Loading ...

Home Gulf

നിതാഖാത്ത്‌: മഞ്ഞ ചുവപ്പാകും

മനാമ:സൗദി സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ മഞ്ഞ വിഭാഗം സ്ഥാപനങ്ങളെ ചുവപ്പ് വിഭാഗത്തിലേക്കു മാറ്റുന്നു. നിതാഖാത്തില്‍ ജനുവരി 26 മുതല്‍ മഞ്ഞ വിഭാഗം സ്ഥാപനങ്ങള്‍ ഉണ്ടാകില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.സ്വകാര്യമേഖലയില്‍ സൗദിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 2011 ലാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നിതാഖാത്ത് നടപ്പാക്കിയത്. സൗദിവല്‍ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ ചുവപ്പ്, മഞ്ഞ, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ ആറു വിഭാഗങ്ങളായി തിരിച്ചു. നിശ്ചിത ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങളാണ് ചുവപ്പിലാകുന്നത്. ഇവര്‍ക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തില്‍നിന്ന് ഒരു സേവനങ്ങളും ലഭിക്കില്ല. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റും ഇഖാമയും പുതുക്കാനും സാധിക്കില്ല. നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളാണ് മഞ്ഞ വിഭാഗത്തിലും വരുന്നത്. ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പെര്‍മിറ്റും പുതുക്കാന്‍ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തിക്കാമായിരുന്നു. പുതിയ തീരുമാനം മഞ്ഞ വിഭാഗത്തിലുള്ള സ്ഥാപനങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കും.

Related News