായ വര്‍ധനയാണ് ഉണ്ടായത്. 71,542.93 കോടി രൂപയുടെ തട്ടിപ്പാണ് 2018-19ല്‍ നടന്നതെന്നും കണക്കുകള്‍ പറയുന്നു.ഇതെല്ലാം ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കിട്ടാക്കടമുള്ള ബാങ്കിങ് രംഗമായി ഇന്ത്യ മാറിയതിന് ഈ കിട്ടാക്കടങ്ങളും കാരണമായിട്ടുണ്ടാകാം.




Related News