Loading ...

Home International

കാലാവസ്ഥാ വ്യതിയാനം: നടപടികളില്‍ യാതൊരു പുരോഗതിയുമില്ലാതെ മാഡ്രിഡ് ഉച്ചകോടി അവസാനിച്ചു

ദിവസങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും പ്രതീക്ഷ നല്‍കുന്ന തീരുമാനങ്ങളോ ഉടമ്ബടികളോ ഇല്ലാതെ മാഡ്രിഡിലെ കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു. 2015 ലെ പാരീസ് ഉടമ്ബടിയുടെ നിബന്ധനകള്‍ക്ക് അനുസൃതമായി ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ആസൂത്രണം ചെയ്യാന്‍ ഉച്ചകോടിക്ക് കഴിഞ്ഞില്ല. സ്കോട്‌ലാന്‍ഡിലെ ഗ്ലാസ്ഗോയില്‍ അടുത്ത വര്‍ഷം ചേരുന്ന ഉച്ചകോടിയിലെ ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകൂ എന്നാണ് സൂചന. പാരീസ് കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് കാലാനുസൃതമായി നവീകരിച്ച പദ്ധതികളുമായി കുറച്ച്‌ രാജ്യങ്ങള്‍ ഈ വര്‍ഷത്തെ ചര്‍ച്ച സജീവമാക്കിയിരുന്നു. 2050-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് പൂജ്യമാക്കണമെന്ന ദീര്‍ഘകാല ലക്ഷ്യത്തെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു. അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെങ്കിലും ആഗോളതാപനം കുറയ്ക്കാന്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കണമെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച അവസാനിക്കേണ്ട ചര്‍ച്ച അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഞായറാഴ്ച വരെ നീളുകയായിരുന്നു. കാര്‍ബണ്‍ മാര്‍ക്കറ്റ്, ഭൗമതാപനില ഉയരുന്നതുകൊണ്ടുള്ള നഷ്ടം നികത്തല്‍ തുടങ്ങിയ വിഷയങ്ങളിലാണ് കടുത്ത അഭിപ്രായഭിന്നത നിലനിന്നത്. അതോടെ, നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ആഗോളതാപനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടന്പടി സംബന്ധിച്ച അന്തിമധാരണ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് വിഫലമായത്. ആഗോളതാപനത്തിന്‍റെ കെടുതികള്‍ നേരിടേണ്ടിവരുന്ന ചെറുദ്വീപ് രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നതില്‍ പൊതു ധാരണയുണ്ടായി. ഹരിതഗ്രഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറയ്ക്കാന്‍ രാജ്യങ്ങള്‍ നടപടി എടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ചിലി-മാഡ്രിഡ് ടൈം ആക്‌ഷന്‍ പ്രഖ്യാപനമാണ് ഉച്ചകോടി ഭാഗികമായെങ്കിലും ബാക്കിവെച്ചത്. പാരീസ് കരാര്‍ വൈകിപ്പിക്കുന്നത് ഓസ്ട്രേലിയ, യു.എസ്., കാനഡ, ബ്രസീല്‍, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണെന്ന് ചെറുദ്വീപുരാജ്യങ്ങളുടെ സഖ്യത്തിലെ (എ.ഒ.എസ്.ഐ.എസ്) അംഗങ്ങള്‍ ആരോപിച്ചിരുന്നു. ഭൗമതാപനിലയിലെ വര്‍ധന രണ്ടുഡിഗ്രി സെല്‍ഷ്യല്‍സില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുകയെന്നതാണ് 2015-ല്‍ വന്ന പാരീസ് ഉടമ്ബടിയുടെ പ്രധാനലക്ഷ്യം. എന്നാല്‍, ഇത്തവണയും 200 രാജ്യങ്ങളിലെ പ്രതിനിധികള്‍ രണ്ടാഴ്ച മാരത്തണ്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടെങ്കിലും തീരുമാനങ്ങളൊന്നും ഉണ്ടായില്ല. ചിലിയാണ് ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചത്. ചിലിയിലെ ജനകീയ പ്രക്ഷോഭം മൂലം ഉച്ചകോടി മാഡ്രിഡിലേക്ക് മാറ്റുകയായിരുന്നു. കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമായി പുതിയ നടപടികള്‍ നിര്‍ബന്ധിതമായി കൈക്കൊള്ളേണ്ട ഉച്ചകോടിയാണ് അതൊന്നുമില്ലാതെ അവസാനിച്ചത്.

Related News