Loading ...

Home National

മാനവ ശേഷി വികസനത്തില്‍ ഇന്ത്യ 129ാം സ്ഥാനത്ത്; രാജ്യത്ത് അസമത്വം പെരുകുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എല്ലാ മേഖലയിലും അസമത്വം പെരുകുന്നതായി ഐക്യരാഷ്ട്രസംഘടന റിപ്പോര്‍ട്ട്‌. 189 രാജ്യം ഉള്‍പ്പെട്ട മാനവശേഷിവികസന സൂചിക പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 129-ാമതാണെന്ന്‌ യുഎന്‍ വികസന ഏജന്‍സിയായ യുഎന്‍ഡിപിയുടെ മാനവശേഷി വികസന റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം, ലിംഗപദവി, നവീന സാങ്കേതികവിദ്യകളുടെ പ്രയോജനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ അസമത്വം ഭയാനകമാണ്‌. സുസ്ഥിരവികസനം അസാധ്യമാകുന്നതായും യുഎന്‍ഡിപി ഇന്ത്യ പ്രതിനിധി ഷോക്കോ നോദ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്‌ നല്‍കി. ദരിദ്രരും സമ്ബന്നരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. മൊത്തം ദേശീയവരുമാനത്തില്‍ ഏറ്റവും ദരിദ്രരായ 40 ശതമാനം പേരുടെ വിഹിതം 19.8 ശതമാനംമാത്രമാണ്‌. ധനികരായ 10 ശതമാനത്തിന്റെ വിഹിതം 30.1 ശതമാനവും. ഇതില്‍ ഏറ്റവും സമ്ബന്നരായ ഒരു ശതമാനത്തിന്റേതാണ്‌ 21.3 ശതമാനമാണ്‌. 50,000 രൂപയാണ്‌ പ്രതിശീര്‍ഷവരുമാനം. 58 ശതമാനം പേരുടെ വരുമാനം ഇതിലും വളരെ താഴെയാണ്‌. ഏറ്റവും ധനികരായ ഒരു ശതമാനത്തിന്റെ വരുമാനം പലമടങ്ങും. 130 കോടി ജനങ്ങളില്‍ 28 ശതമാനവും ദാരിദ്ര്യം അനുഭവിക്കുന്നു. സ്‌ത്രീവിരുദ്ധ മനോഭാവം വര്‍ധിക്കുന്നു. 25 വയസ്സിനു മുകളിലുള്ള സ്‌ത്രീകളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ലഭിച്ചവര്‍ 39 ശതമാനം മാത്രമാണ്‌. മാതൊഴിലെടുക്കുന്നവരില്‍ സ്‌ത്രീകളുടെ പങ്ക്‌ 23.6 ശതമാനവും. പാര്‍ലമെന്റില്‍ സ്‌ത്രീപ്രാതിനിധ്യം 11.7 ശതമാനത്തില്‍ ഒതുങ്ങുന്നു. കാലാവസ്ഥവ്യതിയാനത്തിന്റെ കെടുതി കൂടുതല്‍ അനുഭവിക്കുന്നത് ദരിദ്രരാണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

Related News