Loading ...

Home Education

ഇന്ത്യ സ്‌കില്‍സ് 2020: രജിസ്ട്രേഷന്‍ ഡിസംബര്‍ 31 വരെ നീട്ടി

കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്‌കില്‍സ് 2020 മത്സരങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. രണ്ട് വര്‍ഷം കൂടുമ്ബോള്‍ സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കില്‍സ് മത്സരങ്ങളിലൂടെ നിപുണരായവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും പ്രദര്‍ശിപ്പിക്കുവാനുള്ള അവസരം ലഭിക്കും. കൂടാതെ വിജയികള്‍ക്ക് 2021ല്‍ ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് വേള്‍ഡ് സ്‌കില്‍സ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കും. സ്‌കില്‍ ഇന്ത്യ 2020ല്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.worldskillsindia.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. മെക്കട്രോണിക്സ്, മാനുഫാക്ചറിങ് ടീം ചലഞ്ച്, എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്, ക്ലൗഡ് കമ്ബ്യൂട്ടിങ്, സൈബര്‍ സുരക്ഷ, ബേക്കിങ്, ബ്യൂട്ടി തെറാപ്പി, ഹെയര്‍ഡ്രെസിങ്, മരപ്പണി, ജല സാങ്കേതികവിദ്യ, ഐടി നെറ്റ്വര്‍ക്ക് കേബിളിങ് തുടങ്ങി 50-ലധികം നൈപുണ്യ വിഭാഗങ്ങളില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കും. പ്രാദേശിക, ജില്ലാ, സംസ്ഥാന, തലങ്ങളില്‍ നടക്കുന്ന നൈപുണ്യ മത്സരങ്ങള്‍ക്ക് ശേഷം 2020 ല്‍ ഇന്ത്യാസ്‌കില്‍സ് ദേശീയ മത്സരം സംഘടിപ്പിക്കും. ഇന്ത്യാ സ്‌കില്‍സ് മത്സരങ്ങള്‍ക്കൊപ്പം, അബിലിംപിക്‌സ്, ഒളിംപിക്‌സ് ഓഫ് എബിലിറ്റി മത്സരങ്ങളും സംഘടിപ്പിക്കും. പ്രത്യേക കഴിവുള്ള വ്യക്തികള്‍ക്ക് അവരുടെ അതുല്യ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇവ. 2019ല്‍ റഷ്യയിലെ കാസനില്‍ നടന്ന വേള്‍ഡ് സ്‌കില്‍സ് മത്സരങ്ങളില്‍ ഭാരതത്തെ പ്രതിനിധീകരിച്ച കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. മൊബൈല്‍ റോബോട്ടിക്‌സ്, സൈബര്‍ സുരക്ഷ, ലാന്‍ഡ്‌സ്‌കേപ്പ് ഗാര്‍ഡനിങ്, കോണ്‍ക്രീറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മെക്കട്രോണിക്‌സ് എന്നിവ ടീം നൈപുണ്യ മത്സരങ്ങളാണ്. ഈ മത്സരങ്ങള്‍ക്ക് രണ്ട് വ്യക്തികളുടെ ഒരു ടീം ആവശ്യമാണ്. മെക്കട്രോണിക്‌സ്, മാനുഫാക്ചറിങ് ടീം ചലഞ്ച്, എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്, ക്ലൗഡ് കമ്ബ്യൂട്ടിങ്, സൈബര്‍ സെക്യൂരിറ്റി, വാട്ടര്‍ ടെക്‌നോളജി, ഐടി നെറ്റ്വര്‍ക്ക് കേബിളിങ് എന്നീ ഇനങ്ങളില്‍ മത്സരത്തിന് അപേക്ഷിക്കുന്നവര്‍ 1996 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവരാകണം. ബാക്കിയുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 1999 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://worldskillsindia.co.in/worldskill/world/ സന്ദര്‍ശിക്കുക.

Related News