Loading ...

Home National

രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍; ഉത്തരമില്ലാതെ ധനമന്ത്രി; പ്രതിഷേധിച്ച്‌ പ്രതിപക്ഷം

കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ്‌ രാജ്യം നേരിടുന്നതെന്നും പരിഹാരനടപടികളിലേക്ക്‌ കേന്ദ്രം കടക്കുന്നില്ലെന്നും രാജ്യസഭയില്‍ പ്രതിപക്ഷം. നേരിയ ഇടിവ്‌ മാത്രമേയുള്ളൂവെന്നും മാന്ദ്യമില്ലെന്നും അവകാശപ്പെട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍. തൊഴിലില്ലായ്‌മ, വിലക്കയറ്റം, തൊഴില്‍നഷ്ടം തുടങ്ങിയവയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍നിന്ന്‌ കൃത്യമായ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക്‌ ജിഎസ്‌ടി നഷ്ടപരിഹാരം നല്‍കാത്തതിനും വിശദീകരണമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച്‌ സാമ്ബത്തികസ്ഥിതി ചര്‍ച്ചയില്‍നിന്ന്‌ ഇടതുപക്ഷം ഇറങ്ങിപ്പോയി. മന്ത്രിയുടെ മറുപടി തൃപ്‌തികരമല്ലെന്ന്‌ ചൂണ്ടിക്കാട്ടി മറ്റ്‌ പ്രതിപക്ഷ പാര്‍ടികളും സഭ ബഹിഷ്‌കരിച്ചു. കോര്‍പറേറ്റുകള്‍ക്ക്‌ കേന്ദ്രം ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയതിന്റെ കണക്കുകള്‍ പ്രതിപക്ഷാം​ഗങ്ങള്‍ സഭയില്‍ വിവരിച്ചു. കറന്‍സി പിന്‍വലിക്കലും തിരക്കിട്ടുള്ള ജിഎസ്‌ടി നടപ്പാക്കലും പ്രതിസന്ധി രൂക്ഷമാക്കി. ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന്‌ കേന്ദ്രത്തിന്‌ മാറിനില്‍ക്കാനാകില്ല- പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കും പൊതുമേഖലാ വിറ്റഴിക്കലിനും തുടക്കമിട്ട കോണ്‍ഗ്രസിന്റെ അം​ഗങ്ങളും ​കേന്ദ്രത്തെ വിമര്‍ശിച്ച്‌ രംഗത്തുവന്നത്‌ കൗതുകകരമായി. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍പോലും വിറ്റഴിക്കുകയാണെന്ന്‌ കോണ്‍ഗ്രസ്‌ അംഗങ്ങളായ ആനന്ദ്‌ ശര്‍മ, ജയ്‌റാം രമേശ്‌ തുടങ്ങിയവര്‍ പറഞ്ഞു. തൊഴിലില്ലായ്‌മ എട്ട്‌ ശതമാനമായി. ഇത്‌ മൂന്ന്‌ ശതമനത്തില്‍ നില്‍ക്കേണ്ടതാണ്‌. അസമത്വം ഭയപ്പെടുത്തുംവിധം രൂക്ഷമാണ്‌. സ്വകാര്യനിക്ഷേപം കുത്തനെ ഇടിഞ്ഞു. കറന്‍സി പിന്‍വലിക്കല്‍ നടപടിയാല്‍ ജിഡിപിയുടെ 40 ശതമാനവും ആകെ തൊഴിലിന്റെ 90 ശതമാനവും സംഭാവനചെയ്യുന്ന അസംഘടിതമേഖല പൂര്‍ണമായും തകര്‍ന്നു. പ്രതിസന്ധി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ പരിഹാരങ്ങളിലേക്ക്‌ കടക്കാനാകൂ. ജിഎസ്‌ടി എന്ന ആശയത്തോട്‌ എതിരല്ല. എന്നാല്‍, തിരക്കിട്ടുള്ള നടപ്പാക്കല്‍ പല വ്യവസായ സംരംഭങ്ങളെയും ബാധിച്ചു. വിദേശനിക്ഷേപത്തെമാത്രം ആശ്രയിക്കാതെ ആഭ്യന്തരനിക്ഷേപം വര്‍ധിപ്പിക്കുന്നതിന്‌ നടപടികളുണ്ടാകണം. തീവ്രസ്വകാര്യവല്‍ക്കരണത്തിലേക്ക്‌ സര്‍ക്കാര്‍ കടന്നിരിക്കയാണ്‌. നവരത്‌ന, മഹാരത്‌ന കമ്ബനികള്‍പോലും വില്‍ക്കുകയാണ്‌. ഇത്‌ തെറ്റായ നടപടിയാണ്‌- പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വളര്‍ച്ചയിലെ ഇടിവ്‌ താല്‍ക്കാലികംമാത്രമാണെന്ന നിലപാടാണ്‌ ചര്‍ച്ചയില്‍ ഭരണപക്ഷവും ധനമന്ത്രിയും സ്വീകരിച്ചത്‌. പ്രതിപക്ഷത്തിന്റേത്‌ അനാവശ്യമായ ഭീതി സൃഷ്ടിക്കലാണെന്നും നിര്‍മല അവകാശപ്പെട്ടു.

Related News