Loading ...

Home Business

നികുതിദായകരുടെ ശ്രദ്ധയ്ക്ക്!; പാനിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ന്യൂഡല്‍ഹി: ഈ വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പാനിനെ ആധാറുമായി നിര്‍ബന്ധമായി ബന്ധിപ്പിച്ചിരിക്കണമെന്ന് ആദായനികുതി വകുപ്പ്. ആദായനികുതി സേവനങ്ങള്‍ ഭാവിയിലും ലഭിക്കുന്നതിന് ഡിസംബര്‍ 31നകം ഇതിനായുളള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആദായനികുതി വകുപ്പിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. സമയപരിധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കേയാണ് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. പാനിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സയമപരിധി സെപ്റ്റംബറില്‍ ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. പ്രത്യക്ഷ നികുതി ബോര്‍ഡാണ് ഇതുസംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പ്രകാരമുളള സമയപരിധി തീരാനാണ് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നത്. നേരത്തെ സമയപരിധി സെപ്റ്റംബര്‍ 30 ആയിരുന്നു. ഇതാണ് ഡിസംബര്‍ 31 വരെ നീട്ടിയത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയായ ആധാര്‍ സ്‌കീം ഭരണഘടനാപരമായി നിയമസാധുതയുളളതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഐടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ നമ്ബര്‍ നല്‍കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കുന്നത് ശരിവെയ്ക്കുന്നതായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

Related News