Loading ...

Home Gulf

കേരളത്തിന്റെ വികസനത്തില്‍ പ്രവാസികള്‍ പങ്കാളികളാകണം: ഇ ശ്രീധരന്‍

ദുബായ് : രണ്ടുപ്രളയങ്ങളെ അതിജീവിക്കുവാന്‍ മലയാളിക്ക്‌ സാധിച്ചത്‌ കൂട്ടായ സഹകരണം കൊണ്ടാണെന്നും കേരളത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്കാളിത്തവും സഹകരണവും വലിയ തോതില്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഇ ശ്രീധരന്‍ ദുബായില്‍ പറഞ്ഞു. ബിസിനസ് കൂട്ടായ്മയായ ഐപിഎ സംഘടിപ്പിച്ച "ഇന്‍ഡപ്ത്ത് വിത്ത് മെട്രോമാന്‍ ശ്രീധരന്‍' എന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തില്‍ ഐപിഎ പോലെയുള്ള കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്നും, സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടപ്പിലാക്കുന്നതിന് അപ്പുറത്തുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സവിശേഷമായ ജോലി സംസ്കാരം കേരളത്തിലെ ജനങ്ങള്‍ സ്വായത്തമാക്കേണ്ടതുണ്ട്. ഇതിനായി കൃത്യത, സമഗ്രത, പ്രൊഫഷണല്‍ മികവ്, ഉത്തരവാദിത്തം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍വര്‍ത്തിക്കണം. പദ്ധതികള്‍ നടപ്പിലാക്കുമ്ബോള്‍ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ അവബോധക്കുറവ്‌ പല പദ്ധതികളേയും ബാധിക്കുന്നുണ്ട്. ഇത് തിരുത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണം. മാലിന്യനിര്‍മാര്‍ജന രംഗത്ത് കേരളം കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ ഖാസിമി ഐപിഎക്കു വേണ്ടി ആഗോള മലയാളി ഉല്‍പ്രേരക അവാര്‍ഡ് നല്‍കി ഇ ശ്രീധരനെ ആദരിച്ചു. ഐപിഎല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തിന് അംഗീകാരപത്രവും നല്‍കി. വാണിജ്യ രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ യുഎഇയിലെ സംരംഭകരായ ഡോ. പി ഇബ്രാഹിം ഹാജി, ഡോ. സി പി അലിബാബ ഹാജി, ഡോ. മുഹമ്മദ് കാസിം, മുരളീധരന്‍, ജോണ്‍സണ്‍ മാഞ്ഞൂരാന്‍, സി മുഹമ്മദ് എടപ്പാള്‍, എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഷംസുദ്ദീന്‍ നെല്ലറ അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ്, ഷംലാല്‍ അഹമ്മദ്, ഷംസുദ്ദീന്‍ മുഹിയദ്ദീന്‍, എ കെ ഫൈസല്‍, കെ ജി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഐപിഐയുടെ സുവനീറും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.

Related News