Loading ...

Home International

പതിനായിരത്തിലധികം ആടുകളുമായി കപ്പല്‍ മറിഞ്ഞു

പതിനായിരത്തിലധികം ആടുകളുമായി പോവുകയായിരുന്ന ചരക്കു കപ്പല്‍ റൊമാനിയ തീരത്തുവെച്ച്‌ മറിഞ്ഞു. മൃഗങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കരിങ്കടല്‍ തീരത്തെ തെക്ക്-കിഴക്കന്‍ നഗരമായ കോണ്‍സ്റ്റാനിയയ്ക്ക് സമീപമുള്ള മിഡിയ തുറമുഖം വിട്ട് പോകുമ്ബോഴാണ് ക്യൂന്‍ ഹിന്ദ്‌ എന്ന പേരുള്ള കപ്പല്‍ അപകടത്തില്‍ പെട്ടത്. സിറിയന്‍ പൗരന്മായ 22 ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്തി. പോലീസും അഗ്നിശമന സേനാംഗങ്ങളും റൊമാനിയന്‍ തീരസംരക്ഷണ സേനയും ഉള്‍പ്പടെയുള്ള സംയുക്ത സേനയാണ് ആടുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. കപ്പലിനു സമീപത്തുകൂടെ നീന്തുന്നതായി കണ്ടെത്തിയ 32 ആടുകളെ സുരക്ഷാ സേന രക്ഷപ്പെടുത്തി. കൂടുതല്‍ ആടുകള്‍ മുങ്ങിമരിച്ചിട്ടുണ്ടാകാം എന്ന് കരുതുന്നു. ഇതിനകംതന്നെ കുറച്ചു ആടുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് കോണ്‍സ്റ്റാനിയയിലെ അടിയന്തര സേവനങ്ങളുടെ വക്താവ് സ്റ്റോയിക്ക അനാമരിയ പറഞ്ഞു. രാത്രി വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്കരമായതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇന്നു പുലര്‍ച്ചെമുതല്‍ രക്ഷാ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സംയുക്ത സുരക്ഷാ സേന അറിയിച്ചിരുന്നു. അതേസമയം, ഒരു ക്രൂ അംഗത്തെ ഹൈപ്പര്‍തെര്‍മിയ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം കടലില്‍ വീണിരുന്നുവെന്നും ബാക്കി എല്ലാവരും ഹാര്‍ബറില്‍തന്നെ സുരക്ഷിതരാണെന്നും അനാമരിയ പറഞ്ഞു. കപ്പല്‍ മറിയാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ആടുകളെ രക്ഷപ്പെടുത്തുന്നതിനും കപ്പല്‍ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചതിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് നവംബര്‍ 23-നാണ് ക്യൂന്‍ ഹിന്ദ്‌ മിഡിയ തുറമുഖത്ത് എത്തിയതെന്ന് റൊമാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുറമുഖത്തുനിന്ന് ഏതാനും മീറ്ററുകള്‍ അകലെവെച്ചാണ് കപ്പല്‍ മരിഞ്ഞതെന്നു ദൃശ്യങ്ങളില്‍ കാണാം. അടുത്തുള്ള വ്യാവസായിക പെട്രോകെമിക്കല്‍ ശാലകളിലേക്ക് അസംസ്കൃത എണ്ണ വിതരണം ചെയ്യുന്നതിനാണ് ഈ തുറമുഖം പ്രധാനമായും ഉപയോഗിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കന്നുകാലികളെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റൊമാനിയ. വലിയ ചരക്കുകപ്പലുകളില്‍ മൃഗങ്ങളെ കയറ്റിഅയക്കുന്നതിനും ഈ തുറമുഖമാണ് ഉപയോഗിക്കുന്നത്. അതിനിടെ, ക്യൂന്‍ ഹിന്ദ്‌ അട്ടിമറിക്കപ്പെട്ടതാണെന്നും അടിയന്തര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റൊമാനിയയിലെ കന്നുകാലി വളര്‍ത്തുന്നവരുടെ സംഘടനയും മൃഗസംരക്ഷണ പ്രവര്‍ത്തകരും രംഗത്തെത്തി.

Related News