Loading ...

Home sports

മെസ്സിയുടെ 700 ാം മത്സരത്തില്‍ ബാഴ്‌സിലോണയ്ക്ക് തകര്‍പ്പന്‍ ജയം

ക്യാമ്ബ് ന്യൂ: സ്പാനിഷ് ക്‌ളബ്ബ് ബാഴ്‌സിലോണയുടെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുന്ന ലിയോണേല്‍ മെസ്സി അവര്‍ക്ക് വേണ്ടി 700 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കളിയില്‍ കാറ്റാലന്‍ ക്‌ളബ്ബ് യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ക്വര്‍ട്ടറിലേക്ക്. കരിയര്‍ ഗോളുകളുടെ എണ്ണം 200 ആക്കി ലൂക്കാക്കു ഗോളടി തുടരുമ്ബോള്‍ ഇറ്റാലിയന്‍ വമ്ബന്മാരായ ഇന്ററിന് പ്രതീക്ഷ. സമനില കുരുക്കിലായ ഇംഗ്‌ളീഷ് വമ്ബന്മാരായ ലിവര്‍പൂളിനും ചെല്‍സിക്കും കാത്തിരിക്കണം. ജര്‍മ്മന്‍ ക്‌ളബ്ബ് ബോറൂഷ്യ ഡോര്‍ട്ട്മുണ്ടിനെയാണ് ബാഴ്‌സിലോണ തോല്‍പ്പിച്ചത്. ബാഴ്‌സയുടെ ജഴ്‌സിയില്‍ തന്റെ എഴുനൂറാം മത്സരം കളിച്ച മെസ്സി നിറഞ്ഞാടിയപ്പോള്‍ ലൂയി സുവാരസും അന്റോണിയോ ഗ്രീസ്മാനുമായിരുന്നു മറ്റു ഗോളുകള്‍ നേടിയത്. ഒരു ഗോള്‍ നേടിയ മെസ്സിയായിരുന്നു മറ്റു രണ്ടു ഗോളിന് വഴിയൊരുക്കിയതും. 29 ാം മിനിറ്റില്‍ ഓഫ്‌സൈഡ് കെണി പൊട്ടിച്ചായിരുന്നു മെസ്സിയുടെ പാസ് സുവാരസ് ഗോളാക്കിയത്. അടുത്ത ഊഴം ചാംപ്യന്‍സ് ലീഗില്‍ ഇതുവരെ 114 ഗോളുകള്‍ അടിച്ചു കൂട്ടിയ മെസ്സിയുടെ വകയായിരുന്നു. ഇടംകാലനടി ബോറൂഷ്യയുടെ വലയില്‍ എത്തുമ്ബോള്‍ മെസി ബാഴ്‌സയ്ക്ക് വേണ്ടി നേടിയ ഗോളുകളുടെ എണ്ണം 613 ആക്കി. പകരക്കാരനായി കളത്തിലെത്തിയ ഗ്രീസ് മാന് രണ്ടാം പകുതിയില്‍ ഗോളടിക്കാന്‍ അവസരമൊരുക്കിയതും മെസ്സിയായിരുന്നു. ഇംഗ്‌ളണ്ട് വിംഗര്‍ സാഞ്ചോയുടെ വകയായിരുന്നു ഡോര്‍ട്ട്മുണ്ടിന്റെ ഗോള്‍. മറുവശത്ത് ബെല്‍ജിയം താരം റൊമേലു ലൂക്കാക്കു തന്റെ 250 ാം കരിയര്‍ ഗോള്‍ പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ചെക്ക് ക്‌ളബ്ബ് സ്‌ളാവിയ പ്രാഗിനെയാണ് ഇറ്റാലിയന്‍ വമ്ബന്മാര്‍ ഇന്റര്‍മിലാന്‍ തോല്‍പ്പിച്ചത്. 3 - 1 നായിരുന്നു വിജയം. സീരി എ ക്‌ളബ്ബിനൊപ്പം ആദ്യ ചാംപ്യന്‍സ് ലീഗ് ഗോള്‍ ലൂക്കാക്കൂ നേടിയപ്പോള്‍ ലൂത്തെറോ മാര്‍ട്ടീനെസ് ഇരട്ടഗോള്‍ നേടി. തോമസ് സൂസെക് ആയിരുന്നു സ്‌ളാവിയയുടെ സ്‌കോറര്‍. ഇതോടെ ഗ്രൂപ്പ് എഫില്‍ ആദ്യ 16 ല്‍ എത്താനുള്ള ഇന്ററിന്റെ പ്രതീക്ഷ സജീവമായി. ബോറൂഷ്യയ്ക്കും ഇന്ററിനും ഗ്രൂപ്പില്‍ ഏഴു പോയിന്റ് വീതമുണ്ട്. അതേസമയം ഉജ്വല ഫോമില്‍ കളിക്കുന്ന ഇംഗ്‌ളീഷ് ക്‌ളബ്ബുകളായ ലിവര്‍പൂളിനും ചെല്‍സിക്കും ഇന്നലെ സമനിലയില്‍ മടങ്ങാനായിരുന്നു വിധി. ചാമ്ബ്യന്‍മാരായ ലിവര്‍പൂളിനെ ഇറ്റാലിയന്‍ ക്‌ളബ്ബ് നാപ്പോളി ഒരു ഗോളില്‍ മടക്കിയപ്പോള്‍ ചെല്‍സിയെ സ്പാനിഷ് ക്‌ളബ്ബ് വലന്‍സിയയായിരുന്നു 2-2 സമനിലയില്‍ കുടുക്കിയത്. ഇന്നലെ മെര്‍ട്ടന്‍സിന്റെ ഗോളില്‍ ആദ്യം മുന്നിലെത്തിയ നാപ്പോളിയെ രണ്ടാം പകുതിയില്‍ ലവ്‌റന്‍ നല്‍കിയ ഗോളിലാണ് ലിവര്‍പൂള്‍ രക്ഷപ്പെട്ടത്. ഇതോടെ അവസാന മത്സരത്തില്‍ റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെ തോല്‍പ്പിച്ചാലേ ലിവര്‍പൂളിന് പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാനാകു. സോളറിന്റെ ഗോളില്‍ ആദ്യം മുന്നിലെത്തിയ വലന്‍സിയയെ കോവാസികിന്റെ ഗോളിലാണ് ചെല്‍സി ആദ്യം വരിഞ്ഞു കെട്ടിയത്. എന്നാല്‍ പിന്നാലെ പുലിസിച്ച്‌ നല്‍കിയ മുന്‍തൂക്കം മുതലാക്കാന്‍ അവര്‍ക്കായില്ല. 82 ാം മിനിറ്റില്‍ വാസിലൂടെ വലന്‍സിയ മറുപടി പറഞ്ഞു. അതേസമയം ഗോളി മാത്രം മുന്നില്‍ നില്‍ക്കേ മാക്‌സി ഗോമസ് രണ്ട് അവസരം തുലച്ചപ്പോള്‍ വലന്‍സിയ ആരാധകര്‍ തലയില്‍ കൈവെച്ചു പോയി. ഫ്രഞ്ച് ക്‌ളബ്ബ് ലില്ലിയെ ഡച്ച്‌ ചാംപ്യന്മാരായ അജാക്‌സ് ആംസ്റ്റര്‍ഡാം ഏകപക്ഷീയമായ രണ്ടു ഗോളിന് തോല്‍പ്പിച്ചതോടെ ഗ്രൂപ്പ് എച്ചിലെ കാര്യങ്ങള്‍ പ്രവചനാതീതമായി. 10 പോയിന്റുള്ള അജാക്‌സിന് പിന്നില്‍ വലന്‍സിയയും ചെല്‍സിയും എട്ടു പോയിന്റുകളുമായി നില്‍ക്കുകയാണ്.

Related News