Loading ...

Home Europe

ഗ്രെറ്റയെത്തി, കാലാവസ്ഥാ ഉച്ചകോടി ഉണരുന്നു

മഡ്രിഡ്: സ്വീഡിഷ് കാലാവസ്ഥാപ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബേ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന സ്പെയിനിലെ മഡ്രിഡിലെത്തി. കാലാവസ്ഥാമാറ്റത്തെക്കുറിച്ച്‌ ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ഗൗരവമായി ചിന്തിക്കണമെന്നും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് യുവതീയുവാക്കള്‍ പങ്കെടുക്കുന്ന മാര്‍ച്ചില്‍ ഗ്രെറ്റയും അണിചേരും. തിങ്കളാഴ്ചയാണ് കാലാവസ്ഥാ ഉച്ചകോടി തുടങ്ങിയത്. ചിലിയില്‍ നടത്താനിരുന്ന പരിപാടി അവിടെ ജനകീയപ്രക്ഷോഭങ്ങളെത്തുടര്‍ന്നാണ് മഡ്രിഡിലേക്ക് മാറ്റിയത്. രണ്ടാഴ്ചനീളുന്ന പരിപാടി യു.എന്‍. ആണ് സംഘടിപ്പിക്കുന്നത്. പാരീസ് കാലാവസ്ഥാഉടമ്ബടിയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കുകകൂടിയാണ് ഉച്ചകോടിയുടെ ലക്ഷ്യം. കാലാവസ്ഥാമാറ്റം വരുംവര്‍ഷങ്ങളില്‍ മനുഷ്യരാശിയെ ഗുരുതരമായിത്തന്നെ ബാധിക്കുമെന്ന് ഇതിനകംതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ആഗോള താപനില ഇനിയും ഉയര്‍ന്നാല്‍ മത്സ്യസമ്ബത്തിനെയും കടല്‍വിഭവങ്ങളെയും ബാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2050 ആകുമ്ബോഴേക്കും കോടിക്കണക്കിന് ഡോളര്‍ ഇതുവഴി നഷ്ടപ്പെടുമെന്നും പറയുന്നു. ഗ്രെറ്റയുടെ വരവോടെ ഉച്ചകോടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. സര്‍ക്കാര്‍ ഇതരസംഘടനകളും പുതുതലമുറയും പരിസ്ഥിതിപ്രവര്‍ത്തകരും വരുംദിവസങ്ങളില്‍ ഒറ്റക്കെട്ടായി ആഗോളതാപനം കുറയ്ക്കാന്‍വേണ്ട നടപടികള്‍ക്കായി ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കും. പതിനാറുകാരിയായ ഗ്രെറ്റ വെര്‍ജീനിയയില്‍നിന്ന് കഴിഞ്ഞമാസം കട്ടമരത്തിലാണ് മഡ്രിഡിലേക്ക് പുറപ്പെട്ടത്. അറ്റ്‌ലാന്റിക് സമുദ്രം താണ്ടി കഴിഞ്ഞയാഴ്ച പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്‌ബണിലെത്തി; അവിടെനിന്ന് ട്രെയിനില്‍ മഡ്രിഡിലും. അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളാത്ത ഗതാഗതമാര്‍ഗം എന്ന നിലക്കാണ് വിമാനയാത്ര ഒഴിവാക്കി കട്ടമരം തിരഞ്ഞെടുത്തത്. ഓഗസ്റ്റില്‍ ലണ്ടനില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്ക് ഗ്രെറ്റ തിരഞ്ഞെടുത്തത് കാര്‍ബണ്‍ പുറത്തുവിടാത്ത വഞ്ചിയായിരുന്നു.

Related News