Loading ...

Home Australia/NZ

സ്നേഹത്തിന്‍റെ ദേവാലയങ്ങളാവുക: സണ്ണി സ്റ്റീഫന്‍

ബ്രിസ്ബെയ്ന്‍: അടയാളങ്ങളുടെ സമൃദ്ധികൊണ്ട് ആഘോഷിക്കേണ്ട കൂദാശയാണ് സ്നേഹം. സ്നേഹം പോലെ തോന്നിക്കുന്ന പല പ്രവര്‍ത്തികളില്‍ കുടുങ്ങി യഥാര്‍ത്ഥമായ സ്നേഹം എന്താണെന്നുപോലും അറിയാത്തവരായി നാം ജീവിക്കുന്നു. നിങ്ങള്‍ എത്ര എത്ര സുഖങ്ങള്‍ പങ്കിട്ടു എന്നതിലല്ല, നിങ്ങള്‍ അവര്‍ക്ക് വേണ്ടി ഏതറ്റം വരെ ത്യജിക്കാന്‍ തയ്യാറായി എന്നതാണ് സ്നേഹത്തിന്‍റെ പൂര്‍ണ്ണത. ഏതൊന്നാണോ നിങ്ങള്‍ മറ്റൊരാള്‍ക്കുവേണ്ടി ത്യജിച്ചത് അതാണ്‌ നിങ്ങള്‍ ആസ്വദിച്ചത്. ബണ്ടബര്‍ഗ് ഹോളി റോസ്സറി കാത്തലിക് ദേവാലയത്തില്‍ വച്ചു നടന്ന പ്രാര്‍ത്ഥനാകൂട്ടായ്മയെ അഭിസംബോധന ചെയ്ത് ലോകപ്രശസ്ത കുടുംബപ്രേഷിതനും വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും പ്രശസ്ത ഫാമിലി കൌണ്‍സിലറും സംഗീതജ്ഞ്ജനുമായ ശ്രീ സണ്ണി സ്റ്റീഫന്‍, പ്രാര്‍ത്ഥനാ സമൂഹത്തിനു വചന പ്രബോധനം നല്‍കി.

  “എല്ലാവരിലും എല്ലായിടത്തുമുള്ള ഈശ്വരസാന്നിദ്ധ്യത്തെ നിറഞ്ഞ സന്തോഷത്തോടെ കരംകൂപ്പിക്കാണാന്‍ നാം പഠിക്കണം. ഒരു കുഞ്ഞിനെപ്പോലും വണങ്ങുവാനാകുന്ന വിധത്തില്‍ ജീവിതത്തില്‍ വിനയമുണ്ടാകണം. എന്‍റെ ഉള്ളിലെ ദൈവാംശം നിന്‍റെ ഉള്ളിലെ ദൈവത്തെ തിരിച്ചറിയുന്നുവെന്നതാണ് ആദ്ധ്യാത്മികതയുടെ കാതല്‍. അപ്പോള്‍ ദേവാലയം പോലുള്ള മനുഷ്യര്‍ ഉണ്ടാവുന്നു. ജീവിതത്തിന്‍റെ നിസ്സാരതകള്‍ വെളിപ്പെട്ടുകിട്ടുമ്പോള്‍ എത്ര ആഴമില്ലാത്ത കാര്യങ്ങളിലാണ് ദാനമായിത്തന്ന ജീവിതത്തിന്‍റെ ഊര്‍ജ്ജം വ്യയം ചെയ്യുന്നതെന്ന തിരിച്ചറിവുണ്ടാകുന്നു. കാമ്പില്ലാത്ത തവിടുകളില്‍ കുടുങ്ങാതെ സുബോധമുള്ളവരായി ശ്രേഷ്ഠതയില്‍ ജീവിക്കുകയെന്നതിനേക്കാള്‍ ജീവിതത്തിനു ചാരുത നല്‍കുവാന്‍ മറ്റൊന്നില്ല. വിനയത്തിന്‍റെയും ആദരവിന്‍റെയും കാനാന്‍ദേശത്തേയ്ക്ക് വിശ്വാസികളെ എത്തിക്കുകയാണ് ആദ്ധ്യാത്മികതയിലൂന്നിയ മതധര്‍മ്മം. അങ്ങനെ പ്രകാശമുള്ള മനുഷ്യരായി ജീവിക്കുവാന്‍ നമുക്കൊരുങ്ങാം. അചഞ്ചലമായ സ്നേഹത്തെക്കുറിച്ചും ഉപാധികളില്ലാത്ത സ്നേഹത്തെക്കുറിച്ചും പ്രകാശം കിട്ടിയ മനുഷ്യര്‍ക്ക്‌ മാത്രമെ സ്നേഹത്തിന്‍റെ ദേവാലയങ്ങളാകാനും അതിന്‍റെ തീര്‍ത്ഥങ്ങള്‍ ആസ്വദിക്കുവാനും കഴിയുകയുള്ളൂ. അങ്ങനെ പ്രകാശത്തിന്‍റെ പ്രസാദമുള്ളവരായി നമുക്കു ജീവിക്കാമെന്നും” അദ്ദേഹം പറഞ്ഞു.

ആസ്ത്രേലിയന്‍ പര്യടനം പൂര്‍ത്തിയാക്കി ന്യൂസ് ലാന്‍ഡിലേക്ക് മടങ്ങുന്ന സണ്ണി സ്റ്റീഫന്, പാരീഷ് കൌണ്‍സില്‍ മെമ്പറും ഗ്രേയ്സ് ഹോസ്പിറ്റല്‍ ഡയറക്ടറുമായ ഡോ. പ്രെഷി വര്‍ഗ്ഗിസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News