Loading ...

Home National

ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി ; മൂന്ന് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം

ന്യൂഡല്‍ഹി : നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. വോട്ടെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍. കാളിഗഞ്ച് സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. തൃണമൂല്‍ സ്ഥാനാര്‍ത്ഥി തപന്‍ ദേബ് സിന്‍ഹ 2304 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ കമല്‍ ചന്ദ്രസര്‍ക്കാരിനെയാണ് തപന്‍ദേബ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും സംയുക്തസ്ഥാനാര്‍ത്ഥിയായ ധിതാശ്രീ റോയി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി 56,000 വോട്ടിന്റെ ലീഡ് നേടിയിരുന്നതാണ്. ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റു മണ്ഡലങ്ങളായ കരിംപൂര്‍, ഖരഗ്പൂര്‍ സാദര്‍ എന്നിവിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. ബിജെപിയുടെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയാണ് ജനവിധിയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. മൂന്നുസീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കും. ഇതാദ്യമായാണ് ഖരഗ്പൂര്‍ സീറ്റ് പാര്‍ട്ടി പിപിടിച്ചെടുക്കാന്‍ പോകുന്നതെന്നും മമത പറഞ്ഞു. അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലെ പിത്തോര്‍ഘഡില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. എട്ടുറൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ചന്ദ്ര പാന്ത് 1856 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ അഞ്ജു ലുന്തിയാണ് എതിരാളി. ചന്ദ്രയുടെ ഭര്‍ത്താവും സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായിരുന്ന പ്രകാശ് പന്തിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് പിത്തോര്‍ഗഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Related News