Loading ...

Home Europe

ലേബര്‍ പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്ന യഹൂദ പുരോഹിത മേധാവിയെ പിന്തുണച്ച്‌ ബ്രിട്ടനിലെ ഹിന്ദു-മുസ്ലിം കൗണ്‍സിലുകളും കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പും

ലണ്ടന്‍: ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ സെമിറ്റിക് വിരുദ്ധ നിലപാടിനെ എതിര്‍ത്ത യഹൂദ പുരോഹിത മേധാവി അഥവാ ചീഫ് റാബിയായ എഫ്രെയിം മിര്‍വിസിനെ പിന്തുണച്ച്‌ കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പിനൊപ്പം ബ്രിട്ടനിലെ ഹിന്ദു-മുസ്ലിം കൗണ്‍സിലുകളും രംഗത്തെത്തി. ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയായാല്‍ യഹൂദരെ പോലെ ഹിന്ദുക്കളും സുരക്ഷിതരാവില്ലെന്നാണ് ഹിന്ദുനേതാവ് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതോടെ ടോറി നേതാവും പ്രധാനമന്ത്രിയുമായ ബോറിസിനെ തേടി മതന്യൂനപക്ഷ പിന്തുണയും അനുദിനം വര്‍ധിച്ച്‌ വരുകയാണ്. ഡിസംബര്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലേബറിന്റെ ആന്റി സെമിറ്റിസം കാഴ്ചപ്പാടിനെതിരെ ഇന്നലെയായിരുന്നു മിര്‍വിസ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്. ജെമറി കോര്‍ബിന്‍ നമ്ബര്‍ പത്തില്‍ പ്രധാനമന്ത്രിയായി എത്തുമോയെന്ന കടുത്ത ആശങ്കയിലാണ് ഇപ്പോള്‍ ബ്രിട്ടനിലെ ഭൂരിപക്ഷം യഹൂദന്മാരുമെന്നായിരുന്നു മിര്‍വിസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നത്. കോര്‍ബിന്‍ പുലര്‍ത്തി വരുന്ന സെമിറ്റിക് വിരുദ്ധ നിലപാടിനെ മിര്‍വിസ് തുറന്നെതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം നിലപാട് പുലര്‍ത്തുന്ന ലേബറിന് തങ്ങള്‍ സമത്വും വൈവിധ്യവും വംശീയവിരുദ്ധതയും ഉറപ്പാക്കുന്ന പാര്‍ട്ടിയാണെന്ന് ഇനി അവകാശപ്പെടാന്‍ സാധിക്കില്ലെന്നും മിര്‍വിസ് ഇന്നലെ തുറന്നടിച്ചിരുന്നു. അതിനാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വളരെ കരുതി വോട്ടവകാശം വിനിയോഗിക്കണമെന്നും മിര്‍വിസ് വോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ബ്രിട്ടനിലെ യഹൂദന്മാര്‍ നിലവില്‍ നേരിടുന്ന സുരക്ഷിതത്വക്കുറവും ഭയവും നിഴലിക്കുന്നതാണ് മിര്‍വിസിന്റെ വാക്കുകളെന്നാണ് അദ്ദേഹത്തെ പിന്തുണച്ച്‌ കൊണ്ട് കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ഇന്നലെ പ്രതികരിച്ചത്. യഹൂദവിരുദ്ധ നിലപാട് പോലെ ഹിന്ദുക്കളെയും അടിച്ചമര്‍ത്തുന്നതായിരിക്കും ലേബര്‍ സര്‍ക്കാരെന്നാണ് ഹിന്ദു കൗണ്‍സില്‍ മിര്‍വസിനെ പിന്തുണച്ച്‌കൊണ്ട് പ്രതികരിച്ചിരിക്കുന്നത്. ബ്രിട്ടനിലെ പുരോഗമന കക്ഷിയും സോഷ്യലിസ്റ്റ് ശബ്ദമുയര്‍ത്തുന്നതുമായ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷിയായ ലേബര്‍ പാര്‍ട്ടി നിലവില്‍ ഫാസിസ്റ്റ് ആശയം പുലര്‍ത്തുന്ന പാര്‍ട്ടിയായി അധപതിച്ചിരിക്കുന്നുവെന്നാണ് ഹിന്ദു കൗണ്‍സിലിന്റെ സ്ഥാപകാംഗമായ അനില്‍ ബാണറ്റ് മിര്‍വിസിനെ പിന്തുണച്ച്‌ കൊണ്ടെഴുതിയ കത്തില്‍ ആരോപിച്ചിരിക്കുന്നത്. ലേബര്‍ സമീപകാലത്ത് യഹൂദ-ഹിന്ദു വിരുദ്ധ നിലപാടുകള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും അനില്‍ ഇതില്‍ എടുത്ത്കാട്ടുന്നുണ്ട്. ബ്രിട്ടീഷ് യഹൂദന്മാര്‍ ഇന്ന് അനുഭവിക്കുന്ന യഥാര്‍ത്ഥ ഭയത്തെ എടുത്ത് കാട്ടുന്നതാണ് മിര്‍വിസിന്റെ വാക്കുകളെന്നാണ് ബ്രിട്ടീഷ് മുസ്ലിം കൗണ്‍സില്‍ ഇന്നലെ പ്രതികരിച്ചിരിക്കുന്നത്. മിര്‍വിസിന്റെ നിരീക്ഷണങ്ങളോട് തങ്ങള്‍ യോജിക്കുന്നുവെന്നും രാജ്യത്ത് വളര്‍ന്ന് വരുന്ന ഫാസിസ്റ്റ് പ്രവണതക്കെതിരെ ചില രാഷ്ട്രീയക്കാര്‍ മാത്രമാണ് പ്രതികരിക്കുന്നതെന്നും മറ്റുള്ളവര്‍ മൗനം പാലിക്കുന്നുവെന്നും ബ്രിട്ടീഷ് മുസ്ലിം കൗണ്‍സില്‍ ആരോപിക്കുന്നു.എന്നാല്‍ ഇത് കോര്‍ബിനെ കരിവാരിത്തേക്കാനുള്ള ആരോപണങ്ങളാണെന്നും അദ്ദേഹം ആന്റി സെമിറ്റിസത്തിനെതിരെ നിലകൊള്ളുന്ന വ്യക്തിയാണെന്നുമാണ് ലേബര്‍ വക്താവ് പ്രതികരിച്ചിരിക്കുന്നത്.



Related News