Loading ...

Home Kerala

കേന്ദ്രത്തിന്റെ എതിര്‍പ്പ്‌ വിലപ്പോയില്ല; എച്ച്‌എന്‍എല്‍ ഇനി കേരള സര്‍ക്കാരിന്‌

കോട്ടയം : വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്‌(എച്ച്‌എന്‍എല്‍) സംസ്ഥാന സര്‍ക്കാരിന്‌ കൈമാറണമെന്ന്‌ നാഷണല്‍ കമ്ബനി ലോ ട്രിബ്യൂണല്‍. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ്‌ തള്ളിയ ട്രിബ്യൂണല്‍, ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനില്‍ എച്ച്‌എന്‍എല്ലിനുള്ള മുഴുവന്‍ ഓഹരികളും കേരളസര്‍ക്കാരിന്‌ കൈമാറാന്‍ ഉത്തരവിട്ടു. ഓഹരിമൂല്യമായ 25 കോടി രൂപ 90 ദിവസത്തിനകം സര്‍ക്കാര്‍ ട്രിബ്യൂണലില്‍ കെട്ടിവയ്‌ക്കണം. ഈ തുക വിനിയോഗിച്ച്‌ ലിക്വിഡേറ്റര്‍ ബാങ്കുകളുടെ കടബാധ്യത തീര്‍ക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാരും വ്യവസായവകുപ്പും നടത്തിയ ശക്തമായ ഇടപെടലാണ്‌ എച്ച്‌എന്‍എല്‍ സംസ്ഥാനത്തിന്‌ കിട്ടുന്നതിലേക്ക്‌ നയിച്ചത്‌. പൂട്ടിക്കിടക്കുന്ന കമ്ബനിയുടെ ഓഹരികള്‍ 25 കോടിക്ക്‌ വാങ്ങാന്‍ തയ്യാറാണെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം ട്രിബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച ഈ പൊതുമേഖലാ സ്ഥാപനത്തിന്‌ ഇതോടെ പുതുജീവന്‍ വയ്‌ക്കും. എച്ച്‌എന്‍എല്‍ കേരളത്തിന്‌ കൈമാറണമെന്ന ലിക്വഡേറ്ററുടെ നിര്‍ദേശത്തെ കേന്ദ്ര ഘനവ്യവസായ മന്ത്രാലയം എതിര്‍ത്തു. എന്നാല്‍ കേരളത്തിനേക്കാള്‍ മികച്ച പാക്കേജ്‌ നല്‍കാന്‍ ട്രിബ്യൂണല്‍ ആവശ്യം നടപ്പാക്കാനായില്ല. ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ ഹാജരാക്കിയ 25 കോടിയുടെ പാക്കേജിന്‌ ട്രിബ്യൂണല്‍ അംഗീകാരം നല്‍കുകയായിരുന്നു. വ്യവസായ വകുപ്പിന്‌ കീഴിലുള്ള റിയാബ്‌(പൊതുമേഖലാ നവീകരണ ആഭ്യന്തര ഓഡിറ്റ് വിഭാഗം) ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍ എച്ച്‌പിസി ലിക്വിഡേറ്റര്‍ കുല്‍ദീപ് വര്‍മയുമായി കൊല്‍ക്കത്തയില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ ധാരണയിലെത്തിയത്‌. ട്രിബ്യൂണലില്‍ കേസ്‌ ഫയല്‍ ചെയ്‌ത എസ്‌ബിടി, കാനറാ ബാങ്ക്‌, വിജയ ബാങ്ക്‌ പ്രതിനിധികളടക്കം ധാരണ അംഗീകരിച്ചു.

Related News