Loading ...

Home Kerala

കുമരകം ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാരകേന്ദ്രമാകുന്നു

കോട്ടയം: ചില്ലുകുപ്പികളില്‍ കുടിവെള്ളം. ജ്യൂസ് കുടിക്കാന്‍ മുളനിര്‍മിതസ്‌ട്രോകളും ഇന്ത്യയിലെ ആദ്യ  പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാരകേന്ദ്രമാകാനുള്ള തയ്യാറെടുപ്പില്‍ കുമരകം. ഒറ്റത്തവണ ഉപയോഗിച്ച്‌ കളയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി നക്ഷത്രഹോട്ടലുകളാണ് പ്രവര്‍ത്തനത്തിന് തുടക്കമിട്ടിരിക്കുന്നത്. മുറികളില്‍ സൗജന്യമായി നല്‍കുന്ന പ്ലാസ്റ്റിക് കുപ്പിവെള്ളം പാടേ ഒഴിവാക്കി, പകരം ചില്ലുകുപ്പികളില്‍ വെള്ളം നല്‍കുന്നു. പ്ലാസ്റ്റിക് രഹിത സ്ട്രോകള്‍ക്കുപകരം പേപ്പര്‍, മുള നിര്‍മിത സ്ട്രോകളും ഉപയോഗത്തില്‍ വന്നു. അതിഥികള്‍ക്ക് പ്ലാസ്റ്റിക് വിരുദ്ധ അവബോധമുണര്‍ത്താനുള്ള നോട്ടീസുകളും വിതരണം ചെയ്യുന്നു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ചേംബര്‍ ഓഫ് വേന്പനാട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് (സി.വി.എച്ച്‌.ആര്‍), ഓള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‌, രണ്ടുമാസമായി à´ˆ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി. ഹോട്ടലുകളില്‍ പ്ളാസ്റ്റിക് ബാഗ് ഒഴിവാക്കുന്നതിന്റെ പ്രാരംഭനടപടിയായി 7000 തുണിബാഗ്‌ വിതരണംചെയ്തെന്ന് ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ പറഞ്ഞുപ്ലാസ്റ്റിക് കുടിവെള്ളക്കുപ്പിയും സ്ട്രോയും ഒഴിവാക്കിയതിലൂടെ വലിയ ആശ്വാസമാണുള്ളതെന്ന് സി.വി.എച്ച്‌.ആര്‍. സെക്രട്ടറി കെ.അരുണ്‍കുമാര്‍ പറയുന്നു. 70 മുറിയുള്ള ഹോട്ടലില്‍ ദിനംപ്രതി 150-200 പ്ലാസ്റ്റിക് കുപ്പിയും അതില്‍ കൂടുതല്‍ സ്ട്രോകളും മാലിന്യമായി മാറുന്നുണ്ടായിരുന്നു. പൂര്‍ണമായും ഹരിതചട്ടം നടപ്പാക്കാന്‍ ശ്രമിച്ചും കുമരകത്തെ ഹോട്ടലുകള്‍ മാതൃകയാകുകയാണ്. സൗരോര്‍ജവൈദ്യുതി, തുന്പൂര്‍മൂഴി മോഡല്‍ മാലിന്യസംസ്കരണം, കുളിമുറിയിലെ വെള്ളം ശുദ്ധീകരിച്ച്‌ ചെടികള്‍ക്ക് ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സി.വി.എച്ച്‌.ആര്‍. അംഗങ്ങള്‍ തുടക്കമിട്ടു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ മേല്‍നോട്ടത്തില്‍ ഹൗസ്ബോട്ടുകളുടെ ടെര്‍മിനലുകളായ കവണാറ്റിന്‍കര, ചീപ്പുങ്കല്‍, കൈപ്പുഴമുട്ട് എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ശേഖരണ സെന്ററുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഏറ്റുമാനൂരിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ എത്തിച്ച്‌ പുനഃചംക്രമണത്തിന് വിധേയമാക്കുകയാണ് ചെയ്യുന്നത്.













Related News