Loading ...

Home Business

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാന്‍ നീക്കം; പരിഗണിക്കുന്നത് പ്രധാനമന്ത്രിയുടെ മണ്ഡലത്തിലേതടക്കമുള്ള വിമാനത്താവളങ്ങള്‍

ദില്ലി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാര്‍ശ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയിലെ വിമാനത്താവളമടക്കമുള്ളവയാണ് സ്വകാര്യവത്കരിക്കണമെന്ന ആവശ്യത്തിലുള്ളത്. വാരാണസിക്ക് പുറമേ ഭുബനേശ്വര്‍, ഇന്‍ഡോര്‍, റായ്‌പൂര്‍, ട്രിച്ചി എന്നീ വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കണമെന്ന് ശുപാര്‍ശയുണ്ട്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ശുപാര്‍ശ അയച്ചിരിക്കുന്നത്. രാജ്യത്താകമാനം 100 ഓളം വിമാനത്താവളങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉടമസ്ഥതയിലാണ്. ലഖ്‌നൗ, അഹമ്മദാബാദ്, ജയ്‌പൂര്‍, മംഗളുരു, തിരുവനന്തപുരം, ഗുവാഹത്തി എന്നിവയുടെ പ്രവര്‍ത്തനം, കൈകാര്യം, വികസനം തുടങ്ങിയ കാര്യങ്ങള്‍ സ്വകാര്യമേഖലയ്ക്ക് വിടാനുള്ള തീരുമാനത്തിന് പിന്നാലെയാണിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വകാര്യവത്കരിച്ച ആറ് വിമാനത്താവളങ്ങളുടെയും ചുമതല അദാനി ഗ്രൂപ്പിനാണ് ലഭിച്ചത്. എന്നാല്‍ ഇവയില്‍ മൂന്ന് വിമാനത്താവളങ്ങളുടെ ലീസ് എഗ്രിമെന്റ് മാത്രമാണ് ഇതുവരെ ഒപ്പുവച്ചിട്ടുള്ളത്. അഹമ്മദാബാദ്, ലഖ്‌നൗ, മംഗളുരു വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് കൈമാറിയത്. മറ്റ് വിമാനത്താവളങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

Related News