Loading ...

Home National

രാജ്യത്ത് വന്‍ പ്രതിഷേധം; നിശാനിയമം അനിശ്ചിതകാലത്തേക്ക് നീട്ടി

ന്യൂഡല്‍ഹി : പൗരത്വഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ഡല്‍ഹിയും ഉള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തം. അസമിലെ ഗുവാഹത്തിയില്‍ നിശാനിയമം അനിശ്ചിതകാലത്തേക്ക് നീട്ടി. ഗുവാഹത്തിയിലടക്കം പ്രക്ഷോഭകാരികളെ നേരിടാന്‍ കരസേന രംഗത്തിറങ്ങി. അക്രമങ്ങളെത്തുടര്‍ന്ന് പാര്‍ലമെന്‍ററികാര്യ സമിതി നടത്തേണ്ടിയിരുന്ന സന്ദര്‍ശനം മാറ്റിവച്ചു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത 42 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകരടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റിരുന്നു. ഷില്ലോങില്‍ നിശാനിയമത്തിന് ഇളവ് നല്‍കിയെങ്കിലും ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ പുനസ്ഥാപിച്ചിട്ടില്ല. അസംറൈഫിള്‍സിന്‍റെ 8 കോളം സൈന്യമാണ് രംഗത്തുള്ളത്. പൗരത്വഭേദഗതിയെക്കുറിച്ച്‌ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഈ മാസം 18 മുതല്‍ 21 വരെയാണ് സന്ദര്‍ശനം നടത്താനിരുന്നത്.

Related News