Loading ...

Home cinema

സിനിമ കാണാന്‍ ഓടണം

ഇന്ത്യയുടെ അമ്ബതാം രാജ്യാന്തരചലച്ചിത്രോത്സവത്തിന് ഗോവയില്‍ തുടക്കമായപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഡെലിഗേറ്റുകള്‍ നെട്ടോട്ടത്തില്‍. ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് സിനിമകാണാനുള്ള അവസരം കുറഞ്ഞെന്ന പരാതി ആദ്യദിനത്തില്‍ത്തന്നെ ഉയര്‍ന്നു. അധികമായി മൂന്ന് പ്രദര്‍ശനകേന്ദ്രം ഒരുക്കിയെങ്കിലും അവ മേളയുടെ പ്രധാനവേദിയില്‍നിന്ന്‌ എട്ടുകിലോമീറ്റര്‍ അകലെ. അവിടേക്ക് പ്രത്യേകവാഹനം സംഘാടകര്‍ ഒരുക്കിയിട്ടില്ല. പ്രദര്‍ശനത്തില്‍ കഴിഞ്ഞതവണത്തെ നിരവധി സേവനങ്ങള്‍ ഇപ്പോള്‍ വെട്ടിക്കുറച്ചു. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാതെ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് അവസാന മിനിറ്റുകളില്‍ ക്യൂനിന്ന് കയറാനുള്ള റഷ് ക്യൂ സംവിധാനം ഇത്തവണ ഇല്ല. പകരം അധികമുള്ള ടിക്കറ്റിനായി അവസാനനിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓടണം. പ്രദര്‍ശന വേദികളില്‍നിന്ന്‌ അകലെയാണ് ടിക്കറ്റ് എടുക്കാനുള്ള കൗണ്ടര്‍. പ്രേക്ഷകരുടെ സംശയങ്ങള്‍ തീര്‍ക്കാനുള്ള കൗണ്ടറുകളുടെ പ്രവര്‍ത്തനവും സജീവമല്ലെന്ന് മേളയ്ക്ക് എത്തിയ മലയാളി ഡെലിഗേറ്റുകള്‍ പറയുന്നു. ബോളിവുഡ് നടീനടന്മാര്‍ ആഘോഷപൂര്‍വം സ്വീകരിക്കപ്പെടുമ്ബോള്‍ മറ്റ് ഭാഷാചിത്രങ്ങളിലെ പ്രമുഖ സംവിധായകന്‍ പോലും അവഗണിക്കപ്പെടുന്നതായി പരാതി ഉയരുന്നു. ഗുജറാത്തി ചിത്രം ഹെല്ലാരോയുടെ പ്രദര്‍ശനത്തോടെ മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിന് തുടക്കമായി. മനോജ് കാനയുടെ കെഞ്ചിര ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. പണിയ ഭാഷയില്‍ ചിത്രീകരിച്ച സിനിമയില്‍ ആദിവാസികളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ജല്ലിക്കട്ട്, ഉയരെ, കോളാമ്ബി തുടങ്ങിയ മലയാളചിത്രങ്ങളും പനോരമയില്‍ പ്രദര്‍ശിപ്പിക്കും. ജല്ലിക്കട്ട് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളിയായ അനന്ത് നാരായണ്‍ മഹാദേവന്റെ മറാത്തി ചിത്രം 'മായി ഘട്ടും' പനോരമയിലുണ്ട്‌. ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ, നൊവിന്‍ വാസുദേവന്റെ ഇരുളിലും പകലിലും ഒടിയന്‍ എന്നിവ പനോരമയിലെ കഥേതരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. നവാഗത ചിത്രങ്ങളുടെ മത്സരവിഭാഗത്തില്‍ 7 ചിത്രങ്ങള്‍ മത്സരിക്കുന്നു. മനു അശോകന്‍ സംവിധാനംചെയ്ത ഉയരെ ഈ വിഭാഗത്തിലുണ്ട്‌. അടുത്തിടെ അന്തരിച്ച ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന് മേള ആദരവര്‍പ്പിക്കും. അനുസ്മരണത്തിന്റെഭാഗമായി ഡോ. ബിജു സംവിധാനംചെയ്ത് എം ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ച വെയില്‍മരങ്ങള്‍ പ്രദര്‍ശിപ്പിക്കും. മൃണാള്‍ സെന്‍, ബര്‍ണാര്‍ഡോ ബര്‍ട്ടലൂച്ചി, ഗിരീഷ് കര്‍ണാട് എന്നിവര്‍ക്കും മേള ആദരവര്‍പ്പിക്കും. സംഗീതകാരന്‍ ഇളയരാജ, സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍കര്‍ എന്നിവരുടെ മാസ്റ്റര്‍ ക്ലാസുകളും ഉണ്ടാകും.

Related News