Loading ...

Home sports

ഐഎസ്‌എല്‍; രണ്ടാം വിജയം ലക്ഷ്യമാക്കി ഒഡിഷയും ഹൈദരാബാദും

പൂണെ: ഐഎസ്‌എല്‍ ആറാം സീസണില്‍ പേരുമാറ്റിയെത്തിയ ഒഡിഷ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും രണ്ടാം ജയം ലക്ഷ്യമാക്കി കളത്തിലിറങ്ങുന്നു. 7 കളികളില്‍നിന്നും 4 പോയന്റുമായി പോയന്റ് പട്ടികയില്‍ ഏറ്റവും താഴത്താണ് ഹൈദരാബാദ്. ഇത്രയും കളികളില്‍നിന്നും ഒഡിഷയ്ക്ക് 6 പോയന്റാണുള്ളത്. ഒരു ജയവും മൂന്നു സമനിലയും മാത്രമുള്ള ഒഡിഷയ്ക്ക് മുന്നേറാന്‍ ജയം അനിവാര്യമാണ്. കഴിഞ്ഞ നാല് കളികളില്‍ മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് ഒഡിഷയ്ക്കുള്ളത്. മുന്നേറ്റനിരയുടെ മികവില്ലായ്മ ടീമിനെ വലയ്ക്കുന്നു. പരിശീലകന്‍ ജോസഫ് ഗോംബൗ ഹൈദരാബാദിനെതിരെ ജയപ്രതീക്ഷയിലാണ്. സിസ്‌കോ ഫെര്‍ണാണ്ടസ്, ജെറി തുടങ്ങിയവര്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഗോളായി മാറുന്നില്ല. കാര്‍ലോസ് ഡെല്‍ഗാഡോ, മാര്‍ക്കോസ് ടെബര്‍, അരിദാനി സന്റാന തുടങ്ങിയ കളിക്കാര്‍ ഹൈരദാബാദിനെതിരെ ഇറങ്ങും.സീസണിലെ ആദ്യ കളിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച ഹൈദരാബാദിന് പിന്നീട് ജയം സ്വന്തമാക്കാനായിട്ടില്ല. സൂപ്പര്‍താരം മാഴ്‌സലീന്യോ ഒഡിഷയ്‌ക്കെതിരെ കളിക്കില്ലെന്നത് ടീമിന് തിരിച്ചടിയാണ്. റോബിന്‍ സിങ്, ബോബോ, ജൈല്‍സ് ബാര്‍ണെസ് തുടങ്ങിവര്‍ ഇറങ്ങും. 14 ഗോളുകള്‍ വഴങ്ങിയ ഹൈദരാബാദിന്റെ പ്രതിരോധം ദുര്‍ബലമാണ്. പുതിയ ടീമായി ഒത്തിണക്കത്തോടെ ഇറങ്ങിയാല്‍ ഒഡിഷയ്‌ക്കെതിരെ ജയിച്ചുകയറാം. ഇരു ടീമുകളും സമനില പാലിക്കുമെന്നാണ് പ്രവചനം.

Related News