Loading ...

Home Europe

എതിര്‍പ്പുകള്‍ വിലപ്പോയില്ല; മഹാത്മാഗാന്ധിക്ക് സ്മാരകം ഒരുക്കി മാഞ്ചസ്റ്ററും

ലണ്ടന്‍: മാഞ്ചസ്റ്ററില്‍ പുതുതായി സ്ഥാപിക്കപ്പെട്ട മഹാത്മാഗാന്ധിയുടെ പ്രതിമ കാണാന്‍ സന്ദര്‍ശകര പ്രവാഹം. നിരവധി എതിര്‍പ്പുകളെ അതിജീവിച്ചാണ് ഇവിടെ ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തില്‍ പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ശില്‍പം കാണാന്‍ നിരവധി പേര്‍ എത്തുന്നത് കണ്ട് സായിപ്പന്മാര്‍ അമ്ബരന്നിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ കത്തീഡ്രലിന് പുറത്ത് ഇന്നലെയാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തിരിക്കുന്നത്. 2019ല്‍ ഗാന്ധിജിയുടെ 150ാം പിറന്നാള്‍ വര്‍ഷം ആഘോഷിക്കുന്നത് പ്രമാണിച്ചാണ് ഇവിടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന സ്പിരിച്വല്‍ മൂവ്മെന്റായ ശ്രീമദ് രാജ്ചന്ദ്ര മിഷന്‍ ധറംപൂര്‍ (എസ്‌ആര്‍എംഡി) മുന്‍കൈയെടുത്താണീ ശില്‍പം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായ ആന്‍ഡി ബേണ്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ നേതാവായ സര്‍ റിച്ചാര്‍ഡ് ലീസ്, മാഞ്ചസ്റ്ററിലെ ബിഷപ്പായ റൈറ്റ് റവറന്റ് ഡോ. ഡേവിഡ് വാക്കര്‍, ശ്രീമദ് രാജ്ചന്ദ്ര മിഷന്‍ ധറംപൂര്‍ സ്ഥാപകനായ പൂജ്യ ഗുരുദേവര്‍ഷി രാകേഷ് ഭായ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഒമ്ബതടി ഉയരവും 800കിലോഗ്രാം ഭാരവുമുള്ള ശില്‍പം നിര്‍മ്മിച്ചിരിക്കുന്ന പ്രമുഖ ഇന്ത്യന്‍ ശില്‍പിയായ രാം വി സുത്താറാണ്. നഗരത്തിലെ മിഡീവിയല്‍ ക്വാര്‍ട്ടറില്‍ തങ്ങളുടെ പിതാമഹനായ ബാന്‍ജി ഖാന്‍ജി കമാനിയുടെ ഓര്‍മയ്ക്കായി ഈ പ്രതിമ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് കമാനി കുടുംബമാണ്.മാഞ്ചസ്റ്റര്‍ സിറ്റികൗണ്‍സില്‍, മാഞ്ചസ്റ്റര്‍ ഇന്ത്യ പാര്‍ട്ണര്‍ഷിപ്പ്, ഹൈകമ്മീഷന്‍ ഓഫ് ഇന്ത്യ തുടങ്ങിവയുടെ സഹകരണവും പ്രതിമ നിര്‍മ്മാണത്തിനുണ്ടായിരുന്നു. ഇന്ത്യക്ക് വെളിയിലുള്ളതും ഏറ്റവും ഉയരം കൂടിയതുമായ ഗാന്ധി പ്രതിമകളിലൊന്നാണിത്. ഇന്ത്യന്‍ ഗവണ്‍മെന്‍രിലെ പ്രമുഖരും ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഒഫീഷ്യലുകളും പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരില്‍ പെടുന്നു. മതആചാര്യമാരും വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിനെത്തിയിരുന്നു.ഗാന്ധിജിയുടെ സന്ദേശങ്ങള്‍ക്ക് ഇന്നും ആഗോളതലത്തിലുള്ള സ്വാധീനവും ശക്തിയും ആഘോഷിക്കപ്പെടുന്നത് സ്ഥിരീകരിച്ചിരിക്കുകയാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തതിലൂടെയെന്നാണ് എസ്‌ആര്‍എംഡിയുടെ വക്താവ് പറയുന്നത്. ലോകമെമ്ബാടുമുള്ള രാഷ്ട്രീയവും ജനാധിപത്യവും ഗാന്ധിജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കണം മുന്നോട്ട് പോകുന്നതെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നതാണ് മാഞ്ചസ്റ്ററിലെ ഗാന്ധി പ്രതിമയെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. സമാധാനപരമായ പ്രതിഷേധത്തിന്റെ അപ്പോസ്തലനായ ഗാന്ധിക്ക് ഉചിതമായ സ്മാരമാണീ പ്രതിമയെന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ ലനേതാവായ സര്‍ റിച്ചാര്‍ഡ് ലീസ് പറഞ്ഞത്.

Related News