Loading ...

Home Kerala

കാര്‍ഷിക മോറട്ടോറിയം; ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി മന്ത്രിസഭായോഗം

കാര്‍ഷിക മോറട്ടോറിയം നീട്ടിയ ഉത്തരവിറക്കാത്തതില്‍ ഉദ്യോഗസ്ഥരെ ന്യായീകരിച്ച്‌ ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം തള്ളി. കൃത്യസമയത്ത് ഉത്തരവിറക്കാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയല്ലെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് മന്ത്രിസഭായോഗം തള്ളിയത്. പാറ ക്വാറികളുടെ സീനിയറേജ് കുറയ്ക്കുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കുമുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനായിരുന്നു മാര്‍ച്ച്‌ അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ തീരുമാനമെടുത്തത്. കര്‍ഷക ആത്മഹത്യ തുടര്‍സംഭവമായ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച്‌ 10ന് മുന്‍പ് ഉത്തരവിറക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. അതിന് പിന്നാലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉയരുകയും വിഷയം പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭ യോഗത്തില്‍ അവതരിപ്പിച്ചത്. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് മന്ത്രിസഭയോഗം തള്ളിക്കളഞ്ഞു. ഉദ്യോഗസ്ഥതലത്തില്‍ സംഭവിച്ചത് വീഴ്ച തന്നെയാണെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി.

Related News