Loading ...

Home celebrity

അച്ഛന്‍ തണലും വെയിലും by ഡോ. വസന്തകുമാര്‍ സാംബശിവന്‍

കടന്നുപോയത് അച്ഛന്റെ അദൃശ്യസാന്നിധ്യത്തിന്റെ ഇരുപത് വത്സരങ്ങളാണ്. ഭൌതികേതരസ്വാധീനത്തിന്റെ താങ്ങും തണലും പറ്റി പിതാവിന്റെ പ്രതിനിധിയായി എനിക്ക് നിലകൊള്ളാന്‍ അവസരമൊരുക്കിയ സംവത്സരങ്ങള്‍.

കഥാപ്രസംഗകലയുടെ പര്യായമായി അദ്ദേഹം തുടക്കകാലത്തു തന്നെ പാദമുദ്രകള്‍ പതിപ്പിച്ചു. സംസ്കൃത പാഠശാലയും പണ്ഡിതരും ശിരോമണിമാരും മുന്‍ഷിമാരും നിറഞ്ഞ നാടായിരുന്നു അദ്ദേഹത്തിന്റെ ജന്മദേശമായ ചവറ തെക്കുംഭാഗം ഗ്രാമം. പഠിക്കണമെന്ന അദമ്യമായ അഭിലാഷത്തിന് തിരികൊളുത്തിയത് ആ ഗ്രാമസംസ്കൃതിതന്നെയാണ്. പക്ഷേ പഠിക്കാന്‍ പണമില്ല. വീട്ടില്‍ ഏറെ സാമ്പത്തികബാധ്യതകളും. പത്താംക്ളാസ് കഴിഞ്ഞ് കൊല്ലം എസ് എന്‍ കോളേജില്‍ ചേരണം. ഏറെ ആലോചിച്ചശേഷം അതിന് പണമുണ്ടാക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് കഥാപ്രസംഗം.

ഒ നാണു ഉപാധ്യായന്‍ എന്ന കവി കഥാപ്രസംഗം ഉദ്ഘാടനം ചെയ്തു. ശ്രീബുദ്ധനെപ്പോലെ ലളിതഭാഷകൊണ്ട് ജനങ്ങളെ കീഴടക്കാന്‍ സാംബശിവന് കഴിയട്ടെ എന്ന് ഉദ്ഘാടകന്‍ ആശീര്‍വദിച്ചു. “"കലാശാലാവിദ്യാഭ്യാസം ചെയ്യാന്‍ എനിക്ക് കലശലായ മോഹം. ഞാന്‍ ഒരു കഥ പറയാം. പകരം നിങ്ങള്‍ എനിക്ക് പഠിക്കാന്‍ പണം തരണം''– ഇതായിരുന്നു അച്ഛന്റെ തുടക്കം.

കത്തിച്ചുവച്ച പെട്രോമാക്സ് വിളക്കിന്റെ പ്രകാശത്തില്‍ ശ്രീഗുഹാനന്ദപുരം ക്ഷേത്രത്തിന്റെ സേവപ്പന്തലില്‍ മൈക്കില്ലാതെ കഥ പറഞ്ഞ സാംബശിവനെ കേള്‍ക്കാന്‍ പരിമിതമായ സദസ്സായിരുന്നു. കൂട്ടത്തില്‍ ഉറ്റമിത്രമായിരുന്ന ചവറക്കാരന്‍ ഒ എന്‍ വി കുറുപ്പും. ചങ്ങമ്പുഴയുടെ “'ദേവത'” ആയിരുന്നു കഥ. കഥാപ്രസംഗീകരണവും ഈണംപകരലും എല്ലാം പത്തൊന്‍പതുകാരനായ സാംബശിവന്റെ കൈക്കുറ്റപ്പാടുകള്‍തന്നെയായിരുന്നു. കൂട്ടുകാരന്‍ ലൂയിസിന് പ്രസംഗമത്സരത്തിന് കിട്ടിയ സമ്മാനമായിരുന്നു 'ദേവത'” എന്ന പുസ്തകം.

കഥ സദസ്സിന് പ്രിതതരമായി. പഠിക്കാന്‍ പൊലിവ് കിട്ടി. വാക്കു പാലിച്ച് എസ് എന്‍ കോളേജില്‍ ചേര്‍ന്ന് പഠിച്ചു. തുടര്‍ന്നും കഥ പറഞ്ഞു. ശങ്കരനാരായണന്‍ തമ്പി അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ത്തു. പാര്‍ടിയുടെ വിദ്യാര്‍ഥിവിഭാഗമായിരുന്ന എസ്എഫിന്റെ നേതാവായി, കോളേജ് യൂണിയന്‍ ചെയര്‍മാനായി, എസ്എഫിന്റെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി.

  ഡോ. വസന്തകുമാര്‍ സാംബശിവന്‍
ആരും ഇഷ്ടപ്പെടുന്ന രൂപസൌകുമാര്യം അച്ഛന്റെ ജന്മഭാഗ്യമായിരുന്നു. ശബ്ദലാവണ്യവും അനിതരമായ വരപ്രസാദമായിരുന്നു. മുഴക്കവും മാധുര്യവും സമഞ്ജസമായി നമ്മുടെ കര്‍ണപുടങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന അനുഭവം നല്‍കുന്ന നവസുധയായിരുന്നു അത്. അഭിനേതാവിന്റെ മുഖത്ത് വിടരുന്ന നവരസങ്ങള്‍ക്ക് സമാനമായ ശബ്ദവിന്യാസ വൈവിധ്യത്തിലൂടെ വികാരവിഭിന്നതകളെ അനായാസം ദ്യോതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അപ്സരസൌന്ദര്യം തുളുമ്പുന്ന അനീസ്യയുടെ വാക്കും മനസ്സും ആ ശബ്ദത്തില്‍ നിറയ്ക്കാന്‍ അച്ഛന് അനായാസം കഴിയുമായിരുന്നു. "പെണ്ണേ നിന്നെ കത്തികൊണ്ട് അരിഞ്ഞുഞാന്‍ കടയില്‍ കെട്ടിത്തൂക്കും''”എന്ന് പ്രഖ്യാപിക്കുന്ന അദ്രുമാന്റെ കഠോര ഹൃദയം ഒരു വാങ്മയചിത്രമായി സഹൃദയന്റെ മനസ്സില്‍ കോറിയിടുന്ന വിരുത് എന്റെ അച്ഛന് മാത്രം സ്വായത്തമായിരുന്നതാണ്.

സല്‍സ്വഭാവത്തിന്റെ ദേവതയാണെന്ന് സ്വന്തം സഹധര്‍മിണിയെ വാഴ്ത്തിയ ഒഥെല്ലോ, സ്വന്തം കൈകൊണ്ട് അവളെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ഒരുങ്ങിനില്‍ക്കുന്ന വേളയില്‍, à´† കഥാപാത്രത്തിന്റെ മനസ്സിലെ സങ്കീര്‍ണ സംഘര്‍ഷങ്ങള്‍ ശബ്ദത്തിലൂടെ ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 

സല്‍കഥാപാത്രങ്ങളെക്കൊണ്ട് എന്നപോലെ നെഗറ്റീവ് കാരക്ടേഴിസിനെക്കൊണ്ടും ഏവരും അംഗീകരിക്കുന്ന റൊമാന്റിക് രംഗങ്ങള്‍ ഒരുക്കി അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.  'റെയിന്‍ബോ'യിലെ പുസ്സി എന്ന വെപ്പാട്ടി ജന്മനാടിനെ വഞ്ചിക്കുന്നവളാണെങ്കില്‍ക്കൂടി അവളുടെ പ്രണയഗാനവും നൃത്തവും  "മാല തരൂ, പൂമാല തരൂ''” എന്ന പാട്ടുരംഗത്തിലൂടെ അച്ഛന്‍ ആവിഷ്കരിക്കുമ്പോള്‍, സിനിമാരംഗങ്ങള്‍പോലും നാണിച്ചു തലതാഴ്ത്തും.

കൊച്ചുകുട്ടിയുടെ ഹൃദയനൈര്‍മല്യം സ്ഫുരിക്കുന്ന ശബ്ദവും വായ്ത്താരിയും സാംബശിവനുമാത്രം കഴിഞ്ഞിരുന്നതാണ്.  'വിലയ്ക്കു വാങ്ങാ'മിലെ ദീപാങ്കുരന്‍,"അതെന്ത്വാ ചേച്ചീ പ്രേമമെന്ന് പറഞ്ഞാല്‍? ആണും പെണ്ണും തമ്മിലുള്ള ഒരു... ഒരു... ഒരിതാണോ?''”എന്ന് ചോദിക്കുന്ന à´°à´‚à´—à´‚ ഇവിടെ ഒര്‍ക്കാം.

മലയാളഭാഷയ്ക്ക് ഒരു മുതല്‍ക്കൂട്ട്
മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം അര്‍പ്പിച്ച സേവനം ഗഹനമായ ഒരു ഗവേഷണവിഷയമായി വികസിക്കേണ്ടതാണ്. ഭാഷയുടെ ജന്മം ശബ്ദങ്ങളായി ആശയങ്ങള്‍ പ്രകാശിപ്പിക്കാനുള്ള ശ്രമങ്ങളിലൂടെയാണ് സംഭവിച്ചത്. പ്രാദേശിക പ്രത്യേകതകളിലൂടെ ഉരുത്തിരിഞ്ഞുവന്ന സംസാരഭാഷ നിയതവും നിയമാനുസൃതവുമായ എഴുത്തുഭാഷയായിത്തീര്‍ന്നു. എഴുത്തുഭാഷയ്ക്ക് ശബ്ദമില്ല. നിശ്ശബ്ദമായ പാരായണം സൃഷ്ടിക്കുന്ന ആശയപ്രപഞ്ചത്തെ ആവാഹിച്ച് ശബ്ദസൌകുമാര്യമുള്ള ഭാഷയെ സൃഷ്ടിക്കുന്ന കലാസമ്പ്രദായമായിരുന്നു അച്ഛന്റെ ജീവിതദൌത്യം. ശ്രവണക്ഷമമായ ഭാഷയുടെ സൌന്ദര്യം ശ്രോതാവിന് അനുഭവവേദ്യമാക്കിയ അച്ഛന്റെ സാന്നിധ്യംകൂടി ശ്രോതാവിനൊപ്പം എപ്പോഴുമുണ്ടായിരുന്നു. ആശയസന്നിവേശത്തിന് ആ സാന്നിധ്യം ശക്തമായ ഒരു ഉള്‍പ്രേരകമായിരുന്നു. ഭാഷയുടെ ശുദ്ധമായ പ്രയോഗശീലമാതൃകയാണ് സാംബശിവന്റെ കഥാപ്രസംഗശ്രോതാവിന് സൌജന്യമായി ലഭിച്ചത്.

അച്ഛന്‍ കവിയാകണമെന്ന് ആഗ്രഹിച്ച ആളായിരുന്നു. മലയാള ഭാഷയുടെ ലബ്ധപ്രതിഷ്ഠങ്ങളായ പ്രകാശഗോപുരങ്ങള്‍ അദ്ദേഹത്തിന് വെളിച്ചമായിരുന്നു. ആശാനും വള്ളത്തോളും ചങ്ങമ്പുഴയും അദ്ദേഹത്തിന് ആരാധ്യമാതൃകകളായിരുന്നു. കാഥികനായപ്പോള്‍ കഥാപ്രസംഗകവിത രചിക്കുന്ന കവികൂടിയായി അച്ഛന്‍ മാറി.

അങ്ങകലെ വെണ്‍മേഘപാളികള്‍
നിന്നുറങ്ങുന്ന വീഥിയില്‍
കണ്ണുചിമ്മാതെ നിന്നു താരക–
ളെന്നോടൊപ്പമെന്‍ കൂട്ടിനായ്
മഞ്ഞുതുള്ളിയാല്‍ കണ്ണുനീര്‍തൂവി
കുഞ്ഞുതെങ്ങോലത്തുമ്പുകള്‍
മൂടല്‍മഞ്ഞല ചാര്‍ത്തി à´ˆ ചെറു– 
പാടമാകെ മയങ്ങവെ
കോരകങ്ങള്‍ കൈകൂപ്പി നിശ്ശബ്ദ–
പൂജ ചെയ്താത്മനാഥനെ

ഇത് കഥാപ്രസംഗകവിത അല്ല. അച്ഛന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരിക്കവെ കൊല്ലം എസ് എന്‍ കോളേജ് മാഗസിനില്‍ എഴുതിയ ‘'പുലരി വരുന്നു'’എന്ന കവിതയാണ്. അച്ഛന്റെ മിത്രങ്ങളായിരുന്നു à´’ എന്‍ വിയും വയലാറും കവികൂടിയായിരുന്ന എസ്  കെ  പൊറ്റെക്കാട്ടുമൊക്കെ. അച്ഛന്റെ കഥാപ്രസംഗ ഗാനങ്ങള്‍, “'പുഷ്പിത ജീവിതവാടിയിലൊരപ്സര സുന്ദരിയാണനീസ്യ' (അനീസ്യ), 'അപ്സരസ്സാണെന്റെ ഡസ്ഡമണ്‍'” (ഒഥെല്ലോ) “'ആരും ക്ഷണക്കത്തയ്ക്കാതെ വന്നുഞാന്‍ ആരോമലിന്‍ വിവാഹോത്സവപ്പന്തലില്‍'” (വിലയ്ക്കുവാങ്ങാം), 'റെയിന്‍ബോ, റെയിന്‍ബോ..... നീ നല്ലൊരു നാളിന്റെ നാന്ദി'” (റെയിന്‍ബോ), 'ഞാവല്‍പ്പഴംപോല്‍ കരിനീല നീള്‍മിഴി ആരോമലേ നിനക്കാരു നല്‍കി'” (ഉയിര്‍ത്തെഴുന്നേല്‍പ്പ്) തുടങ്ങിയവ കഥാപ്രസംഗകാലത്തെ ഹിറ്റുകളാണ്. 

കമ്യൂണിസ്റ്റ് കലാകാരന്‍

ഇരുപതാമത്തെ വയസ്സില്‍ കമ്യൂണിസ്റ്റ്പാര്‍ടിയില്‍ ചേര്‍ന്ന അദ്ദേഹം  അവസാനശ്വാസംവരെ പാര്‍ടിക്കൊപ്പമായിരുന്നു. നില്‍പ്പിലും നടപ്പിലും ഉടുപ്പിലും സോഷ്യലിസ്റ്റ് സ്വാധീനം ബാധിച്ച കലാകാരനായിരുന്നു എന്റെ അച്ഛന്‍. നോര്‍വീജിയന്‍ പൌരനായ സ്കാന്റിനേവിയന്‍ സാഹിത്യകാരന്‍ ഇബ്സന്റെ 'ഗോസ്റ്റ്'കഥാപ്രസംഗമാക്കിയപ്പോള്‍, ബൂര്‍ഷ്വാസമൂഹത്തിന്റെ സഹജമായ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാണിച്ച് ജനശത്രുവായ മുതലാളിത്തത്തെ നിരാകരിക്കേണ്ടതിന്റെയും സോഷ്യലിസത്തെ പുല്‍കേണ്ടതിന്റെയും പ്രാധാന്യം സന്ദര്‍ഭോചിതമായി അദ്ദേഹം സ്ഥാപിക്കുമായിരുന്നു. ‘'ലേഡി ചാറ്റര്‍ലീസ് ലവര്‍'’എന്ന വിവാദപുസ്തകം ‘'പതിവ്രതയുടെ കാമുകന്‍'’എന്ന പേരില്‍ കഥാപ്രസംഗാഖ്യാനം ചെയ്തപ്പോള്‍ അതിലെ നായകന്‍ ക്ളിഫോഡ് ചാറ്റര്‍ലിയെ അരയ്ക്ക് താഴെ തളര്‍ന്നനിലയില്‍ വീട്ടില്‍ കൊണ്ടുചെന്ന് എത്തിക്കുന്ന ഒരു രംഗമുണ്ട്. യുവത്വം പ്രസരിക്കുന്ന കോണി എന്ന ഭാര്യ à´† ഞെട്ടിക്കുന്ന കാര്യം അറിയുന്നത് അപ്പോഴാണ്. ‘"ക്ളിഫോഡ് എന്ന സൈനിക ക്യാപ്റ്റനെ തളര്‍ത്തിയത് യുദ്ധമാണ്. യുദ്ധം സാമ്രാജ്യത്വത്തിന്റെയും മുതലാളിത്വത്തിന്റെയും സൃഷ്ടിയാണ്''’ എന്ന് പറയാനാണ് സാംബശിവന് താല്‍പ്പര്യം. ദസ്തേയ്വ്സ്കിയുടെ 'കുറ്റവും ശിക്ഷയും' കഥാപ്രസംഗമാക്കിയപ്പോള്‍ അതിലെ നായകന്‍ നിക്കോഫ്, ഒരു ടൈംപീസ് പലിശപ്പണ്ടമായി വച്ചിട്ട് ഒരു പലിശക്കാരി വൃദ്ധയില്‍നിന്ന് പണം വാങ്ങുന്നുണ്ട്. അപ്പോള്‍ പലിശക്കാരി പണം കൊടുത്തിട്ട് പറയുന്നു, ‘"പലിശ ഞാനിങ്ങ് എടുത്തിട്ടുണ്ട്''. അപ്പോള്‍ സാംബശിവന്‍ പറയുന്നു, ‘"പലിശക്കാരുടെ ശൈലി ഇതാണ്. നാം എല്ലാം പലിശയ്ക്ക് പണം എടുത്തവരാ. അല്ലേ? ഇന്ത്യക്കാരെല്ലാം ഭൂഗോളപലിശക്കാരായ ഐഎംഎഫില്‍നിന്ന് പണം കടമെടുത്തിട്ട് നില്‍ക്കയല്ലേ?''’ഇങ്ങനെ ആനുഷംഗികമായ പ്രയോഗങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാനായിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള വിഷയങ്ങളെ നന്മോന്മുഖമായി, പുരോഗമനോന്മുഖമായി പരാമര്‍ശിക്കാന്‍ ഒരേയൊരു സാംബശിവനേ ഉണ്ടായിരുന്നുള്ളൂ.

അച്ഛന്റെ സല്‍പഥത്തില്‍
കഴിഞ്ഞ ഇരുപത് വര്‍ഷമായി അദ്ദേഹത്തിന്റെ പാതയില്‍ ഞാനുണ്ട്. 1996ല്‍ അദ്ദേഹം പ്രേരിപ്പിച്ചാണ് കോളേജില്‍ കെമിസ്ട്രി അധ്യാപകനായിരുന്ന ഞാന്‍ കഥാവേദിയില്‍ പദമൂന്നിയത്. ഞാന്‍ അതുവരെ കഥപറഞ്ഞിട്ടില്ലായിരുന്നു. എനിക്ക് ഭയാശങ്കകള്‍ ഉണ്ടായിരുന്നു. പക്ഷേ അച്ഛന്‍ പറഞ്ഞു: "ഞാന്‍ നന്നായി à´•à´¥ പറഞ്ഞു, നീ അതിലും നന്നായി പറയാന്‍ ശ്രമിക്കുക.'' “ അത് അസാധ്യമെങ്കിലും à´† വാചകം എന്നെ പ്രചോദിപ്പിച്ചു. കഴിഞ്ഞ 20 വര്‍ഷമായി   ഉത്തരോത്തരം അഭിവൃദ്ധിപ്രാപിച്ചുതന്നെ എന്റെ കഥാപ്രസംഗസപര്യ മുന്നേറുന്നു.

ജനസമക്ഷംനിന്ന് കഥപറയുമ്പോള്‍ സാംബശിവന്റെ സാന്നിധ്യം ഓര്‍മിച്ച് ജനങ്ങള്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നു. പുതിയ കഥകളും പരീക്ഷണങ്ങളുംചെയ്യാന്‍ എന്നെ അവര്‍ പ്രേരിതനാക്കുന്നു. 28 വ്യത്യസ്ത കഥകള്‍ നാലായിരത്തിലേറെ വേദികളില്‍ പറയാന്‍ എനിക്ക് ജനം കരുത്തേകി. "സാംബശിവന്റെ “കലയുടെ തേരോടിക്കണം എനിക്ക് ആകുവോളം വരെ''. അച്ഛന്‍ ഒരു തണലാണ്. ആ തണലത്ത് നില്‍ക്കാനുള്ള യോഗ്യതാസമാഹരണം കഠിനപ്രയത്നത്തിന്റെ എരിവെയിലത്ത് നിന്നുള്ള സമര്‍പ്പിതസാധനയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.
(1996 ഏപ്രില്‍ 25നാണ് വി സാംബശിവന്‍
അന്തരിച്ചത്)


Related News