Loading ...

Home International

ചൈനാ കല്യാണം: പാകിസ്താനില്‍നിന്ന് പെണ്‍കുട്ടികളെ വില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

ലാഹോര്‍: ചൈനക്കാരായ പുരുഷന്മാരുടെഭാര്യമാരാകാന്‍ 629 പെണ്‍കുട്ടികളെ പാകിസ്താനില്‍ നിന്ന് വിറ്റതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. പാകിസ്താനിലെ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ അസോസിയേറ്റ് പ്രസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2018 മുതല്‍ നടന്ന മനുഷ്യക്കടത്തിന്റെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത്തരത്തില്‍ ചൈനയിലേക്ക് അനധികൃതമായി കടത്തപ്പെട്ട പെണ്‍കുട്ടികളുടെയും യുവതികളുടെയും വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് അസോസിയേറ്റ് പ്രസ് പുറത്തുകൊണ്ടുവന്നത്. മനുഷ്യക്കടത്ത് നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ പാക് അധികൃതര്‍ കഴിഞ്ഞ ജൂണില്‍ നിര്‍ബന്ധിതമായി നിര്‍ത്തിവെക്കപ്പെടുകയും ചെയ്തു. ചൈനയുമായുള്ള ബന്ധം മോശമാകുമെന്ന് കണ്ടാണ് പാക് അധികൃതര്‍ അന്വേഷണം തടഞ്ഞത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളാണ് അസോസിയേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടിലുള്ളത്. അതേസമയം മനുഷ്യക്കടത്തില്‍ പിടിക്കപ്പെട്ടാലും കുറ്റം ചുമത്തുന്നതിന് മുമ്ബുതന്നെ ഭീഷണിയോ പ്രലോഭനങ്ങളോ കൊണ്ട് കേസിനെ പരാജയപ്പെടുത്താനും മനുഷ്യക്കടത്ത് മാഫിയയ്ക്ക് സാധിക്കുന്നു. വിഷയത്തില്‍ അന്വേഷണത്തിന് തുനിയുന്ന പാകിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ അടിക്കടി സ്ഥലം മാറ്റപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. മാത്രമല്ല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പാക് മാധ്യമങ്ങള്‍ക്ക് മേലും നിയന്ത്രണങ്ങളുണ്ട്. ഇരുരാജ്യങ്ങളിലെയും ആളുകള്‍ പരസ്പരം കുടുംബ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനെ ചൈനയും പാകിസ്താനും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ അനധികൃതമായി നടക്കുന്ന മനുഷ്യക്കടത്ത് അംഗീകരിക്കില്ലെന്നാണ് ഇരുരാജ്യത്തിന്റെയും ഔദ്യോഗിക നിലപാട്. സാമ്ബത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെയാണ് വിവാഹ മാഫിയ ലക്ഷ്യമിടുന്നത്. അടുത്തിടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പാകിസ്താനിവെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്ള പെണ്‍കുട്ടികളാണ് വിവാഹ മാഫിയകളുടെ പുതിയ ലക്ഷ്യമെന്നാണ്. ഇത്തരത്തില്‍ ചൈനയിലേക്ക് വിവാഹത്തിലൂടെ കടത്തപ്പെടുന്ന പെണ്‍കുട്ടികള്‍ പിന്നീട് തടവറകളിലാക്കപ്പെടുകയോ വേശ്യാവൃത്തിയിലേക്ക് തള്ളപ്പെടുകയോ ആണ് പതിവ്.മറ്റുചിലര്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റ് വീടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്നു. അത്തരം അനുഭവങ്ങള്‍ സഹിക്കവയ്യാതെ തിരികെ വരുന്നവരില്‍ നിന്നാണ് വിവരങ്ങള്‍ പുറംലോകമറിയുന്നത്. ഇങ്ങനെ ലഭിച്ച വിവരങ്ങളില്‍ നിന്നാണ് അന്വേഷണം നടന്നതും 629 പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ലഭിച്ചതും. അത്തരം വിവാഹങ്ങള്‍ നടത്താന്‍ പാകിസ്താനിലും ചൈനയിലും ഇടനിലക്കാര്‍ ധാരാളമുണ്ട്. 40 ലക്ഷം മുതല്‍ ഒരുകോടി രൂപവരെയാണ് ഇവര്‍ ചൈനീസ് വരന്റെ പക്കല്‍ നിന്ന് കൈപ്പറ്റുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വെറും രണ്ടുലക്ഷം രൂപയോളം മാത്രമേ നല്‍കുകയുമുള്ളുവെന്നും ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പറയുന്നു.

Related News